Latest News

മമതയ്‌ക്കൊപ്പം ലണ്ടനില്‍പോയ മാധ്യമപ്രവര്‍ത്തകര്‍ അത്താഴവിരുന്നിനിടെ കത്തിയും ഫോര്‍ക്കും മോഷ്ടിച്ചു, കണ്ടുപിടിച്ചപ്പോള്‍ പിഴ നല്‍കി ഊരി! നാണക്കേടിന്റെ ബംഗാളി വീരഗാഥ

2018-01-11 03:17:20am |

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയൊപ്പം ലണ്ടനിലെത്തിയ കൊൽക്കത്തയിലെ മാധ്യമ പ്രവർത്തകർ മോഷണം നടത്തിയതായി ആരോപണം. ഒരു ആഡംബര ഹോട്ടലിലെ കത്തിയും ഫോർക്കുമാണ് മോഷ്ടിച്ചത്. ഔട്ട് ലുക്ക് ആണ് വാർത്ത പുറത്തു വിട്ടത്. വാർത്ത പുറത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം വ്യാപിക്കുകയാണ്.

ലണ്ടനിലെ ഒരു ആഡംബര ഹോട്ടലിലായിരുന്നു സംഭവം. അവിടെ നടന്ന അത്താഴ സത്കാരത്തിൽ മമതക്കൊപ്പം മാധ്യമ പ്രവർത്തകരും പങ്കെടുത്തിരുന്നു. ഇതിനിടെ മേശപ്പുറത്തിരുന്നിരുന്ന കത്തിയും ഫോർക്കും മാധ്യമ പ്രവർത്തകർ സ്വന്തം പോക്കറ്റിലിട്ടു. ഇതിന്റെ ദൃശ്യങ്ങൾ ഹോട്ടലിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞു.

ഒരു മാധ്യമ പ്രവർത്തകനൊഴികെ എല്ലാവരും കുറ്റം സമ്മതിച്ചു. ദേഹപരിശോധന എന്ന ആവശ്യവും അദ്ദേഹം നിരാകരിച്ചു. അവസാനം പൊലീസിനെ വിളിക്കുമെന്ന അവസ്ഥയിലാണ് അദ്ദേഹം കുറ്റം സമ്മതിച്ചു. സ്ഥിരമായി മമത ബാനർജിയെ അനുഗമിക്കാറുള്ള സീനിയറായ പത്രപ്രവർത്തകനാണ് ഇദ്ദേഹം എന്നു പറയപ്പെടുന്നു. മാധ്യമ പ്രവർത്തകരുടെയൊന്നും പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 50 പൗണ്ട് പിഴ നൽകിയാണ് കേസ് ഒതുക്കി തീർത്തതെന്ന് അറിയുന്നു. എന്തായാലും രാജ്യത്തിന്റെ അന്തസിനു തന്നെ കളങ്കമുണ്ടാക്കിയ ഈ സംഭവത്തെ പരിഹസിച്ചും പ്രതിഷേധിച്ചും ആഘോഷിക്കുകയാണ് സമൂഹമാധ്യമങ്ങൾ