Latest News

മാപ്പ്! രോഗികളുടെ ജീവന്‍ വച്ചു പന്താടിയ എന്‍എച്ച്എസ് ഒടുവില്‍ കുറ്റം തിരിച്ചറിഞ്ഞു, പരസ്യമായി മാപ്പിരന്ന് ആരോഗ്യമന്ത്രി

2018-01-08 02:22:15am |

ലണ്ടൻ: മാപ്പ്... ഒടുവില്‍ എന്‍എച്ച്എസ് അതു തിരിച്ചറിഞ്ഞു ജനതയോടു ചോദിച്ചു. വിന്റർ പ്രഷർ താങ്ങാനാകാതെ ഓപ്പറേഷനുകളും ഔട്ട് പേഷ്യന്റ് അപ്പോയിന്റുമെന്റുകളും ഒരു മാസത്തേക്ക് നീട്ടിവച്ച എൻ.എച്ച്.എസിന്റെ നടപടി ദുരിതക്കയത്തിലാക്കിയത് അരലക്ഷത്തിലേറെ രോഗികളെ. ഏറെ നാളായി കാത്തിരുന്നു കിട്ടിയ ഓപ്പറേഷൻ തീയതികൾ പൊടുന്നനെ റദ്ദാക്കിയതറിഞ്ഞ് പലരും താങ്ങാനാവാത്ത മാനസിക വ്യഥയിലായി. ഒഴിവാക്കാനാകാത്ത ഈ സാഹചര്യത്തിൽ ഓപ്പറേഷനുകളും മറ്റും  മാറ്റിവയ്ക്കേണ്ടിവന്നതിൽ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് രോഗികളോടും പൊതുജനങ്ങളോടും മാപ്പപേക്ഷയുമായി രംഗത്തെത്തി.

മഞ്ഞുകാല രോഗങ്ങളും മദ്യപന്മാരുടെ അതിപ്രസരവും താങ്ങാനാവാതെ ബ്രിട്ടണിലെ എൻ.എച്ച്.എസ്. ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയതോടെയാണ് ഒരു മാസത്തേക്ക് എല്ലാ ഓപ്പറേഷനുകളും മാറ്റിവച്ചത്.  ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ടുമെന്റുകളിൽ ഡോക്ടറെ കാണാനുള്ള രോഗികളുടെ കാത്തിരിപ്പ് എട്ടും പത്തും മണിക്കൂറുകളായി നീളുന്ന അവസ്ഥയാണിപ്പോൾ.  കിടത്തി ചികിൽസിക്കാനുള്ള സംവിധാനങ്ങൾ അപര്യാപ്തമായതോടെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഓപ്പറേഷനുകളെല്ലാം ഒരു മാസത്തേക്ക്  റദ്ദാക്കിയതായും ഔട്ട് പേഷ്യന്റ് അപ്പോയിന്റുമെന്റുകൾ നീട്ടിവച്ചതായും എൻ.എച്ച്.എസ്. അറിയിക്കുകയായിരുന്നു.

ജീവൻ അപകടത്തിലാകുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമാകും കിടത്തി ചികിൽസ.  ജനുവരി 31 വരെയുള്ള ഓപ്പറേഷനുകളാണ് മാറ്റിവച്ചത്. അതുവരെ ജീവൻ രക്ഷിക്കാൻ അനിവാര്യമായ അടിയന്തര ഓപ്പറേഷനുകളും കാൻസർ സർജറികൾ പോലെ ഒഴിച്ചുകൂടാനാകാത്തവയും മാത്രമാകും ചെയ്യുക. എൻഎച്ച്എസിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം.  

എൻഎച്ച്എസിന്റെ ദുരവസ്ഥയെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടികളെല്ലാം രംഗത്തെത്തി. എന്നാൽ ആരോഗ്യരംഗം താറുമാറായെന്നും പ്രതിസന്ധിയിലായെന്നുമുള്ള  വിമർശനത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. എല്ലാ വർഷത്തേക്കാളും മെച്ചപ്പെട്ട മുന്നൊരുക്കത്തോടെയാണ് ഈ മഞ്ഞുകാലത്തെ നേരിടാൻ സർക്കാർ തയാറെടുത്തിരുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  എന്നാൽ 1990നു ശേഷം ഇത്ര മോശപ്പെട്ട അവസ്ഥ എൻ.എച്ച്.എസിന് ഇത് ആദ്യമാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

ഇതിനിടെ അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്നലെ ബ്രിട്ടണിലെ ആരോഗ്യരംഗത്തെ പാളിച്ചകൾ ഏറ്റെടുത്ത് രംഗത്തെത്തി. ലോകാരോഗ്യ സംഘടനയുടെ ഉൾപ്പെടെ അംഗീകാരം നേടിയ  എൻ.എച്ച്. എസിന്റെ പ്രവർത്തനം മൂന്നാം ലോക രാഷ്ട്രങ്ങളിലെ സംവിധാനങ്ങളിലേക്കാൾ മോശമാണെന്ന വിമർശനം ഉയർത്തിയാണ് ലോക മാധ്യമങ്ങൾ ബ്രിട്ടീഷ് സർക്കാരിന്റെ വീഴ്ചയെ തുറന്നു കാട്ടിയത്.