Latest News

അതല്ല, എന്റെ യഥാർത്ഥ സൗന്ദര്യം ഇതാണ്! ലണ്ടനില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടി മേക്കപ്പില്ലാത്ത ചിത്രം പങ്കുവച്ചപ്പോൾ സംഭവിച്ചത്

2017-09-10 02:35:06am |

കണ്ണാടിയോടു കിന്നാരം പറഞ്ഞു മതിയാകാത്തവരാണ് ഒട്ടുമിക്ക സുന്ദരിമാരും. എത്ര നോക്കിയാലും ഒരു നോക്കു കൂടി ബാക്കിയാക്കിയാകും പലരും കണ്ണാടിയോടു വിടചൊല്ലുന്നത്. രേഷം ഖാൻ എന്ന പാകിസ്താനി സുന്ദരിക്ക് ഇപ്പോൾ കണ്ണാടി എന്നു കേൾക്കുന്നതേ ഭയമാണ്. ജൂലൈയിൽ 21ാം ജന്മദിനം ആഘോഷിക്കുന്നതിനിടെ ലണ്ടനിൽ ഒരു ആസിഡ് ആക്രമണത്തിന് ഇരയായതാണവൾ. ആരും കൊതിക്കുന്ന സൗന്ദര്യമായിരുന്നു അതുവരെ അവൾ. ഒരൊറ്റ ദിവസം കൊണ്ട് അവളുടെ ജീവിതം മാറിമറിഞ്ഞു. മുഖം മാത്രമല്ല, ശരീരവും ഇടംകണ്ണുമെല്ലാം തകർന്നു ആ ആക്രമണത്തിൽ.

resham2
രേഷം പുതിയ ചിത്രം

ലണ്ടനിൽ ബിസിനസ് വിദ്യാർഥിയായിരുന്നു രേഷം. ബർത്ത്ഡേ ആഘോഷിക്കാനായി കാറിൽ പോകുമ്പോൾ ആരോ കാറിന്റെ ജനാലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലിന്റെ വേദനിയിലും അവൾ തന്റെ മുഖത്തിനുണ്ടാകുന്ന മാറ്റങ്ങൾ ബ്ലോഗിലൂടെ പങ്കുവച്ചു. ഈദിന് മേക്കപ്പ് അണിഞ്ഞൊരു ചിത്രവും പോസ്റ്റ് െചയ്തു. ജൂലൈയിൽ മുഖം പൊള്ളി വികൃതമായതിന്റെ ഒരു ലക്ഷണങ്ങളും അതിലുണ്ടായിരുന്നില്ല. ട്വിറ്ററിൽ പങ്കുവച്ച ചിത്രം പെട്ടെന്നു തന്നെ വൈറലായി. ആസിഡ് ആക്രമണത്തെ അതിജീവിച്ചവൾ എന്ന മട്ടിൽ ലോകം അവളെ വാഴ്ത്തി. ബിബിസി അടക്കം വാർത്ത പ്രസിദ്ധീകരിച്ചു.

resham3
രേഷം ആസിഡ് ആക്രമണത്തിന് ശേഷം ആശുപത്രിയില്‍, രേഷം പുതിയ ചിത്രം

എന്നാൽ ഈ ഫോട്ടോ വിശ്വിസക്കേണ്ടെന്ന കുറിപ്പോടെ രേഷം വീണ്ടും വാർത്തകളിൽ നിറഞ്ഞു. മേക്കപ്പ് അണിയും മുൻപുള്ള തന്റെ മുഖം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചാണ് അവൾ എല്ലാവരെയും ഞെട്ടിച്ചത്. എല്ലാവരും സൗന്ദര്യത്തെ അഭിനന്ദിക്കുന്നതിൽ ആനന്ദം കൊള്ളുന്ന ഒരാളാണ് താനെന്ന മുഖവുരയോടെയാണ് രേഷത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. എന്നാൽ താൻ സത്യം മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നില്ല. രണ്ടും മൂന്നും ആവരണത്തിൽ മേയ്ക്കപ്പ് അണിഞ്ഞാണ് പൊള്ളലിന്റെ പാടുകൾ മായ്ച്ചത്. നാളെ മേയ്ക്കപ്പില്ലാതെ കാണുമ്പോൾ ആരും എന്നെ തെറ്റിദ്ധരിക്കരുതേ... എന്ന അഭ്യർഥനയാണ് രേഷം സ്വഭാവിക ചിത്രത്തിനൊപ്പം വയ്ക്കുന്നത്. എന്നാൽ ഈ ചിത്രവും ലോകം സ്വീകരിച്ചു. മേയ്ക്കപ്പില്ലാതെയും നീ സുന്ദരിയാണ് പെണ്ണേ എന്ന മട്ടിലാണ് പലരും കമന്റ് ചെയ്യുന്നത്.