Latest News

എന്‍എച്ച്എസില്‍ ചികിത്സ വേണോ? മരണം ഉറപ്പാണെന്നു തെളിയിക്കണം, രോഗം തോന്നിയാല്‍ നാട്ടിലേക്ക് പോകുന്നതാകും നല്ലത്‌

2018-01-05 02:51:51am |

ലണ്ടൻ: ബ്രിട്ടണിലെ ആശുപത്രികള്‍ കടുത്ത വിന്റര്‍ പ്രഷറില്‍. മഞ്ഞുകാല രോഗങ്ങളും മദ്യപന്മാരുടെ അതിപ്രസരവും താങ്ങാനാവാതെ ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റി. ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ടുമെന്റുകളിൽ ഡോക്ടറെ കാണാനുള്ള രോഗികളുടെ കാത്തിരിപ്പ് എട്ടും പത്തും മണിക്കൂറുകളായി നീളുന്നു. കിടത്തി ചികിൽസിക്കാൻ സംവിധാനങ്ങൾ അപര്യാപ്തമായതോടെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഓപ്പറേഷനുകളെല്ലാം ഒരു മാസത്തേക്ക്  റദ്ദാക്കിയതായും ഔട്ട് പേഷ്യന്റ് അപ്പോയിന്റുമെന്റുകൾ നീട്ടിവച്ചതായും എൻഎച്ച്എസ് അറിയിച്ചു. ‌‌

ജീവൻ അപകടത്തിലാകുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമാകും കിടത്തി ചികിൽസ. ജനുവരി 31 വരെയുള്ള ഓപ്പറേഷനുകളാണ് മാറ്റിവച്ചത്. അതുവരെ ജീവൻ രക്ഷിക്കാൻ അനിവാര്യമായ അടിയന്തര ഓപ്പറേഷനുകളും കാൻസർ സർജറികൾ പോലെ ഒഴിച്ചുകൂടാനാകാത്തവയും മാത്രമാകും ചെയ്യുക. എൻ.എച്ച്.എസിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം.  

ലോകത്തെ ഏറ്റവും മികച്ച ആതുര ശുശ്രൂഷാസംവിധാനമെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടനയുൾപ്പെടെ സർട്ടിഫിക്കറ്റ് നൽകിയ എൻ.എച്ച്.എസിന് നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണിത്. എല്ലാവർഷവും തണുപ്പുകാലത്ത് ഫ്ലൂവും മറ്റു രോഗങ്ങളും മൂലം എൻഎച്ച്എസിന്റെ പ്രവർത്തനം ബുദ്ധിമുട്ടിലാകാറുണ്ട്. എന്നാൽ പതിവായുണ്ടാകുന്ന ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാരിന് ഇനിയുമായിട്ടില്ല. കഴിഞ്ഞ ബജറ്റിൽ വിന്റർ സപ്പോർട്ടിനായി 437 മില്യൺ പൗണ്ട് അധികം അനുവദിച്ചിരുന്നു. ഇതോടൊപ്പം സോഷ്യൽ കെയർ ഫണ്ടായി ഒരു ബില്യൺ പൗണ്ടും അനുവദിച്ചിരുന്നു. എന്നാൽ ഇതൊന്നും പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായകമായില്ല. പണത്തിന്റെ അപര്യാപ്തതയേക്കാൾ സംവിധാനത്തിന്റെ പാളിച്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യക്തമാക്കുന്നതായി ഇത്. 

രോഗീ പരിചരണത്തിന് ആവശ്യമായ സംവിധാനങ്ങൾ വർധിപ്പിക്കുകയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നതിനു പകരം തലതിരിഞ്ഞ പുതിയ പരിഷ്കാരങ്ങളുമായി സമയം പാഴാക്കുന്ന സമീപനമാണ് എൻഎച്ച്എസ് എക്കാലവും അനുവർത്തിക്കുന്നത്. മൂന്നാം ലോക രാഷ്ട്രങ്ങളിലേതിനേക്കാൾ മോശമായ സംവിധാനമാണ് ഇവിടെ കാണുന്നത് എന്നു സ്റ്റോക്കിലെ ഒരു ഡോക്ടർ തന്നെ ഇന്നലെ ട്വീറ്റ് ചെയ്തത് സംവിധാനത്തിന്റെ പാളിച്ചകൾ തുറന്നുകാട്ടുന്നു. ഇത്ര മോശമായ അവസ്ഥ ഇതിനു മുമ്പ് കണ്ടിട്ടേയില്ലെന്ന് ട്രസ്റ്റ് മേധാവികളും സാക്ഷ്യപ്പെടുത്തുന്നു. 

പല ആശുപത്രികളിലും വരാന്തകളിൽ കിടത്തി രോഗികളെ ശുശ്രൂഷിക്കേണ്ട അവസ്ഥയാണ്. മണിക്കൂറിൽ മുന്നൂറിലധികം കോളുകളാണ് ലണ്ടൻ ആംബുലൻസ് സർവീസിന് ലഭിക്കുന്നത്. ഇതിൽ പകുതിപ്പേരെ പോലും കിടത്തി ചികിൽസിക്കാൻ ആശുപത്രികളിൽ ബഡോ മറ്റു സംവിധാനങ്ങളോ ഇല്ല. ജീവൻ അപകടത്തിലാകുന്ന സ്ഥിതിയല്ലെങ്കിൽ ആശുപത്രിയിലേക്ക് വരേണ്ടതില്ലെന്ന മുന്നറിയിപ്പാണ് മിൽട്ടൺ കെയിൻസിലെയും കെന്റിലെയും കോൺവാളിലെയും വെസ്റ്റ് സസെക്സിലെയുമെല്ലാം ആശുപത്രികൾ നൽകുന്നത്. അത്രമാത്രം ഭയാനകമാണ് ആശുപത്രികളിലെ പ്രതിസന്ധി.