Latest News

സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ സഞ്ചാരവും പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണവും ലണ്ടനിൽ! പുതുവർഷത്തിലെ ആദ്യ പരിപാടിയുമായി ലണ്ടനിലുള്ള കലാ സാഹിത്യ കൂട്ടായ്മ "കട്ടൻ കാപ്പിയും കവിത"യും

2018-01-09 03:32:39am |

പുതുവർഷത്തിലെ ആദ്യ പരിപാടിയുമായി ലണ്ടനിലുള്ള കലാ സാഹിത്യ കൂട്ടായ്മ 'കട്ടൻ കാപ്പിയും കവിത'യും ഈ വരുന്ന ഞായറാഴ്ച  ജനുവരി 14 - ന് വീണ്ടും  ഒത്തു കൂടുന്നു . 'മലയാളി അസോസിയേഷൻ ഓഫ്  ദി യു .കെ.' യുടെ ആഭിമുഖ്യത്തിൽ , ലണ്ടനിലെ  മനോപാർക്കിലുള്ള 'കേരള ഹൌസി'ൽ വെച്ച് , രണ്ട് പരിപാടികളുമായിട്ടാണ് , അന്ന് വൈകീട്ട് 5 മണി മുതൽ ഇതിനു വേണ്ടി വേദിയൊരുക്കുന്നത് .
ആദ്യം മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരം നടത്തുകയാണ്. സുഗതകുമാരി എന്ന പേര്‌ തിരിച്ചറിയാന്‍ മലയാളിക്ക്‌ കൂടുതല്‍ വിശേഷണങ്ങളുടെ ആവശ്യമില്ല. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായിമലയാള കവിതയുടെ മുഖ്യധാരയില്‍ വര്‍ത്തിക്കുകയാണെങ്കിലും കവിയത്രി എന്ന നിലയില്‍ മാത്രമല്ല , സുഗതകുമാരി ടീച്ചർ ആദരിക്കപ്പെടുന്നത്‌.

ഓരോ മലയാളിയുടെയും നിത്യ ജീവിതത്തില്‍ ഇത്രത്തോളം ഇടപെടുകയും , സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുള്ള മറ്റൊരാള്‍ ഇല്ല. സുഗതകുമാരി ടീച്ചർക്ക്  എണ്‍പതു വയസ്സാകുമ്പോള്‍ നാമൊരോരുത്തരും അത്‌ ഓര്‍ത്തുവയ്ക്കുന്നതും , ആശംസകള്‍ ചൊരിയുന്നതും അതിനാലാണ്‌. അതുകൊണ്ടാണ് കഴിഞ്ഞ ഒരു മാസത്തോളം നീണ്ട ഓൺലൈൻ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം , പുതുവത്സരത്തിൽ പ്രിയപ്പെട്ട  സുഗതകുമാരി ടീച്ചറുടെ കവിതകളിലൂടെ , ഈ  'കട്ടൻകാപ്പി കൂട്ടായ്'മ സഞ്ചരിക്കുന്നത് . അന്നവിടെ  സുഗതകുമാരി ടീച്ചറുടെ   കവിതകളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും, പഠനങ്ങളും, ഇഷ്ടപ്പെട്ട കവിതകളും, വരികളും ചൊല്ലിയാടാവുന്നതാണ്  നമുക്കേവർക്കും അതു പ്രയോജനകരമാകും.

പിന്നീട് ഈയിടെ നമ്മെ വിട്ട് പോയ മലയാളത്തിന്റെ പ്രിയപ്പെട്ട  സാഹിത്യകാരൻ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്‌മരണത്തിനാണ് വേദി പങ്കിടുന്നത് . തന്റെ സമകാലികരായ ആധുനിക സാഹിത്യകാരന്മാരില്‍നിന്നും , സാഹിത്യകാരികളില്‍നിന്നും ദര്‍ശനത്തിലും ആവിഷ്‌കാരരീതിയിലും വ്യത്യസ്തനായിരിക്കുവാന്‍ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്ക ബോധപൂര്‍വ്വമല്ലാതെ തന്നെ നടത്തിയ സര്‍ഗ്ഗാത്മക സമരമാണ് അദ്ദേഹത്തിന്റെ രചനകളുടെ മൗലികതയ്ക്ക് നിദാനം. ബഷീറിനെയും മാധവിക്കുട്ടിയെയുംപോലെ ബൗദ്ധികതയേക്കാള്‍ , സഹജാവബോധത്തെ അവലംബിക്കുന്ന ഒരു സര്‍ഗ്ഗാത്മകതയാണത്.

ഭാഷയിലും , രൂപശില്‍പ്പത്തിലും , ചിന്തയിലും ഡോ : പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്കയുടെ രചനകള്‍ പുലര്‍ത്തുന്ന സാരള്യം മറ്റു പല മലയാളി എഴുത്തുകാരുടെ കൃതികളെ അപേക്ഷിച്ച് ജീവിതത്തെയും , ജീവിത സന്ദര്‍ഭങ്ങളെയും , മനുഷ്യരെയും , പ്രപഞ്ചത്തെയും സംബന്ധിച്ച വലിയ ആഴങ്ങള്‍ സന്നിഹിതമാക്കുന്നവയായിരുന്നു.

മലയാള ഭാഷാ സ്നേഹികളായ ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം  ചെയ്യുന്നു ....