Latest News

വരുന്ന ക്രിസ്മസ് തെരേസാ മേയ്ക്ക് ഹാപ്പി ആകുമോ? വിമത നീക്കം ശക്തമാകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വഴി തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി

2017-10-07 03:19:01am |

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ രാജിക്കായി പാര്‍ട്ടിക്കുള്ളില്‍ തന്നെ വീണ്ടും പടനീക്കം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്‍നേതാവ് ഗ്രാന്റ് ഷാപ്‌സ് ആണ് മേയ്‌ക്കെതിരെ ചരടുവലി നടത്തുന്നത്. മുന്‍ കാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ തനിക്ക് 30 പാര്‍ട്ടി എം.പിമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പാര്‍ട്ടിയെയും രാജ്യത്തെയും നയിക്കാന്‍ മേയ് പ്രാപ്തയല്ലെന്നാണ് ഷാപ്‌സിന്റെ ആരോപണം.

കഴിഞ്ഞ ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ മേയുടെ രാജിക്കായി സമ്മര്‍ദമുയര്‍ന്നിരുന്നു. എന്നാല്‍, തനിക്കെതിരെ നീക്കമുണ്ടെന്ന വര്‍ത്തകള്‍ മേയ് തള്ളി. രാജ്യത്തിനിപ്പോള്‍ വേണ്ടത് സമചിത്തതതോടെ കൃത്യമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരാളെയാണ്. ഭാഗ്യവശാല്‍ താനത് ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. കണ്‍സര്‍വേറ്റിവ് എം.പിമാരുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സ്വന്തം മണ്ഡലത്തില്‍ ഒരു പൊതു പരിപാടിയില്‍ സംബന്ധിക്കവേയാണ് നേതൃസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു തെരേസ മേ കൃത്യമായ മറുപടി നല്‍കിയത്. അഞ്ചു മുന്‍ കാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തില്‍ മുപ്പതോളം ടോറി എംപിമാരാണ് ബ്രിട്ടണില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരേ വിമതനീക്കത്തിനു തയാറെടുക്കുന്നത്.  ക്രിസ്മസിനു മുമ്പ് തെരേസ മേയെ പുറത്തു ചാടിച്ച് പുതിയ പ്രധാനമന്ത്രിയെ വാഴിക്കാനാണ് ഇവരുടെ നീക്കം.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതും മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കാത്തതും തെരേസ മേയുടെ വീഴ്ചയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കോമാളിത്തരം കാണിക്കാന്‍ ചിലര്‍ തയാറായത് മേയുടെ കഴിവില്ലായ്മയും അവര്‍ വിലയിരുത്തുന്നു. പാര്‍ട്ടി സമ്മേളനത്തില്‍ ഉയര്‍ന്ന ശക്തമായ വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കാനും പ്രധാനമന്ത്രിക്ക് ആയില്ല. ഇടക്കാല തിരഞ്ഞെടുപ്പിലൂടെ സ്വയം അശക്തയായി മാറിയ തേരേസ മേയ്ക്ക് ഇനി എത്രകാലം അധികാരത്തില്‍ തുടരാനാകുമെന്ന് കണ്ടറിയണമെന്നാണ് വിമതനീക്കത്തിന് ചുക്കാന്‍ പിടിക്കുന്നവരുടെ അഭിപ്രായം.

ഇതിനിടെ തെരേസ മേയെ പിന്തുണച്ച് പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവും ആഭ്യന്തര സെക്രട്ടറി അംബര്‍ റൂഡും ഇന്നലെ പരസ്യമായി രംഗത്തെത്തി. തെരേസ മേയ് മികച്ച നേതാവാണെന്നും അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം നേതൃസ്ഥാനത്ത് ഉണ്ടാകുമെന്നുമായിരുന്നു മൈക്കിള്‍ ഗോവ് ഒരു റേഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഭൂരിഭാഗം എംപിമാരും കാബിനറ്റും പ്രധാനമന്ത്രിക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അംബര്‍ റൂഡ് ആകട്ടെ ടെലഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി തുരടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്.

പ്രധാനമന്ത്രിക്കെതിരേ അവിശ്വാസം രേഖപ്പെടുത്താല്‍ 316 എംപിമാരില്‍ 48 പേരുടെ പിന്തുണ അനിവാര്യമാണ്. ഇത് സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് വിമതര്‍. ഇതു സാധ്യമായാലുടന്‍ വിമതനീക്കം ശക്തമാക്കി രംഗത്തുവരാനാണ് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള തേരേസ വിരുദ്ധരുടെ നീക്കം.