Latest News

ബ്രിട്ടന്‍ ഫസ്റ്റ് നേതാവിന്റെ മുസ്ലിം വിരുദ്ധ ട്വീറ്റ് പങ്കുവച്ച് ട്രംപ്, യുഎസ് പ്രസിഡന്റിനെ വിമര്‍ശിച്ച് മേയ്! ട്വിറ്റര്‍ പോര് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ?

2017-12-01 02:30:06am |

ലണ്ടൻ: ബ്രിട്ടനിലെ തീവ്രവലതുപക്ഷ കക്ഷി നേതാവിന്റെ മുസ്‌ലിം വിരുദ്ധ വിഡിയോകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ പങ്കുവച്ചതിനെ തുടർന്നുണ്ടായ വിവാദം മൂർച്ഛിക്കുന്നു. ബ്രിട്ടൻ സന്ദർശിക്കാൻ ട്രംപിനു നൽകിയ ക്ഷണം തെരേസ മേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ലേബർ പാർട്ടി നേതാക്കൾ അടക്കം രംഗത്തെത്തി.

ബ്രിട്ടനും യുഎസും അടുത്ത സുഹൃത്തുക്കള്‍ ആണെന്നും ഇത്തരം വിവാദങ്ങള്‍ അതിജീവിക്കാന്‍ കരുത്തുള്ള ബന്ധം ഇരുരാജ്യങ്ങളും തമ്മിലുണ്ടെന്നും പിന്നീട് മേയ് വിശദീകരിച്ചു. അടുത്ത സുഹൃത്തുക്കള്‍ പിഴവുകള്‍ വരുത്തിയാല്‍ തിരുത്തേണ്ടത് തങ്ങളുടെ കടമയാണെന്നും വ്യക്തമാക്കി മേയ് പ്രശ്‌നം ലഘൂകരിക്കാനുള്ള നീക്കം നടത്തുകയും ചെയ്തു.

എന്നാൽ, ബ്രിട്ടിഷ് പ്രധാനമന്ത്രി ആദ്യം സ്വന്തം നാട്ടിലെ മതതീവ്രവാദികളെ കൈകാര്യം ചെയ്യൂ എന്നായിരുന്നു ട്രംപിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. ലോകത്തെ ഏറ്റവും മികച്ച കൂട്ടുകെട്ടെന്നു പേരുകേട്ട യുഎസ്–ബ്രിട്ടൻ സഖ്യത്തിലാണു ട്വിറ്റർ പോരു വിള്ളലുണ്ടാക്കിയത്. തെരേസ മേ ഇപ്പോൾ ജോർദാൻ സന്ദർശനത്തിലാണ്.

ബ്രിട്ടൻ ഫസ്റ്റ് നേതാവ് ജയ്ഡ ഫ്രാൻസന്റെ ഇസ്‌ലാം വിരുദ്ധ ട്വീറ്റുകൾ ട്രംപ് അതേപടി വീണ്ടും ട്വീറ്റ് ചെയ്തതാണു പ്രശ്നങ്ങളുടെ തുടക്കം. ട്രംപ് ചെയ്തതു ശരിയായില്ലെന്നു തെരേസ മേയുടെ വക്താവ് ഉടൻതന്നെ പ്രതികരിച്ചു. ട്രംപിന്റെ മറുപടി ആദ്യം പോയതു തെരേസ എന്ന പേരിലുള്ള മറ്റൊരു ട്വിറ്റർ വിലാസത്തിലേക്കായിരുന്നു.

പിന്നീട് അബദ്ധം തിരിച്ചറിഞ്ഞു തെരേസ മേയുടെ ശരിയായ ട്വിറ്റർ വിലാസത്തിലേക്ക് അയച്ചുകൊടുത്തു. യുഎസ് പ്രസിഡന്റ് തന്റെ ട്വീറ്റ് പങ്കുവച്ചതിൽ സന്തോഷമുണ്ടെന്നു ബ്രിട്ടൻ ഫസ്റ്റ് നേതാവ് ജയ്ഡ ഫ്രാൻസൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു ബ്രിട്ടനിൽ തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയിട്ടുള്ള സംഘടനയാണു ബ്രിട്ടൻ ഫസ്റ്റ്.