Latest News

ഗ്രാമര്‍ സ്‌കൂളിലെ പഠനം, ഗ്ലാമര്‍ ഗേളായി ക്യാബിനറ്റില്‍! പ്രീതി പട്ടേല്‍ രാജിവയ്ക്കുമ്പോള്‍ നഷ്ടം ഇന്ത്യക്കാര്‍ക്കു മാത്രം

2017-11-09 02:48:10am |

ലണ്ടന്‍: പ്രീതി പട്ടേല്‍ എന്ന സുന്ദരിയായ രാഷ്ട്രീയക്കാരിയുടെ മന്ത്രിസഭയില്‍ നിന്നുള്ള പടിയിറക്കം അനാഥമാക്കുന്നത് അക്ഷരാര്‍ഥത്തില്‍ ഇന്ത്യക്കാരെയാണ്. ബ്രിട്ടനിലെ പതിനഞ്ച് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ പ്രതിനിധിയായിരുന്നു തെരേസ മേ സര്‍ക്കാരില്‍ പ്രീതി പട്ടേല്‍ എന്ന യുവ രാഷ്ട്രീയക്കാരി. ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി നിരവധി ഇന്ത്യക്കരും ഏഷ്യന്‍ വംശജരും പാര്‍ലമെന്റില്‍ ഉണ്ടെങ്കിലും അവരില്‍ ഏറ്റവും തലപ്പൊക്കം പ്രീതിക്കായിരുന്നു. ലേബര്‍ പാര്‍ട്ടില്‍ വീരേന്ദ്ര ശര്‍മ്മയ്ക്കുള്ള സ്വീകാര്യത ആയിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രീതിക്ക്.

പ്രധാനമന്ത്രിപോലും അറിയാതെ ഇസ്രയേല്‍ നേതാക്കളുമായി ആശയവിനിമയം നടത്തിയെന്ന പരാതി ഉയര്‍ന്നപ്പോള്‍തന്നെ ആരുടെമുന്നിലും തലകുനിക്കാതെ രാജിവച്ചൊഴിഞ്ഞത് ആ തലപ്പൊക്കത്തിന് ഉദാഹരണം. നാല്‍പത്തിയഞ്ചു വയസിനുള്ളില്‍ രണ്ട് പ്രധാനമന്ത്രിമാരോടൊപ്പം മൂന്നുവട്ടം മന്ത്രിയായ പ്രീതിയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ വളര്‍ച്ച അസൂയാവഹമായിരുന്നു.

ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ച പ്രീതി സര്‍വകലാശാല വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ രാഷ്ട്രീയത്തിലും തല്‍പരയായിരുന്നു. മാര്‍ഗരറ്റ് താച്ചറുടെ കടുത്ത ആരാധികയായ അവര്‍ ജോണ്‍ മേജര്‍ പാര്‍ട്ടി നേതാവായിരിക്കെയാണ് കണ്‍സര്‍വേറ്റീവില്‍ അംഗത്വമെടുത്തത്. പാര്‍ട്ടിയുടെ കേന്ദ്ര ഓഫിസില്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചുപോന്ന അവര്‍ വക്താവായി നിയോഗിക്കപ്പെട്ടതോടെ ശ്രദ്ധിക്കപ്പെട്ടു.

2010ല്‍ ഡേവിഡ് കാമറണ്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ടിക്കറ്റു നല്‍കി. കന്നിയങ്കത്തില്‍ ജയിച്ചുവന്ന പ്രീതിക്ക് 2014ലെ പുനഃസംഘടനയില്‍ മന്ത്രിക്കസേരയും നല്‍കി. ട്രഷറി മന്ത്രാലയത്തിനുകീഴിലെ എക്‌സ്‌ചെക്കര്‍ സെക്രട്ടറിയായിട്ടായിരുന്നു നിയമനം.  2015ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുടെ വോട്ടുലക്ഷ്യമിട്ടുള്ള നടപടിയായി ഇത് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും മന്ത്രിപ്പണി തനിക്ക് യോജിച്ചതാണെന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ തെളിയിച്ച പ്രീതിയെ 2015ല്‍ തൊഴില്‍ മന്ത്രിയായാണ് കാമറണ്‍ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വലിയ നയതന്ത്ര വിജയമാക്കി തീര്‍ക്കുന്നതില്‍ പ്രീതി വഹിച്ച പങ്ക് വലുതായിരുന്നു.  

