Latest News

ജിമ്മി ജോര്‍ജിന് ആദരം, കലാമേള മാത്രമല്ല കായിക മേളയും യുക്മയ്ക്ക് വഴങ്ങും, വോളിബോള്‍ കളിക്കാന്‍ റെഡിയാകൂ

2017-03-20 03:52:47am | തങ്കച്ചൻ അബ്രഹാം (യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പി.ആർ.ഒ
യുക്മ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം മുതൽ "യുക്മ ഓൾ യൂ കെ വോളിബോൾ ടൂർണമെന്റ്" നടത്തുവാൻ തീരുമാനിച്ചു. ഈ വർഷത്തെ ടൂർണമെന്റ് മെയ് 20 ശനിയാഴച ലിവർപൂളിൽ  വച്ച്  നടക്കും.  ലിവർപൂൾ ബോർഡ്  ഗ്രീൻ സ്കൂളിൽ ടൂർണമെന്റ് സംഘാടകസമിതി യോഗം കൂടികയുണ്ടായി. കായിക രംഗത്ത് ഭാരതത്തിന്റെ അഭിമാനവും അർജുനാവാർഡ് ജേതാവുമായ  കേരളത്തിൽ നിന്നുള്ള  പ്രശസ്തനായ ഇന്റർനാഷണൽ വോളിബോൾ താരം യശഃശ്ശരീരനായ ശ്രീ.ജിമ്മി ജോർജിന്റെ സ്മരണാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്.
 
 
 ടൂർണമെന്റിൽ  ഒന്നാം സ്ഥാനക്കാർക്ക് ജിമ്മി ജോർജ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും അഞ്ഞൂറ്റൊന്ന് പൗണ്ട് ക്യാഷ് അവാർഡും സമ്മാനിക്കുന്നതാണ്. രണ്ടാം സ്ഥാനക്കാർക്ക്  ഇരുനൂറ്റി അൻപത്തൊന്നു പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് നൂറ്റൊന്ന് പൗണ്ടും ട്രോഫിയും നൽകുന്നതാണ്.  ലിവർപൂളിലുള്ള യുക്മ യിലെ അംഗ അസ്സോസിയേഷനുകളായ ലിമയുടെയും  ലിംകായുടെയും സംയുക്ത ആതിഥേയത്തിൽ, ലിവർപൂൾ വോളിബോൾ ക്ലബ്ബിന്റെ  സഹകരണത്തോടെയും, യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ മേൽനോട്ടത്തിലും ആയിരിക്കും ടൂർണമെന്റ് നടത്തപ്പെടുന്നത്. യു.കെ. യിലെ വോളിബോൾ പ്രേമികളുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് യുകമ നാഷണൽ കമ്മറ്റിയിൽ 'ഓൾ യു.കെ. വോളിബോൾ ടൂർണമെന്റ്' എന്ന ആശയം അംഗീകരിക്കപ്പെട്ടതെന്ന്  എന്ന് യുക്മ നാഷണൽ ഗെയിംസ് കോർഡിനേറ്റർ  കുഞ്ഞുമോൻ ജോബ് അറിയിച്ചു. ടീം ഒന്നിന് അറുപത് പൗണ്ട് ആയിരിക്കും രജിസ്‌ട്രേഷൻ ഫീസ്.  
 
 
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷിജോ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിംക പ്രസിഡന്റ് ബിജുമോൻ മാത്യു,  ലിമ പ്രസിഡന്റ് ഹരികുമാർ ഗോപാലൻ, സെബാസ്റ്റ്യൻ ജോസഫ്, മാത്യു അലക്സാണ്ടർ, മനോജ് വടക്കേടത്ത്, തോമസ് ജോൺ വാരിക്കാട്ട്, ബിജു പീറ്റർ, കൂടാതെ എൽ.വി.സി. അംഗങ്ങളായ ടീം മാനേജർ സണ്ണി ജോസഫ്, ബിനോയി ജോർജ്, റിജിയൺ സ്‌പോർട്ട്സ് കോർഡിനേറ്റർ ഷാജു കാവുങ്ങ എന്നിവർ പങ്കെടുത്തു. 
 
 
ടൂർണമെന്റ് നടക്കുന്ന  ദിവസം മിതമായ നിരക്കിൽ കേരള വിഭവങ്ങളോടെ നാടൻ തട്ടുകട തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ ടീമുകൾ ഇതിനോടകം തന്നെ പങ്കെടുക്കുവാൻ താത്പര്യം കാണിച്ച മുന്നോട്ട് വന്നിട്ടുണ്ട് എന്ന് റീജിയണൽ സ്പോർട്സ്  കോർഡിനേറ്റർ ഷാജു കാവുങ്ങ അറിയിച്ചു.
 
പങ്കെടുക്കുവാൻ  താത്പര്യമുള്ള ടീമുകൾ കുഞ്ഞുമോൻ ജോബ് (07828976113), സാജു കാവുങ്ങ (07850006328), സണ്ണി ജോസഫ് (07450990305) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.