Latest News

നവീന്‍ ഓസ്‌ട്രേലിയയിലേക്ക് ചേക്കേറുമ്പോള്‍ ഇമ ചിമ്മാതെ എക്‌സിറ്റര്‍ മലയാളി സമൂഹം; യുകെ മലയാളികളുടെ നഷ്ടം നേട്ടമാകുന്നത് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്

2017-10-08 05:39:22am | വില്‍സണ്‍ പൂുന്നോലില്‍

മലയാളിക്ക് നല്‍കാവുന്ന ഏറ്റവും നല്ല വിശേഷണം അവന്‍ എല്ലാം തികഞ്ഞ സമൂഹജീവി എന്നു തന്നെ. ഇടപെടുന്ന ഏതു മണ്ഡലമായാലും മലയാളി അതു തെളിയിച്ചിരിക്കും. രാഷ്ട്രീയം, സാംസ്‌കാരികം, വാര്‍ത്താവിനിമയം, കലാകായികം, മതം, കാരുണ്യപ്രവര്‍ത്തനങ്ങള്‍... അങ്ങനെ ഏതു മേഖലയിലും അവര്‍ തങ്ങളുടേതായ വ്യക്തിത്വം പതിപ്പിക്കും. യുകെയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മധ്യവയസ്‌കരാണെന്നതും വസ്തുത തന്നെ.

ഇംഗ്ലണ്ടിലെ തെക്ക് പടിഞ്ഞാറ് കണ്ടിയായ ഡെവണിലെ എക്‌സിറ്ററിലും അതിനു മാറ്റമൊന്നുമില്ല. ഇവിടെയാണ് നവീന്‍ തോമസ് എന്ന ചെറുപ്പക്കാരന്‍ തന്നെക്കാള്‍ പ്രായം കൂടിയവര്‍ക്കൊപ്പം നിന്നുകൊണ്ട് ഇമ എന്ന പേരില്‍ അറിയപ്പെടുന്ന എക്‌സിറ്റര്‍ മലയാളി അസോസിയേഷന് നവീനതയുടെയും യുവത്വത്തിന്റെയും മുഖം നല്‍കാന്‍ പ്രയത്‌നിച്ചത്. രണ്ടു വര്‍ഷമായി ഇമയുടെ പിആര്‍ഒ ആയിരുന്നു നവീന്‍. എക്‌സിറ്റര്‍ മലയാളികളുടെ വിശേഷങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ആ നവീന്‍ കുടുംബത്തോടൊപ്പം ഓ്‌സ്‌ട്രേലിയയിലേക്ക് ചേക്കുമ്പോള്‍ അത് ഒരു സമൂഹത്തിന്റെ കൂടി നഷ്ടമാകുന്നതും അതുകൊണ്ടുതന്നെ.

കോട്ടയെ മാന്നാനം സ്വദേശി ഭാര്യ ഡാലിയോടും കുട്ടികള്‍ ഹെയ്ഡനും ഹാരിസ്സിനുമൊപ്പം ഓസ്‌ട്രേലിയയിലേക്ക് ചേക്കുറുമ്പോള്‍ എക്‌സിറ്റര്‍ മലയാളികള്‍ക്ക് നഷ്ടമാകുന്നത് നവീനമായ ആശയങ്ങളും ചുറുചുറുക്കും കൈമുതലായുള്ള നല്ലൊരു സംഘാടകനെയാകും എന്നതില്‍ ആര്‍ക്കും സംശയമില്ല.

അടുത്ത കാലത്ത് മതപരമായ ചില പ്രശ്‌നങ്ങള്‍ എക്‌സിറ്റര്‍ മലയാളി സമൂഹത്തില്‍ ഉണ്ടായപ്പോള്‍ മതമല്ല മതനിരപേക്ഷതയാണ് മലയാളിയുടെ മുഖം എന്നു പറഞ്ഞു സമൂഹത്തെ ഒന്നിച്ചു നിര്‍ത്താന്‍ നവീന്‍ എടുത്ത പ്രയത്‌നങ്ങള ചെയര്‍മാന്‍ മോഹന്‍കുമാര്‍ അഭിമാനത്തോടെ ഓര്‍മിക്കുന്നു. ഇമ വൈസ് ചെയര്‍മാന്‍ ആനി ജോസഫും സെക്രട്ടറി റോബി വര്‍ഗീസും നവീനില്‍ കാണുന്നത് കാരുണ്യത്തിന്റെ ആള്‍രൂപമാണ്. കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിന് നവീന്റെ നേതൃത്വത്തില്‍ ഓരോ മലയാളി ഭവനവും സന്ദര്‍ശിച്ച് അവരില്‍ നിന്ന് കിട്ടാവുന്നതെല്ലാം സമാഹരിച്ച് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന് നല്‍കിയത് മലയാളി സമൂഹത്തിന് എക്‌സിറ്ററില്‍ വലിയൊരു ബഹുമതി നേടി തന്നു എന്ന് ഏവരും അനുസ്മരിക്കുന്നു.

എക്‌സിറ്റര്‍ മലയാളികളെ ദേശിയ തലത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തണമെന്ന ലക്ഷ്യത്തോടെ ഇമയെ യുക്മയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചതും ഇമയ്ക്ക് സ്വന്തമായി ഒരു വെബ്‌സൈറ്റ് എന്ന സ്പ്‌നം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചതും നവീന്‍ തന്നെ. ചുരുക്കത്തില്‍ നവീന്‍ ഓസ്‌ട്രേലിയയിലെക്ക് ചേക്കേറുമ്പോള്‍ അത് എക്‌സിറ്റര്‍ മലയാളി സമൂഹത്തിന് തന്നെയുള്ള നഷ്ടമാകും. മതപരവും സാമൂഹ്യവും ഉപഹാര്‍ അടക്കമുള്ള ചാരിറ്റി രംഗങ്ങളിലും എല്ലാം നിറഞ്ഞു നിന്നിരുന്ന നവീന്‍ എന്ന ഊര്‍ജ്വസ്വലനായ ചെറുപ്പക്കാരന് അതുകൊണ്ടു തന്നെ  വേദനയോടെയാണ് സമൂഹം വിട നല്‍കുന്നത്.