Latest News

എച്ച്–1 ബി വീസയിൽ ആശ്വാസം, ‘മെറിറ്റ്’ അടിസ്ഥാനമാക്കി കുടിയേറ്റ സംവിധാനം നടപ്പാക്കാൻ യുഎസ് ഒരുങ്ങുന്നു

2018-01-10 03:09:38am |

വാഷിങ്ടൻ∙ വിദഗ്ധ മേഖലയിൽ ജോലിചെയ്യുന്നവർക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയായ എച്ച്–1 ബി പുതുക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്താനുള്ള നീക്കം യുഎസ് സർക്കാർ ഉപേക്ഷിച്ചു. ഐടി ഉൾപ്പെടെയുള്ള വിദഗ്ധ തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന ഏഴര ലക്ഷത്തോളം ഇന്ത്യക്കാർ യുഎസ് വിടേണ്ടിവരുമെന്ന വലിയ ആശങ്ക ഇതോടെ ഒഴിവായി.

ജോലികളിൽ നാട്ടുകാർക്കു മുൻഗണന നൽകുകയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തിൽ വീസ പുതുക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്താൻ യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, നിയമത്തിലെ ഒരു വകുപ്പു തെറ്റായി വ്യാഖ്യാനിച്ചുള്ളതാണു റിപ്പോർട്ടെന്നും എച്ച്–1 ബി വീസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഭേദഗതിയൊന്നും പരിഗണിക്കുന്നില്ലെന്നും യുഎസ്‌സിഐഎസ് വക്താവ് ജൊനാഥൻ വിതിങ്ടൻ അറിയിച്ചു.

വീസ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെ വ്യവസായ സംഘടനകളും യുഎസ് കോൺഗ്രസ് അംഗങ്ങളും എതിർത്തിരുന്നു. എന്നാൽ സമ്മർദങ്ങളുടെ അടിസ്ഥാനത്തിലല്ല തീരുമാനമെന്നും നയം മാറ്റം ആലോചിച്ചിട്ടില്ലെന്നുമാണു യുഎസ്‌സിഐഎസിന്റെ നിലപാട്. 

മൂന്നുവർഷത്തെ എച്ച്–1 ബി വീസയിൽ യുഎസിൽ ജോലിക്കെത്തുന്നവർക്കു കാലാവധിക്കു ശേഷം മൂന്നു വർഷത്തേക്കു കൂടി വീസ ഒറ്റത്തവണയായി നീട്ടിക്കിട്ടാൻ ഇപ്പോൾ വ്യവസ്ഥയുണ്ട്. ഇതിനകം സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷ നൽകിയാൽ, അതിൽ തീരുമാനമാകുന്നതു വരെ എത്രകാലം വേണമെങ്കിലും തുടരാം. ഈ വ്യവസ്ഥ ഭേദഗതി ചെയ്ത്, വീസ പുതുക്കിനൽകുന്നതു യുഎസ്‌സിഐഎസിന്റെ വിവേചനാധികാരമാക്കി മാറ്റുമെന്നായിരുന്നു റിപ്പോർട്ടുകൾ.

അതേസമയം മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം യുഎസിൽ നടപ്പാക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. മികച്ച ട്രാക്ക് റെക്കോർഡുള്ള ആളുകളെ മാത്രമേ യുഎസിലേക്കു പ്രവേശിപ്പിക്കുവെന്നു ട്രംപ് വ്യക്തമാക്കി. കാനഡയിലും ഓസ്ട്രേലിയയിലും മെറിറ്റ് അടിസ്ഥാനമാക്കിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഇന്നു യുഎസിലേക്ക് ആളുകളെ കൊണ്ടുവരുന്ന നയത്തിന്റെ വേറിട്ടരീതിയാണിത്. അങ്ങനെ വന്നാൽ മികച്ച പശ്ചാത്തലമുള്ളവരായിരിക്കും യുഎസിലേക്കു വരിക, വൈറ്റ് ഹൗസിൽ രണ്ടു രാഷ്ട്രീയകക്ഷികളെ പ്രതിനിധികരിക്കുന്ന ഒരു കൂട്ടം ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

വിഷയത്തിൽ ട്രംപിന്റെ അഭിപ്രായത്തോട് പലരും യോജിച്ചു. 21–ാം നൂറ്റാണ്ടിൽ നമുക്കു വിജയിക്കണമെങ്കിൽ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം വേണമെന്നു സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. 11 മില്യൺ ജനതയ്ക്കായി ഇതിലുമധികം ചെയ്യാൻ താൻ തയാറാണ്. എല്ലാ 20 വർഷവും കൂടുമ്പോഴല്ല ഇതു ചെയ്യേണ്ടത്, ഗ്രഹാം കൂട്ടിച്ചേർത്തു.

പരിഷ്കരണം മൂന്നു തൂണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവേണമെന്നാണു സെനറ്റർ കെവിൻ മക്‌കാർത്തിയുടെ നിലപാട്. ചെറുപ്പകാലത്ത് എത്തുന്നവർക്കായുള്ള നടപടി, അതിർത്തി സുരക്ഷ, ചങ്ങലകളായുള്ള കുടിയേറ്റം എന്നിവയാണ് അവയെന്ന് അറിയിച്ചപ്പോൾ പ്രസിഡന്റ് ഇടയ്ക്കു കയറി ഏതു കുടിയേറ്റ നയമാണെങ്കിലും മെറിറ്റ് കൂടി ചേർക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇതു സംബന്ധിച്ച പുതിയ ബിൽ കൊണ്ടുവരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ചങ്ങലകളായുള്ള കുടിയേറ്റം നിരവധിപ്പേരെയാണു രാജ്യത്തേക്കു കൊണ്ടുവരുന്നത്. അത്തരം ആളുകൾ യുഎസിനു നല്ലതല്ല ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി. വീസ ലോട്ടറി സംവിധാനം അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നു വിലയിരുത്തപ്പെടുന്നു. അതേസമയം, യോഗം വിജയകരമാണെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് അറിയിച്ചു.