Latest News

ലാങ്‌ഷെയര്‍, സഫോക്, നോട്ടിംങാംഷെയര്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ക്യാമറ ആക്ടീവ്, സ്ട്രാഡ്‌ഫോര്‍ഡ് ഷെയറില്‍ നിരീക്ഷണം ഉറക്കത്തില്‍! ചില ക്യാമറ വിശേഷങ്ങള്‍

2017-11-07 02:37:41am |

ലണ്ടൻ∙ ട്രാഫിക് നിയമം ലംഘിക്കുന്നവരെയും അമിതവേഗതയിൽ വാഹനമോടിച്ച് അപകടം വരുത്തിവയ്ക്കുന്നവരെയും കുടുക്കാനായി ബ്രിട്ടനിൽ വഴിനീളെ സ്ഥാപിച്ചിരിക്കുന്ന കാമറകളിൽ പകുതിയിലേറെയും പ്രവർത്തനയോഗ്യമല്ലെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. നിയമലംഘകർക്കും കാമറയെ പേടിച്ചുമാത്രം വേഗത കുറയ്ക്കുന്നവർക്കും ആവേശവും മറ്റുള്ളവർക്ക് ആശങ്കയും ഉണ്ടാക്കുന്ന റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്. 

രാജ്യത്തെ 36 മേഖലകളിലെ വിവിധ പൊലീസ് സേനാവിഭാഗങ്ങളുടെ കീഴിലുള്ള 2838 സ്പീഡ് കാമറകളിൽ  1486 എണ്ണം മാത്രമേ (52 ശതമാനം) ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ട്. മറ്റുള്ള ചിലത് മനപൂർവം പ്രവർത്തിപ്പിക്കാത്തതും മറ്റുചിലത് പ്രവർത്തനയോഗ്യമല്ലാത്തതുമാണ്. പ്രസ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം ചില പൊലീസ് സേനയുടെ കീഴിലുള്ള പ്രദേശങ്ങളിൽ ഇപ്പോൾ ഒരു കാമറപോലും പ്രവർത്തിപ്പിക്കുന്നില്ല. എല്ലാം വെറും നോക്കുകുത്തികൾ മാത്രം. നോർത്താംപ്റ്റൺഷെയർ പൊലീസിനു കീഴിലുള്ള കാമറകളെല്ലാം 2011 മുതൽ സ്വിച്ച് ഓഫ് ചെയ്തിരക്കുകയാണ്. ഇവയെല്ലാം ഇപ്പോഴും അതേപടി റോഡരികിലെ മഞ്ഞപ്പെട്ടികളിൽ നിലനിർത്തിയിട്ടുണ്ടെന്നുമാത്രം. 

സ്ട്രാഡ്ഫോർഡ് ഷെയർ പൊലീസിനു കീഴിലുള്ള 272 കാമറകളിൽ കേവലം 14 എണ്ണം മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. ഡെർബിഷെയറിൽ 112ൽ കേവലം പത്തെണ്ണവും. സമാനമായ സാഹചര്യമാണ് മിക്കവാരും എല്ലാ പോലീസ് സേനകളുടെയും കീഴിലുള്ള പ്രദേശങ്ങളിലും.

എന്നാൽ ലണ്ടനിലെത്തുമ്പോൾ സ്ഥിതി മാറും. ലണ്ടൻ നഗരത്തിലെ സ്പീഡ് കാറുകളെല്ലാം 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. സിറ്റി ഓഫ് ലണ്ടൻ, മെട്രോപൊളിറ്റൻ പൊലീസ്, ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ എന്നവയുടെയെല്ലാം കീഴിലുള്ള കാമറകൾ മുഴുവനും പ്രവർത്തനയോഗ്യമാണ്. 

ലാങ്ഷെയർ, സഫോക്, നോട്ടിംങാംഷെയർ, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലും മുഴുവൻ  കാമറക്കണ്ണുകളും സദാ തുറന്നിരിക്കുന്നു. റോഡരികിലെ മഞ്ഞപ്പെട്ടികളിലുള്ള കാമറകൾ പകുതിയിലേറെയും പ്രവർത്തനയോഗ്യമല്ലെങ്കിലും ട്രാഫിക് നിയമം ലംഘിക്കുന്നവരെ കുടുക്കാനുള്ള മൊബൈൽ കാമറ യൂണിറ്റുകൾ ഇവിടങ്ങളിലെല്ലാം സദാ സജ്ജമാണെന്നാണ് ഇതിനുള്ള പൊലീസിന്റെ ന്യായികരണം.