Latest News

ഓർമ്മയിൽ ഒരു ഗാനം പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡ്; ആലപിക്കുന്നത് ന്യൂപോർട്ടിൽ നേഴ്‌സായി ജോലി ചെയ്യുന്ന മനോജ് ജോസ്

2017-11-11 02:58:31am | ബെന്നി അഗസ്റ്റിൻ കാർഡിഫ്

കാർഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രയിംസ് യു.കെ.യും ചേർന്നൊരുക്കുന്ന ഓർമ്മയിൽ ഒരു ഗാനം പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡ് ശ്രോതാക്കൾക്കായി സമർപ്പിക്കുന്നു. 
മലയാള സിനിമാ ഗാനചരിത്രത്തിൽ അതുല്യ പ്രതിഭകളുടെ നിറസാന്നിധ്യത്താൽ സമ്പുഷ്‌ടമായ കാലഘട്ടമാണ് എഴുപതുകൾ. വയലാർ, ദേവരാജൻ, പി.ഭാസ്കരൻ, ദക്ഷിണാമൂർത്തി... തുടങ്ങി ഇതിഹാസതുല്യരായ സംഗീത പ്രതിഭകൾ അരങ്ങു വാണിരുന്ന മേഖലയിലേയ്ക്ക് തുടക്കക്കാരായ കടന്നു വന്നവരാണ് ഗായകൻ യേശുദാസും അന്നത്തെ യുവകവികളിൽ ശ്രദ്ധേയനായ ശ്രീകുമാരൻ തമ്പിയും.  1966-ൽ ‘കാട്ടുമല്ലിക’  എന്ന ചിത്രത്തിലുടെ സിനിമാരംഗത്തേക്ക് കടന്നുവന്ന ശ്രീകുമാരൻ തമ്പി ഒരുപക്ഷേ, ഛായാഗ്രഹണവും ഗാനാലാപനവുമൊഴികെയുള്ള എല്ലാ മേഖലകളിലും  പ്രവർത്തിച്ചിട്ടുണ്ട് .
 
മലയാള ചലച്ചിത്ര സംഗീത തറവാട്ടിലെ കാരണവരായ ദക്ഷിണാമൂർത്തി സ്വാമികളും ശ്രീകുമാരൻ തമ്പിയും ചേർന്നുള്ള  കുട്ടുകെട്ടിൽ പിറന്ന അനവദ്യസുന്ദരങ്ങളായ ഗാനങ്ങൾ ഗാനഗന്ധർവൻ  യേശുദാസിൻറെ സ്വരമാധുരിയിലുടെ അനശ്വരങ്ങളായി മാറി.  അവയിൽ എടുത്തുപറയാവുന്നതാണ്  ‘ഉത്തരാസ്വയം വരവും’ , ‘ഹൃദയസരസ്സിലെ പ്രണയ പുഷ്പവും’
 
എഴുപതിൽ പുറത്തിറങ്ങിയ  ‘ലോട്ടറി ടിക്കറ്റ്’ എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച്,  ദക്ഷിണാമൂർത്തി സ്വാമി സംഗീതം നൽകി യേശുദാസ് ആലപിച്ച  ‘മനോഹരി നിൻ മനോരഥത്തിൽ’ ഗാനമാണ്‌  ഇന്നിവിടെ അവതരിപ്പിക്കുന്നത്‌
 
ഈ ഗാനം ആലപിക്കുന്നത് മനോജ് ജോസ്.  ന്യൂപോർട്ടിൽ നേഴ്‌സായി ജോലി ചെയ്യുന്ന മനോജ് യു.കെ.യിൽ നിരവധി സ്റ്റേജുകളിൽ പാടിയിട്ടുണ്ട്. ന്യൂപോർട്ടിൽ ചിത്രയോടൊപ്പം സ്റ്റേജിൽ പാടുവാനും അവസരമുണ്ടായി.
 
ശ്രോതാക്കൾ നൽകുന്ന നിർലോഭമായ പ്രോത്സാഹനങ്ങൾക്ക് ഹാർദ്ദവമായി നന്ദി.
വിശ്വലാൽ: (ക്രിയേറ്റിവ് ഡയറക്‌ടർ)
ജൈസൺ ലോറൻസ്: (ആർട്ട്, ക്യാമറ, എഡിറ്റിംഗ്)