Latest News

ക്വിറ്റ് ബ്രിട്ടണ്‍! ബ്രെക്‌സിറ്റില്‍ തീരുമാനമാകാതെ നീളുമ്പോഴും കുടിയേറ്റത്തിന് കടിഞ്ഞാണ്‍, ഒരു വര്‍ഷം കുറഞ്ഞത് ഒരു ലക്ഷം കുടിയേറ്റം

2017-12-05 03:08:38am |

ലണ്ടൻ: ബ്രെക്‌സിറ്റ് നടപടികള്‍ അനിശ്ചിതമായി നീളുമ്പോഴും ബ്രിട്ടന് ആശ്വസിക്കാന്‍  വകയായി കുടിയേറ്റത്തില്‍ വന്‍ കുറവ്. ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിൽ ഒറ്റ വർഷംകൊണ്ട് ഉണ്ടായത് ഒരുലക്ഷം പേരുടെ കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ യൂണിയനിൽനിന്നും ഉള്ളവരാണെന്നത് ബ്രെക്സിറ്റിന്റെ ഫലം കൂടുതൽ വ്യക്തമാക്കുന്നു.

അതേസമയം യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് കരാർ ഉറപ്പിക്കാൻ ബ്രിട്ടനു കഴിഞ്ഞില്ല. കഴിഞ്ഞ ദിവസത്തെ ചർച്ചകളിൽ നിർണായക പുരോഗതിയുണ്ടെങ്കിലും ചില കാര്യങ്ങളിൽ ഇനിയും തീരുമാനത്തിലെത്താനുണ്ടെന്നും അതിനാൽ ഉടമ്പടിയിൽ എത്താനായില്ലെന്നും പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ചർച്ചകൾ അടുത്തയാഴ്ചയും തുടരും. ഈമാസം 14, 15 തീയതികളിൽ നടക്കുന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിനു മുന്നോടിയായി എല്ലാ കാര്യങ്ങളിലും ധാരണയിലെത്താനാകുമെന്നും മേ പ്രതീക്ഷ പ്രകടിപ്പിച്ചു.

യൂറോപ്യൻ യൂണിയന്റെ നിർദേശപ്രകാരം ബ്രിട്ടന്റെ ഭാഗമായ നോർത്തേൺ അയർലൻഡിനെ കസ്റ്റംസ് യൂണിയന്റെയും ഏകീകൃത വിപണിയുടെയും ഭാഗമായി നിലനിർത്തുന്നതിനോട് ബ്രിട്ടിഷ് സർക്കാരിനു കാര്യമായ വിയോജിപ്പില്ലായിരുന്നു. എന്നാൽ ഈ തീരുമാനം തെരേസ മേ സർക്കാരിനെ താങ്ങിനിർത്തുന്ന ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) തുറന്നെതിർത്തതോടെയാണ് ചർച്ചകളിൽ തീരുമാനമെടുക്കാനാകാതെ ബ്രിട്ടൻ പിന്മാറിയതെന്നാണ് സൂചന.

കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറി താമസമാക്കിയത് 230,000 പേരാണ്. മുൻ വർഷത്തേക്കാൾ ഒരുലക്ഷം പേർ കുറവാണിത്. ഈവർഷം ജൂണിനു മുമ്പ് ബ്രിട്ടനിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തിയ വിദേശികൾ 572,000 ആണ്. ഇതിൽ 342,000 പേർ മടങ്ങിപ്പോയി. ഇങ്ങനെ വരുന്നവരും മടങ്ങിപ്പോകുന്നവരും തമ്മിലുള്ള അന്തരമാണ് കുടിയേറ്റമായി (നെറ്റ് മൈഗ്രേഷൻ) ആയി കണക്കാക്കുന്നത്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ ഒരു വർഷം മൈഗ്രേഷനിലുണ്ടായ 106,000 പേരുടെ കുറവ് രാജ്യചരിത്രത്തിലെ സർവകാല റെക്കോർഡാണ്. ബ്രിട്ടനിൽ ജനിച്ച യൂറോപ്യൻ യൂണിയൻ പൗരന്മാർപോലും രാജ്യം വിട്ടുപോകുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.  ഇതോടൊപ്പം ബ്രിട്ടീഷ് പൗരത്വം നേടാൻ അപേക്ഷ നൽകുന്ന യൂറോപ്യൻ പൗരന്മാരുടെ എണ്ണത്തിലും വൻ വർധനയാണുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 80 ശതമാനത്തോളം വർധനയാണ് ഇക്കാര്യത്തിൽ.