Latest News

സംവാദം നടത്തിയും,കഥകളും കുശലങ്ങളും പറഞ്ഞും കുട്ടികളുടെ പിതാവ്! സ്റ്റീവനേജിൽ ആല്മീയ ചൈതന്യം പകർന്ന് ഇടയ സന്ദർശനം സമാപിച്ചു

2017-12-03 04:07:37am | അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മേലദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ഇടയ സന്ദർശനം സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയിൽ ആല്മീയ ചൈതന്യവും പിതൃ സ്നേഹവും പകരുന്നതായി. പാരീഷംഗങ്ങളെ ഭവനങ്ങളിൽ  ചെന്ന് നേരിൽ കാണുകയും കുശലങ്ങൾ പറഞ്ഞും അവരുടെ സന്തോഷങ്ങളിൽ പങ്കു ചേർന്നും, ഉൽക്കണ്ഠകളിൽ ആശ്വാസം നേർന്നും, സങ്കടങ്ങളിൽ സാന്ത്വനം പകർന്നും ആശീർവ്വദിച്ചും ആണ്  സ്രാമ്പിക്കൽ പിതാവ് ഓരോ ഭവനങ്ങളും കയറിയിറങ്ങിയത്. ജോസഫ് പിതാവിന്റെ ഇട സന്ദർശനം അക്ഷരാർത്ഥത്തിൽ സ്റ്റീവനേജിൽ ആല്മീയ ഊർജ്ജവും പുത്തനുണർവ്വും പകരുന്നതായി.
 
സ്റ്റീവനേജിൽ നേരത്തെ പാരീഷ് തിരുന്നാളിലും പാരീഷ് ദിനാഘോഷത്തിലും മുഖ്യാതിഥിയായി പങ്കു  ചേർന്ന പിതാവ് അന്ന് ആർജ്ജിച്ച കുടുംബ ബന്ധങ്ങൾ  അരക്കിട്ടുറപ്പിക്കുകയായിരുന്നു തന്റെ ഈ അജപാലന ശുശ്രുഷയിലൂടെ. 
സെന്റ് ഹിൽഡാ ദേവാലയത്തിൽ പരിശുദ്ധ കുർബ്ബാന അർപ്പിച്ചു കുടുംബാംഗങ്ങളെ സമർപ്പിച്ചു സമാരംഭിച്ച ഇടയ സന്ദർശനത്തിൽ ക്ഷമയുടെയും ദൈവ വിശ്വാസത്തിന്റെയും അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നതായി കുർബ്ബാന മദ്ധ്യേ നൽകിയ സന്ദേശം."നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ ദൈവ കൃപയുടെയും അനുഗ്രഹങ്ങളുടെയും രോഗ ശാന്തിയുടെയും വാതായനങ്ങൾ നമ്മൾക്കായി തുറക്കപ്പെടും.വൈരാഗ്യം പക എന്നിവയാണ് നാം നേരിടുന്ന വലിയ രോഗങ്ങൾക്കും പ്രതിസന്ധികൾക്കും പ്രശ്‍നങ്ങൾക്കും ആധാരം.ദൈവ വിശ്വാസവും, പ്രമാണങ്ങളും മുറുകെ പിടിക്കുന്നവർ ജീവിത വിജയങ്ങൾക്കായുള്ള വറ്റാത്ത ഉറവകൾ കണ്ടെത്തും, അവർ ഒരിക്കലും നിരാശരാവില്ല" എന്നും പിതാവ് മക്കളെ ഓർമ്മിപ്പിച്ചു.  
 
തിരുസഭയുടെ അടിസ്ഥാനമായ കുടുംബത്തിൽ ബന്ധങ്ങൾ ശാക്തീകരിച്ചും,കുടുംബ യൂണിറ്റുകളിൽ ഐക്യവും, സ്നേഹവും നിറച്ചും, ചാപ്ലിൻസികളുടെ പരിധിയിൽ ശക്തമായ കൂട്ടുകെട്ടും രൂപതാ തലത്തിൽ ശക്തമായ സഭാ സ്നേഹത്തിനും പരസ്പര സഹകരണത്തിനും ആക്കം കൂട്ടുവാനും അതിനായി രൂപതയിലെ മക്കളെയും കുടുംബങ്ങളെയും രൂപപ്പെടുത്തുന്നതിനും പിതാവിന്റെ ഇടയ സന്ദർശനങ്ങളും രൂപതാ തലത്തിൽ നടത്തപ്പെടുന്ന പദ്ധതികളും കോർത്തിണക്കി വിശകലനം ചെയ്യുമ്പോൾ അനുഗ്രഹീതമാവുന്നുവെന്നു തെളിയിക്കുന്നതാണ് അജപാലന വിസിറ്റുകൾ.
 
രൂപതയുടെ പ്രഥമ വാർഷീകത്തിനകം നേടിയെടുത്ത വൻ വിജയങ്ങൾക്കു രൂപതയാകെ കയ്യടി നേടിയെടുക്കുമ്പോൾ അതിന്റെ പിന്നിലെ ജാലക ശക്തിയായ സഭാമക്കൾ പിതാവിന്റെ അശ്രാന്തമായ പരിശ്രമത്തിന്റെയും ശക്തമായ പ്രാർത്ഥനയുടെയും കഠിനാദ്ധ്വാനത്തിന്റെയും രൂപതാതലത്തിൽ നടത്തിയ ആല്മീയ പോഷണ പരിപാടികളിലും എത്രമാത്രം ആകർഷിതരായി എന്ന് തെളിയിക്കുന്നതാണ് ഓരോ കുടുംബങ്ങളിലും പിതാവിന് ലഭിച്ച സ്നേഹാദരവും പിന്തുണയും. 
 
