Latest News

രാജകുമാരനൊക്കെ അങ്ങ് കൊട്ടാരത്തിൽ, വില്യമിന്റെ കൈകളിൽ തൂങ്ങി കൊച്ച് ജോർജ് സ്കൂളിലേക്ക്! കൗതുകമുണർത്തുന്ന വിഡിയോ

2017-09-10 02:39:15am |

വീട്ടിൽ നിന്ന് അച്ഛന്റെ കൈവിരലിൽ തുങ്ങി സ്കൂളിലേക്ക് ആദ്യമായി ചുവടുകൾ വച്ച് മകൻ കടന്നെത്തി. സ്കൂളിന്റെ വാതിലിൽ വച്ച് ടീച്ചർ അവനെ ഏറ്റുവാങ്ങി ക്ലാസിലേക്ക്... ഈ വീടും അച്ഛനും മകനും ഒന്നും അത്ര നിസാരക്കാരല്ലെന്നു മാത്രം. വീട് കെൻസിങ്ടൺ കൊട്ടാരം. ബ്രിട്ടണിലെ വില്യം രാജകുമാരനും മകൻ ജോർജുമാണ് ഈ ‘സാധാരണക്കാരായ’ അച്ഛനും മകനും. ലണ്ടനിലെ ബറ്റെർസീയിലെ തോമസ് സ്കൂളിലാണ് ജോർജ് രാജകുമാരനെ ചേർത്തിരിക്കുന്നത്.

രാജകുടുംബം ആണെന്നു കരുതി പ്രത്യേക പരിഗണനയൊന്നും ഇല്ലെന്ന് സ്കൂളിലെ ഹെഡ് ടീച്ചർ ഹെലെൻ ഹാസ്ലെം വ്യക്തമാക്കിയിട്ടുണ്ട്. വർഷം 15 ലക്ഷം രൂപ ഫീസാണ് സ്കൂളിൽ ജോർജിന്റെ വിദ്യാഭ്യാസത്തിന് നൽകേണ്ടത്.

മൂന്നാമത്തെ കുട്ടിയുടെ വരവ് പ്രതീക്ഷിച്ചിരിക്കുന്നതിനാലാണ് മകന്റെ ആദ്യ സ്കൂള്‍ ദിനത്തിൽ അമ്മ കെയിറ്റ് രാജകുമാരി എത്താതിരുന്നത്. എന്നാൽ പ്രിയപ്പെട്ട മകന് പൊന്നുമ്മ നൽകിയാണ് അമ്മ സ്കൂളിലേക്ക് പറഞ്ഞു വിട്ടത്. നാലു വയസുകാരൻ ജോർജ് ബ്രിട്ടണിലെ കീരിട വഴിയിൽ മൂന്നാം സ്ഥാനക്കാരനാണ്. കാര്യം രാജകുമാരനൊക്കെ ആണെങ്കിലും ജോർജിന് സ്കൂളും ടീച്ചർമാരെയുമൊക്കെ കണ്ടപ്പോൾ കുറച്ചു മടിയൊക്കെ തോന്നി.

രാജരക്തം ആയതിനാലാകണം കാര്യം പറഞ്ഞു മനസിലാക്കിയപ്പോൾ ഉഷാറായി. പിന്നെ ഹെഡ് ടീച്ചറുടെ കൈയും പിടിച്ച് നേരേ ക്ലാസിലേക്ക്. 2011ലാണ് വില്യമും കെയ്റ്റും വിവാഹിതരായത്. ജോർജിനെ കൂടാതെ ദമ്പതികൾക്ക് രണ്ടു വയസുകാരിയായ മകളുമുണ്ട്, ഷാർലെറ്റ്.