എന്നാല്‍ ബ്രക്‌സിറ്റ് ഹിതപരിശോധന പ്രഖ്യാപിച്ചതോടെ കാമറണിനെ പ്രീതി തള്ളിപ്പറഞ്ഞു. ബ്രക്‌സിറ്റ് കാംപെയ്‌നില്‍ ബോറിസ് ജോണ്‍സണൊപ്പം ലീവ് പക്ഷത്തായിരുന്നു പ്രീതി. ഈ രാഷ്ട്രീയ തീരുമാനം ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. ബ്രക്‌സിറ്റില്‍ തട്ടി കാമറണ്‍ വീണപ്പോള്‍ തെരേസ മേയുടെ പുതിയ സര്‍ക്കാരില്‍ മറ്റൊരു ഏഷ്യന്‍ മുഖത്തേക്കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല.  കാമറണിനെപ്പോലെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ എന്നും തെരേസ മേയും മുന്നില്‍ നിര്‍ത്തിയത് പ്രീതിയെയാണ്. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കളുമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന നേതാവാണ് അവര്‍.

പതിറ്റാണ്ടുകള്‍ക്കുമുന്‍പു ഗുജറാത്തില്‍നിന്ന് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലേക്ക് കുടിയേറിയവരാണ് പ്രീതിയുടെ അമ്മ അഞ്ജനയുടെ കുടുംബം. അച്ഛന്‍ സുശീല്‍ പട്ടേല്‍ ഗുജറാത്തിലെ സാധാരണ കുടുംബത്തില്‍നിന്നുള്ളയാളാണ്. കാപ്പി, തേയില തോട്ടങ്ങളും തുണി വ്യവസായവുമായി മികച്ച രീതിയില്‍ ഉഗാണ്ടയില്‍ കഴിഞ്ഞിരുന്ന കുടുംബം, ഏകാധിപതി ഇദി അമീന്റെ പീഡനങ്ങള്‍ സഹിക്കാനാവാതെ സമ്പാദ്യങ്ങള്‍ ഉപേക്ഷിച്ച് ബ്രിട്ടനിലേക്ക് മാറി. എണ്‍പതിനായിത്തോളം ഏഷ്യന്‍ വംശജരാണ് ഇങ്ങനെ ഉഗാണ്ടയില്‍നിന്ന് എഴുപതുകളുടെ തുടക്കത്തില്‍ പുറത്താക്കപ്പെട്ടത്.

ബ്രിട്ടനിലെത്തി സുശീല്‍ പട്ടേല്‍ പത്ര ഏജന്റായി. രാഷ്ട്രീയത്തില്‍ തല്‍പരനായ സുശീല്‍ പക്ഷേ, നിലപാടുകളില്‍ കടുത്ത വലതുപക്ഷവാദിയാണ്. മകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായിരിക്കെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലോക്കല്‍ കൗണ്‍സിലറും അമേരിക്കന്‍ കമ്പനിയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റുമായ അലക്‌സ് സോയറാണ് പ്രീതിയുടെ ഭര്‍ത്താവ്. ഏകമകന്‍ ഫ്രെഡി. വേറെ രണ്ട് ജോലിയുള്ള ഭര്‍ത്താവിനെ സ്വന്തം ഓഫിസിന്റെ നടത്തിപ്പുകാരനായി പ്രതിവര്‍ഷം 25,000 പൗണ്ട് ശമ്പളത്തില്‍ പ്രീതി നിയമിച്ചത് അടുത്തിടെ വിവാദമായിരുന്നു.