Latest News

ഇന്നു വാദം പുനരാരംഭിക്കും, മല്യയെ കൈമാറൽ കേസ് വീണ്ടും; വിധി ഈ വർഷം, ജയിൽ തയാറാണെന്ന് ഇന്ത്യ

2017-12-04 02:28:08am |

ലണ്ടൻ: വായ്പ തിരിച്ചടയ്ക്കാതെ ബാങ്കുകളെ കബളിപ്പിച്ചു ലണ്ടനിലേക്കു മുങ്ങിയ വ്യവസായി വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതു സംബന്ധിച്ച കേസിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ ഇന്നു വാദം പുനരാരംഭിക്കും.

മല്യയെ പാർപ്പിക്കാൻ മുംബൈ ആർതർ റോഡ് ജയിൽ തയാറാണെന്ന് ഇന്ത്യയ്ക്കുവേണ്ടി വാദിക്കുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) കോടതിയെ അറിയിക്കും. ഇന്ത്യൻ ജയിലുകൾ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങൾ പതിവാണെന്നുമുള്ള മല്യയുടെ വാദത്തെ മറികടക്കാനാണ് ആർതർ റോഡ് ജയിലിലെ മികവുറ്റ സുരക്ഷാസംവിധാനങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യയുടെ ശ്രമം.

17 ബാങ്കുകളിൽനിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്തു കടന്ന മല്യയ്ക്കായി ലണ്ടനിലെ മികച്ച അഭിഭാഷകരാണു ഹാജരാകുന്നത്. 14 വരെ വാദം തുടരുന്ന കേസിൽ ഈ വർഷം അവസാനത്തോടെ വിധിയുണ്ടായേക്കും. വിധി മല്യയ്ക്ക് എതിരായാൽ രണ്ടുമാസത്തിനകം ഇന്ത്യയ്ക്കു വിട്ടുകൊടുക്കേണ്ടി വരും. എന്നാൽ, മല്യയ്ക്ക് അപ്പീലിന് അവസരമുണ്ട്.

ഇന്ത്യയും ബ്രിട്ടനും തമ്മിൽ 1992 മുതൽ കുറ്റവാളി കൈമാറ്റ കരാർ ഉണ്ടെങ്കിലും ഒരാളെ മാത്രമേ ഇതുവരെ വിട്ടുകിട്ടിയിട്ടുള്ളൂ. ഗോധ്ര കലാപക്കേസിൽ പ്രതിയായ സമീർഭായ് വിനുഭായ് പട്ടേലായിരുന്നു അത്.