Latest News

ഏക് ദിൻ കാ ബ്രീട്ടീഷ് ഹൈക്കമ്മിഷണർ! ഇരുപത്തിരണ്ടുകാരി നിയമ വിദ്യാര്‍ഥി രുദ്രാലിക്ക് ഇത് സ്വപ്ന പോലൊരു ദിവസം

2017-10-12 01:56:56am |

രുദ്രാലി പാട്ടീലിന്റെ സ്വപ്നം യാഥാർഥ്യമായി. ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറായി ഒരു ദിവസമെങ്കിലും സേവനമനുഷ്ഠിക്കുക എന്ന സവിശേഷ സ്വപ്നം പൂവണിഞ്ഞു. കറുത്ത സ്യൂട്ടും തൊപ്പിയും ധരിച്ചു തികഞ്ഞ കാര്യക്ഷമതയോടെ തിങ്കളാഴ്ച രുദ്രാലി ഹൈക്കമ്മിഷണറുടെ ചുമതലകൾ നിർവഹിച്ചു.

രാവിലെ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുമായി സംവദിച്ചു. വിവിധ വിഭാഗങ്ങളിലെ ഡയറക്ടർമാരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാധ്യമസമ്മേളനം നടത്തി. എല്ലാറ്റിനും തുണയായി ഹൈക്കമ്മിഷണർ ഡൊമിനിക് അസ്ക്വിത് കൂടെനിന്നു.

ഇന്ദ്രപ്രസ്ഥ കോളജിൽ ‘നയതന്ത്രജ്ഞനുമായി വർത്തമാനം’ എന്ന പരിപാടിയിൽ ഡപ്യൂട്ടി ഹൈക്കമ്മിഷണർ അലക്സാണ്ടർ ഇവാൻസിനൊപ്പം രുദ്രാലി പങ്കെടുക്കുകയും ചെയ്തു. ബ്രിട്ടിഷ് ഹൈക്കമ്മിഷൻ പെൺകുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചു പെൺകുട്ടികൾക്കായി നടത്തിയ വിഡിയോ മത്സരത്തിൽ വിജയിച്ചാണ് ഇരുപത്തിരണ്ടുകാരി നിയമ വിദ്യാർഥി രുദ്രാലി ഒരു ദിവസത്തേക്കു ബ്രിട്ടിഷ് ഹൈക്കമ്മിഷണറായത്.

വിഷമകരമായിരുന്നെങ്കിലും അത്യപൂർവ അനുഭവമായിരുന്നു അതെന്നു നോയിഡയിലെ അമിറ്റി ലോ സ്കൂളിലെ രുദ്രാലി പറഞ്ഞു. പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിനായി സായ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടും രുദ്രാലി പ്രവർത്തിക്കുന്നു.