Latest News

ബ്രിട്ടണില്‍ അവസരമുള്ളത് മൂന്നു വര്‍ഷം കൊണ്ട് ആറായിരം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക്, റിക്രൂട്ട്‌മെന്റിന് പണം നല്‍കി വഞ്ചിതരാകാതിരിക്കുക, നിയമം പൂര്‍ണമായും സൗജന്യം

2017-12-02 03:02:06am |

ലണ്ടൻ: ബ്രിട്ടണില്‍ മലയാളി നഴ്‌സുമാര്‍ക്ക് പുതിയതായി തുറന്നു കിട്ടിയ അവസരം ചില റിക്രൂട്ടിങ് ഏജന്‍സികള്‍ കൊള്ളയടിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയാണെന്ന് ആരോപണം.കൊള്ളയടി ആരംഭിച്ച സ്വകാര്യ ഏജൻസികൾക്കെതിരേ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ശക്തമായ നിലപാടെടുക്കുന്നു. ഓരോ എൻഎച്ച്എസ് ട്രസ്റ്റും നഴ്സുമാർക്ക് നൽകുന്ന സേവന-വേതന വ്യവസ്ഥകൾ വിവരിച്ച്, തികച്ചും സൗജന്യമായാണ് ഏജൻസികൾ റിക്രൂട്ട്മെന്റ് നടത്തേണ്ടത്. ഇങ്ങനെ എത്തിക്കുന്ന ഓരോ നഴ്സുമാർക്കുവേണ്ടിയും ചെലവാകുന്ന തുകയ്ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ട്രസ്റ്റുകളാണ് ഏജൻസിക്കു  നൽകുന്നത്. ഉദ്യോഗാർഥിയിൽനിന്നും ഒരു പൈസ പോലും വാങ്ങരുതെന്ന് വ്യക്തമായ നിർദേശത്തോടെയാണ് ഏജൻസികൾക്ക് എൻഎച്ച്എസ് ട്രസ്റ്റുകൾ റിക്രൂട്ട്മെന്റ് ലൈസൻസ് നൽകുന്നത്. 

എന്നാൽ, നിലവിലെ  സാഹചര്യത്തിൽ പല ഏജൻസികളും വിദേശസ്വപ്നവുമായി കഴിയുന്ന ഉദ്യോഗാർഥികളിൽനിന്നും വ്യാജ പ്രചാരണത്തിലൂടെയും വാഗ്ദാനങ്ങളിലൂടെയും ആയിരങ്ങളും ലക്ഷങ്ങളുമാണ് ആവശ്യപ്പെടുന്നത്. റജിസ്ട്രേഷൻ ഫീസ്, ഹാൻഡിലിംങ് ഫീസ് എന്നിങ്ങനെ പലപേരുകളിൽ തുടങ്ങിയിരിക്കുന്ന തട്ടിപ്പുകൾ എൻഎച്ച്എസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ തെളിഞ്ഞാൽ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറയിപ്പും അധികൃതർ നൽകുന്നു. 

ഇന്ത്യയിൽ ഒരു ലക്ഷം രൂപവരെ ഓരോ ഉദ്യോഗാർഥികളിൽനിന്നും ചില ഏജൻസികൾ വാങ്ങുന്നതായി ആരോപണം ഉയർന്നിട്ടുള്ളതായി ഡെയ്‍ലി മെയിൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇന്ത്യയിൽനിന്നും ആകെ റിക്രൂട്ട്ചെയ്യാൻ എൻഎച്ച്എസ് ഉദ്ദേശിക്കുന്നത് മൂന്നു വർഷം കൊണ്ട് ആറായിരത്തോളം പേരെയാണ്. ഇതിനിടെ, അയ്യായിരത്തിലേറെ നഴ്സുമാരെ റിക്രൂട്ട്ചെയ്യാൻ തങ്ങൾക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്ന മട്ടിൽ പരസ്യം ചെയ്ത് ചില സ്വകാര്യ ഏജൻസികൾ രംഗത്തെത്തിയിട്ടുണ്ട്. 

നഴ്സിംങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) ബ്രിട്ടനിലേക്കു വരാൻ വിദേശ നഴ്സുമാർക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയിൽ (ഐഇഎൽടിഎസ്) അടുത്തിടെ വരുത്തിയ ഇളവുകളും ഐഇഎൽടിഎസിനു പകരം ഒക്കിപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) പരീക്ഷ വിജയിച്ചാലും മതിയെന്ന വ്യവസ്ഥയും മറ്റും മുതലെടുത്താണ് സ്വകാര്യ ഏജൻസികൾ ചാകരകൊയ്ത്തിന് ഇറങ്ങിയിരിക്കുന്നത്. ഇംഗ്ലീഷ് സംസാരഭാഷയായി ഉപയോഗിക്കുന്ന ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്കും നഴ്സിംങ് പഠനം ഇംഗ്ലീഷ് ഭാഷയിൽ പൂർത്തിയാക്കുന്നവർക്കും എൻഎംസി ചില ഇളവുകൾ അനുവദിച്ചിരുന്നു.  

പഠനത്തോടൊപ്പം രോഗികളുമായും അവരുടെ ബന്ധുക്കളുമായും മറ്റുമുള്ള ആശയവിനിമയവും ഇംഗ്ലീഷിലായിരുന്നു എന്നു തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ ഹാജരാക്കിയാലേ ഈ ഇളവുകളുടെ ആനുകൂല്യങ്ങൾ ലഭ്യമാകൂ. കൃത്യമായ നിബന്ധനകളോടെയുള്ള ഇത്തരം ഇളവുകൾ രണ്ടുവർഷത്തിനുള്ളിൽ പഠിച്ചിറങ്ങിയവർക്ക് മാത്രമാണു താനും. ഇതെല്ലാം മറച്ചുവച്ചാണ് ഇന്റർവ്യൂ നടത്താൻ എത്തുന്നവർക്ക് ഭാഷാപരിജ്ഞാനം ബോധ്യപ്പെട്ടാൽ സെലക്ഷൻ ലഭിച്ചേക്കുമെന്നും മറ്റും ചില ഏജൻസികൾ പരസ്യം ചെയ്യുന്നതും നവമാധ്യമങ്ങളിലൂടെയും ഓൺലൈൻ പോർട്ടലുകളിലൂടെയും പ്രചരിപ്പിക്കുന്നതും.  

നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ ഫിലിപ്പൈൻസ്, ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നും യോഗ്യരായ ഇരുപതിനായിരത്തോളം നഴ്സുമാരെ മൂന്നുവർഷംകൊണ്ട് റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആറായിരത്തോളം നഴ്സുമാരെയാണ്  ഇന്ത്യയിൽനിന്നും ലക്ഷ്യമിടുന്നത്. ഈ വസ്തുതയുടെ മറപിടിച്ചാണ് കേരളത്തിലെ നഴ്സുമാർക്കെല്ലാം ബ്രിട്ടനിൽ പോകാമെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും പണപ്പിരിവും ആരംഭിച്ചിട്ടുള്ളത്.