Latest News

ബെന്നിച്ചേട്ടനെ അവസാനമായി ഒന്നു കാണാം, വിടചൊല്ലാം! യുകെയിലെ മലയാളം ഇന്ന് നോട്ടിങ്ഹാമിലേക്ക് ഒഴുകും, ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നോട്ടിങ്ഹാം അര്‍നോള്‍ഡ് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ തുടങ്ങും

2017-09-08 01:46:51am |

നോട്ടിങ്ഹാം: എം1 മോട്ടോര്‍വേ അപകടത്തില്‍ കൊല്ലപ്പെട്ട നോട്ടിങ്ഹാമില്‍ താമസിക്കുന്ന സിറിയക് ജോസഫിന് (ബെന്നിച്ചേട്ടന്‍) ഇന്ന് യുകെയിലെ മലയാളി സമൂഹം അന്ത്യാഞ്ജലി അര്‍പ്പിക്കും. നോട്ടിങ്ഹാം അര്‍നോള്‍ഡ് ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ഇടവക ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍  യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ എത്തിച്ചേരും.

പള്ളിയുടെ വിലാസം:

3, Thackeray's Lane
NG5 4HT
Nottingham

ഉച്ചകഴിഞ്ഞ് കൃത്യം രണ്ടു മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി ശുശ്രൂഷകള്‍ ആരംഭിക്കും. കുര്‍ബാനയ്ക്കും മറ്റു പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും ശേഷം ബെന്നിയുടെ മൃതദേഹം കാണുന്നതിനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും സൗകര്യം ഉണ്ടായിരിക്കും. ബുധനാഴ്ചയോടെ ഫ്യൂണറല്‍ ഡയറക്ടേഷ്‌സിന് കൈമാറിയ ബെന്നിയുടെ മൃതദേഹം നോട്ടിങ്ഹാമിലുള്ള ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡ് വേഗത്തിലാണ് അധികൃതര്‍ കൈമാറിയത്. മൃതദേഹം ഞായറാഴ്ച നാട്ടിലേക്കു കൊണ്ടു പോകും.

തുടര്‍ന്നു മൃതദേഹം സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം അദ്ദേഹത്തിന്റെ മാതൃഇടവകയായ കോട്ടയം ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ തിങ്കളാഴ്ച സംസ്‌കരിക്കും. യുകെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പൊലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. ദുരന്തത്തില്‍ മരിച്ചവ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച നടക്കുന്ന അന്തിമോചാരത്തിനും പൊതുദര്‍ശനത്തിനും ശേഷം ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് പ്രാരംഭപ്രാര്‍ഥനകളോടെ ചേര്‍പ്പുങ്കല്‍ ഇടവകയിലെ വീട്ടില്‍ വച്ചു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ഥനകള്‍ക്കു ശേഷം മൃതദേഹം പള്ളിസെമിത്തേരിയില്‍ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെന്നീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും. നോട്ടിങ്ഹാമിന്റെ മതസാമൂഹികസംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ബെന്നയോടുള്ള ആദരസൂചകമായി നോട്ടിങ്ഹാം രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, ബെന്നിയുടെ സുഹൃത്തുക്കളായ അഡ്വ. ജോബി പുതുകുളങ്ങര, ഷോയിമോനും കുടുംബവും ഉള്‍പ്പെടെ നാട്ടിലെത്തി മൃതസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.

എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വീസ് നടത്തിക്കൊണ്ടിരുന്നതങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍നിന്ന് നോട്ടിങ്ഹാമില്‍ നിന്ന് ലണ്ടനിലേക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായതും ബെന്നിക്കും ഏഴു സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടമായതും.