പോള്‍ മാത്യുവിനെ ഇടിച്ചു കാര്‍ ഓടിച്ചിരുന്നത് 88 വയസുകാരന്‍! അപകടം നടന്നയുടന്‍ അധികൃതരെ വിവരം അറിയിച്ചതും ഇദ്ദേഹം

2017-03-20 03:53:40am |

മാഞ്ചസ്റ്റര്‍: വിഥിന്‍ഷോയില്‍ വാഹനാപകടത്തില്‍ മരിച്ച പോള്‍ മാത്യുവിന്റെ മരണത്തിന് കാരണമായ കിയ കാര്‍ ഓടിച്ചിരുന്ന 88 വയസുകാരന്‍. മാഞ്ചസ്റ്ററിലെ പ്രമുഖ സായാഹ്ന ദിനപത്രമായി മാഞ്ചസ്റ്റര്‍ ഈവ്‌നിങ് ന്യൂസ് ആണ് ഇതു പുറത്തുവിട്ടത്. അപകടം ഉണ്ടായ ഉടന്‍ ഇദ്ദേഹം തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ബന്ധപ്പെട്ടവരെ വിവരം അറിയിച്ചതും. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതുമില്ല. അതുകൊണ്ടു തന്നെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാതിരുന്നതെന്നാണ് വിവരം. വൃദ്ധന്‍ അന്വേഷഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപകടത്തില്‍ ഇദ്ദേഹത്തിനു മകള്‍ക്കും പുറമേ ഒരു സ്ത്രീയ്ക്കും മകനും പരുക്കേറ്റിരുന്നു. അതേസമയം മരിക്കും മുന്‍പ് അവയവങ്ങള്‍ ദാനം ചെയ്ത പോളിനെ ധീരനായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അപകടത്തില്‍പ്പെട്ട ആഞ്ചല പഠിക്കുന്ന സെന്റ് ജോണ്‍ ഫിഷര്‍ ആന്‍ഡ് സെന്റ് തോമസ് മോര്‍ സ്‌കൂളിലെ ഹെഡ് ടീച്ചറുടേതടക്കം നിരവധി പേരുടെ ആദരാഞ്ജലികളും പത്രങ്ങളില്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോളിന്റെ നിര്യാണത്തില്‍ സ്‌കൂള്‍ മുഴുവന്‍ ദുഖിക്കുന്നുവെന്നാണ് ഹെഡ് ടീച്ചര്‍ ഡൊമിനിക് ഹെമിങ്ടണ്‍ അറിയിച്ചത്. നിരവധി കൂട്ടികള്‍ കാര്‍ഡുകളും പ്രാര്‍ഥനകളും അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളും സ്‌കൂളില്‍ സ്ഥാപിച്ചു.

ചൊവ്വാഴ്ച വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയ പോള്‍ മാത്യുവിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടക്കും. അവയദാനത്തിനുശേഷം ബോഡി വിട്ടുകിട്ടിയതിനു ശേഷമായിരിക്കൂം ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തീരുമാനിക്കുക. ഇതിനായി പോളിന്റെ മാതാപിതാക്കള്‍ ബംഗ്ലൂരില്‍ നിന്നുമെത്തും. കോട്ടയം കൂടല്ലൂര്‍ സ്വദേശികളാണെങ്കിലും പോളിന്റെ കുടുംബം ബാംഗളൂരിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. അച്ഛനും അമ്മയും യുകെയിലേക്ക് പുറപ്പെടുവാനായുള്ള തയ്യാറെടൂപ്പിലാണ്. നാലു സഹോദരങ്ങളൂം ഒരു സഹോദരിയുമാണ് പോളിനുള്ളത്.

മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ സ്‌കൈഷെഫ് എന്ന കമ്പനിയിലായിരുന്നു പോള്‍ ജോലിചെയ്തിരുന്നത്. പോള്‍ കൂടല്ലൂര്‍ പല്ലാട്ടുമഠം(ഉള്ളാട്ടില്‍) കുടുബാംഗമാണ് എടാട്ടുകുന്നേല്‍ കുടുബാംഗമാണ് ഭാര്യ മിനി. വിഥിന്‍ഷോ ഹോസ്പിറ്റലില്‍ എന്‍ഡോസ്‌കോപ്പി വിഭാഗം നഴ്‌സാണ് പോളിന്റെ മിനി. ഇവര്‍ക്ക് രണ്ടു പെണ്‍കുട്ടികളുള്ളതില്‍ മൂത്തകുട്ടിയാണ് പോളിനൊപ്പം അപകത്തില്‍പ്പെട്ട ആഞ്ചലൊ. സംഭവദിവസം സ്‌കൂളിലെ ക്വയറില്‍ അംഗമായ ആഞ്ചലോയെ അവിടെനിന്നും വിളിച്ച് പോള്‍ മടങ്ങുമ്പോഴായിരുന്നു നിയന്ത്രണംവിട്ട കാറിന്റെ രൂപത്തില്‍ ദുരന്തം പാഞ്ഞടുത്തത്. അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ തകര്‍ന്നിരിക്കുകയാണ് പോളിന്റെ  ഭാര്യ മിനിയും മക്കളും.