Latest News

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് നാട്ടിലെത്തി മണ്ണിനെ ചികിത്സിച്ചു സ്വര്‍ഗമാക്കിയ കര്‍ഷകസ്ത്രീയുടെ കഥ! അന്നമ്മ മണ്ണില്‍ നൂറു മേനി വിളയിച്ച പൊന്നമ്മ

2017-09-09 02:06:37am |

ദീര്‍ഘമായ പ്രവാസജീവിതത്തിനിടയിലും അന്നമ്മ ട്രൂബ് എന്ന നഴ്സിന്റെ മനസ്സിൽനിന്ന് മലയാളവും കേരളവും തെല്ലും മാഞ്ഞുപോയില്ല. പഠനവും ജോലിയുമായി കൗമാരകാലത്തുതന്നെ കേരളം വിട്ടതാണ്. നാൽപതു വര്‍ഷമായി സ്വിറ്റ്സർലൻഡിൽ ജീവിതം. സ്വിസ് പത്രപ്രവർത്തകൻ ഹാനസ് ട്രൂബിനെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കിയെങ്കിലും കോട്ടയം പങ്ങട വയലുങ്കൽ അന്നമ്മ, ജനിച്ചുവളർന്ന നാട്ടിൽ ഒരു കൃഷിയിടം വാങ്ങി കേരളത്തോടു ചേർന്നുനിൽക്കാൻ എന്നും ഇഷ്ടപ്പെട്ടു. കോട്ടയം ജില്ലയിലെ മികച്ച ജൈവകൃഷിയിടങ്ങളിലൊന്നാണ് അന്നമ്മ ട്രൂബിന്റെ ആൻസ് ഓർഗാനിക് ഫാം.

പതിനൊന്നു വർഷം മുമ്പ് പങ്ങടയിൽ നാലരയേക്കർ പുരയിടം വാങ്ങുമ്പോൾ ഒരേക്കറിൽ റബറും ബാക്കിയിടത്തു മഹാഗണി മരങ്ങളുമായിരുന്നു. അന്നമ്മയുടെ മനസ്സിൽ അന്നു കൃഷിയില്ല. നാട്ടിലെത്തുമ്പോൾ തങ്ങാനൊരിടം, അത്രയേ കരുതിയുള്ളൂ. ഭാര്യയും ഭർത്താവും ജോലിയിൽനിന്നു വിരമിച്ചതോടെ നാട്ടിലേക്കുള്ള വരവു കൂടി. കേരളത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഓരോ വരവിലും അന്നമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തരിശാവുന്ന വയലുകൾ, കൃഷിയിടങ്ങളിൽ കോൺക്രീറ്റു കെട്ടിടങ്ങൾ, പെരുകുന്ന ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള വാർത്തകൾ. ഹാനസ് ട്രൂബ് കാന്‍സർ ബാധിച്ച് 2013ൽ മരിച്ചതോടെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് നഴ്സുകൂടിയായ അന്നമ്മ ആഴത്തിൽ ചിന്തിച്ചു. കേരളത്തിൽ ജൈവകൃഷിയോട് ആവേശം കൂടുന്നതു കൂടി കണ്ടതോടെ നാട്ടുകാർക്കൊരു പ്രചോദനമെന്ന നിലയിൽ പങ്ങടയിലെ പുരയിടത്തിൽ ജൈവകൃഷി തുടങ്ങാനുറച്ചു. ഒരേക്കറിലെ റബർ ഒഴികെ ബാക്കി സ്ഥലം മുഴുവൻ ജൈവകൃഷിക്കായി ഒരുക്കി.

കാഞ്ഞിരപ്പിള്ളി ചേറ്റുതോടുള്ള മൈക്കിളച്ചൻ പള്ളിവളപ്പിലൊരുക്കിയ ജൈവകൃഷിയിടമായിരുന്നു മാതൃക. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗവും ജൈവകൃഷിയും തമ്മിൽ ബന്ധിപ്പിച്ചുള്ള രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഉപേക്ഷിക്കപ്പെട്ട മുന്നൂറ്റമ്പതോളം ഫ്രിജ് പലയിടങ്ങളിൽനിന്നായി അന്നമ്മ ശേഖരിച്ചു. അവ നെടുകെ പിളര്‍ന്ന് മണ്ണും ജൈവവളങ്ങളും നിറച്ചു പച്ചക്കറിക്കൃഷി തുടങ്ങിയപ്പോൾ പങ്ങടക്കാർക്കു കൗതുകമായി. നാലു വെച്ചൂർ പശുക്കളെയും വാങ്ങി. ജീവാമൃതം ഉൾപ്പെടെയുള്ള ജൈവവളക്കൂട്ടുകളുടെ നിർമാണം പഠിച്ചതും മൈക്കിളച്ചന്റെ കൃഷിയിടത്തിൽ നിന്നുതന്നെ. കൂരോപ്പട കൃഷിഭവനും സഹായത്തിനെത്തി. മഞ്ഞഷീറ്റിൽ വേപ്പെണ്ണ പുരട്ടി കീടങ്ങളെ കുരുക്കുന്ന പ്രകൃതി സൗഹാർദ കൃഷിരീതികൾ അവർ പരിചയപ്പെടുത്തി.

പയർ, പടവലം, വെണ്ടയ്ക്ക, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങി കാരറ്റും, ബീറ്റ്റൂട്ടുംവരെ സമൃദ്ധമായി വിളയുന്നു ആൻസ് ഓർഗാനിക് ഫാമിൽ. കൂടാതെ, മുന്നൂറിലേറെ റെഡ് ലേ‍ഡി പപ്പായമരങ്ങളും വിശാലമായ പാഷൻ ഫ്രൂട്ട് പന്തലും മാവുകളുമുണ്ട്. ഒന്നരയേക്കറില്‍ കപ്പ, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവിളകൾ കൃഷി ചെയ്യുന്നു.

ഒരുൽപന്നംപോലും ഫാമിനു പുറത്തു കൊണ്ടുപോയി വിൽക്കുന്നില്ല. ഫാമിൽ നേരിട്ടെത്തി മുഖ്യപങ്കും വാങ്ങുന്നത് കോട്ടയം ജില്ലയിലെ ഓർഗാനിക് ഷോപ്പുകളാണ്. വിളവെടുപ്പിനായി നിശ്ചയിച്ചിരിക്കുന്ന തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അവർക്കൊപ്പം ഫാം ഫ്രഷ് ഉൽപന്നങ്ങൾ വാങ്ങാൻ നാട്ടുകാരുമുണ്ടാകും.

ഉയർന്ന വില നൽകിയാണ് ഉപഭോക്താക്കൾ ഓർഗാനിക് ഷോപ്പുകളിൽനിന്നു ജൈവ പച്ചക്കറികൾ വാങ്ങുന്നത്. എന്നാൽ കർഷകർക്ക് ആനുപാതികമായ വില കിട്ടുന്നില്ല. അതുകൊണ്ടുതന്നെ പങ്ങട മേഖലയിലെ ജൈവകൃഷിക്കാരുടെ കൂട്ടായ്മയുണ്ടാക്കി കോട്ടയത്ത് ഓർഗാനിക് ഷോപ്പ് തുറക്കാൻ ഒരുങ്ങുകയാണ് ആൻസ് ഫാം.