Latest News

ഇന്ത്യന്‍സ് നമ്പര്‍ വണ്‍! റേസ് ഡിസ്പാരിറ്റീസ് ഓഡിറ്റില്‍ നമ്മുക്ക് അഭിമാനിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍, എല്ലാ വിഭാഗത്തിലും ഇന്ത്യക്കാര്‍ കേമന്‍മാര്‍

2017-10-13 03:24:34am |

ലണ്ടൻ: മലയാളികള്‍ അടക്കമുള്ള യുകെയിലെ കുടിയേറ്റക്കാര്‍ക്ക് അഭിമാനിക്കാന്‍ ഒരു റിപ്പോര്‍ട്ട്. ബ്രിട്ടനിൽ കുടിയേറിയ വിദേശികളിൽ സമർഥരുടെയും വിദഗ്ധരുടെയും  വിവിധ തൊഴിൽ മേഖലയിൽ നൈപുണ്യമുള്ളവരുടെയും പട്ടികയിൽ മുന്നിൽനിൽക്കുന്നത് ഇന്ത്യക്കാരെന്ന് ‘’റേസ് ഡിസ്പാരിറ്റി ഓഡിറ്റ്’’ റിപ്പോർട്ട്. ബ്രിട്ടനിലെ മറ്റ് വംശീയ ന്യൂനപക്ഷങ്ങളുമായുള്ള താരതമ്യ പഠനത്തിലാണ് ഇന്ത്യക്കാർക്കെല്ലാം അഭിമാനിക്കാവുന്ന ഈ നേട്ടം എടുത്തു പറയുന്നത്.  ജോലിക്കാർ മാത്രമല്ല, ഇന്ത്യൻ വിദ്യാർഥികളും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണെന്നാണ് ഇന്നലെ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.

എല്ലാ വിഭാഗം തൊഴിൽ മേഖലയിലും വൈദഗ്ധ്യമുള്ളവരുടെ പട്ടികയിൽ ഇന്ത്യക്കാർ മുൻപന്തിയിലാണ്. ബ്രിട്ടനിലെ പത്ത് ഇന്ത്യക്കാരിൽ ഒരാൾ എന്ന കണക്കിൽ മാനേജർ, ഡയറക്ടർ, സീനിയർ ഒഫീഷ്യൽ തസ്തികയിൽ ജോലി ചെയ്യുന്നവരാണ്. പത്തിൽ മൂന്നുപേർ പ്രഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവരും. ഇന്ത്യൻ, ചൈനീസ് വിദ്യാർഥികൾ വിദ്യാഭ്യാസരംഗത്തും മികച്ച നേട്ടം കൈവരിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട് വിശദീകരിക്കുന്നു. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നവരുടെ എണ്ണത്തിലും കുടിയേറ്റക്കാരിൽനിന്നും ഇന്ത്യൻ വിദ്യാർഥികളാണ് മുന്നിൽ. തൊട്ടുപിന്നിൽ ചൈനക്കാരും.

പഠനത്തിലും ജോലിയിലും പ്രതീക്ഷയ്ക്കൊത്ത നിലവാരത്തിലേക്ക് ഉയരുന്നതിൽ ഇന്ത്യൻ വിദ്യാർഥികളും യുവാക്കളും പാക്കിസ്ഥാൻകാരേക്കാൾ ഏറെ മുന്നിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ബ്രിട്ടനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. ബ്രിട്ടനിലാകെ 15 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ രണ്ടര ശതമാനത്തോളമാണിത്. ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ സാന്നിധ്യംകൊണ്ട് ആരോഗ്യമേഖലയിലും ഐ.ടി പ്രഫഷണലുകളുടെ സാന്നിധ്യംമൂലം  സാങ്കേതിക രംഗത്തുമാണ് ഇന്ത്യക്കാർ കൂടുതൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്. ബിസിനസ് രംഗത്തും ഇന്ത്യൻ സമൂഹത്തിന്റെ  സാന്നിധ്യം എടുത്തുപറയത്തക്കതാണ്.