രൂപതയിൽ പിതാവിന്റെ സെക്രട്ടറി ഫാ.ഫാൻസുവ പത്തിൽ ശുശ്രുഷകളിൽ സഹകാർമികത്വം വഹിച്ചു.ഇടയ സന്ദർശനങ്ങളിൽ ട്രസ്റ്റിമാരായ അപ്പച്ചൻ കണ്ണഞ്ചിറ ജിമ്മി ജോർജ്ജ് എന്നിവർ പിതാവിനെ അനുഗമിച്ചു.ഓരോ കുടുംബങ്ങളെയും അവർക്കായി ദൈവം നൽകിയ  അനുഗ്രഹങ്ങളിൽ സന്തോഷം പങ്കിടുമ്പോൾ തന്നെ പ്രാരാബ്ധങ്ങളുമായി ദൂരെ നോക്കി കാത്തിരിക്കുന്ന അസംഖ്യം മക്കൾക്ക് ഈ വേദി ലഭിക്കുവാൻ ഇടയാകട്ടെ എന്നും പ്രാർത്ഥിക്കുകയും  ശ്രമിക്കുകയും ചെയ്യുന്ന ഒരു നല്ല പിതാവിനെയാണ് സ്റ്റീവനേജിൽ നേരിൽ കാണുവാൻ കഴിഞ്ഞത്.
 
സ്റ്റീവനേജിൽ സംവാദം നടത്തിയും,കഥകളും കുശലങ്ങളും പറഞ്ഞും കുട്ടികളുടെ പിതാവ്
 
അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവ് തന്റെ ഇടയ സന്ദർശനത്തിന്റെ സമാപനമായി സ്റ്റീവനേജ് പാരീഷ് കുടുംബങ്ങൾക്കായി സെന്റ് ജോസഫ്സ് ദേവാലയത്തിൽ കൃതജ്ഞതാ ബലി അർപ്പിക്കുകയുണ്ടായി. കുർബ്ബാനയുടെ ആമുഖത്തിൽ സഭയുടെ നാളത്തെ ശക്തന്മാരായ മക്കളെ നേരിൽ കാണുവാനും വിശ്വാസത്തിന്റെയും,  പാരമ്പര്യത്തിന്റെയും പ്രമാണങ്ങളുടെയും ജീവിത സാക്ഷിതത്വത്തിന്റെയും അനിവാര്യതയെ വളരെ സരസമായും ഉപമകൾ നിരത്തിയും നർമ്മ സല്ലാപത്തിലൂടെയും അവരിലേക്ക്‌ പകരുവാൻ പിതാവ് സമയം കണ്ടെത്തുകയായിരുന്നു. 
 
'നിരവധി വ്യക്തികൾ കുരിശിൽ മരിച്ചുവെങ്കിലും ദൈവ പുത്രനായ യേശു ക്രിസ്തുവിന്റെ കുരിശുമരണം എന്തേ വേറിട്ട് നിൽക്കുന്നുവെന്നും, സൃഷ്‌ടിയും സൃഷ്‌ടാവും തമ്മിലുള്ള വ്യത്യസ്തത, ജന്മപാപങ്ങൾ ഏശാതെ എങ്ങിനെ പരിശുദ്ധ മാതാവ് മാത്രം ജനിച്ചുവെന്നും നമ്മൾ എങ്ങിനെ മാമോദീസ സ്വീകരണത്തിലൂടെ അമലോത്ഭവതാവസ്ഥയിലേക്കു എത്തിപറ്റുന്നുവെന്നും, ദൈവ പദ്ധതികൾ എങ്ങിനെ മനസ്സിലാക്കുവാൻ പറ്റുമെന്നും എന്തിന്  നന്നായി പ്രാർത്ഥിക്കണം ദൈവത്തെ സ്തുതിക്കണം എന്നും ആഴത്തിൽ എന്നാൽ സരസമായി മനസ്സിലാക്കികൊടുത്ത പിതാവ് ദൈവത്തിനു സാക്ഷികളായി ജീവിക്കണം'  എന്നും കുട്ടികളെ ഉപദേശിച്ചു.
 
കുട്ടികൾ ദൈവ സ്നേഹം പറ്റുവാൻ എത്ര മാത്രം യോഗ്യരാണ് എന്നും ആ നിർമ്മലത അതെങ്ങിനെ കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ട് പോവാം എന്ന് സവിസ്തരം പ്രതിപാദിച്ച പിതാവ് കുട്ടികളെ ആകർഷിക്കുകയും അവരുടെ പ്രിയങ്കരനായ പിതാവാകുകയുമായിരുന്നു. പിതാവിന്റെ ചോദ്യങ്ങൾക്കു വ്യത്യസ്തമായ ഉത്തരങ്ങളാണ് കുട്ടികൾ നല്കിയതെങ്കിലും കേട്ടിരുന്ന ഏവരിലും അത് ചിന്തോദ്ദീപകവും വിജ്ഞാനം ഏകുന്നതുമായി. 
 
പിതാവിന്റെ സംവാദം ആസ്വദിച്ചും  അനുഭവിച്ചും മനസ്സിലാക്കിയ കുട്ടികൾ ഹർഷാരവത്തോടെയാണ് പിതാവിന് നന്ദി അർപ്പിച്ചത്. കൃതജ്ഞതാ ബലിയിൽ കുട്ടികൾ തന്നെയാണ് ഗാന ശുശ്രുഷകൾ നയിച്ചതും പിതാവിന്റെ പ്രശംസ പിടിച്ചു പറ്റിയതും. ട്രസ്റ്റി അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.