Latest News

രോഗിയായ പിതാവുമായി മണിക്കൂറുകളോളം ആംബുലന്‍സില്‍; പ്രധാനമന്ത്രിക്ക് കത്തുമായി പെണ്‍കുട്ടി

2018-01-12 02:26:02am |

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആനി വൈറ്റ് എന്ന 24കാരി അയച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആനി തന്റെ ദുരവസ്ഥ അറിയിച്ചുള്ള കുറിപ്പ് പോസ്റ്റ്‌ ചെയ്തത്. ഒപ്പം ഒരു വിഡിയോയും. 

ഒരു വീഴ്ചയെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ആനിയുടെ 84 കാരനായ പിതാവിന് ആംബുലന്‍സില്‍ തന്നെ ആശുപത്രിപടിക്കല്‍ മൂന്നു മണിക്കൂര്‍ നേരം കാത്തുകിടക്കേണ്ടി വന്നതാണ് ആനിയെ പ്രകോപിപ്പിച്ചത്. ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികള്‍ അനുഭവിക്കുന്ന ദുരവസ്ഥ കൂടിയാണ് ഇതുവഴി പുറത്തുവന്നത്. 

തനിക്ക് കാത്തിരിക്കേണ്ടി വന്ന പോലെ തന്നെ സമാനമായി കിടക്കുന്ന ആംബുലന്‍സുകളുടെ വിഡിയോയും ആനി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്ക് അയച്ച ഈ കത്ത് ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികളുടെ അവസ്ഥ പുറംലോകം അറിയാന്‍ സഹായകമാകുമെന്നാണ് ആനി പറയുന്നത്. 

ലിസെസ്റ്റര്‍ റോയല്‍ ആശുപത്രിക്കു മുന്നില്‍ പരിക്കേറ്റ പിതാവുമായി മണിക്കൂറുകളാണ് കാത്തുകിടന്നതെന്ന് ആനി വ്യക്തമാക്കി. ഇതുപോലെ ഏകദേശം പതിനഞ്ചു ആംബുലന്‍സുകള്‍ രോഗികളുമായി കാത്തുകിടക്കുന്നുണ്ടായിരുന്നു. പാര്‍ക്കിങ് ബേയില്‍ വരിവരിയായി കിടക്കുന്ന ആംബുലന്‍സുകളുടെ ചിത്രവും വിഡിയോയും ആനി പങ്കുവെച്ചിട്ടുണ്ട്. 

ജനങ്ങളെ സേവിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട എന്‍എച്ച്എസ് ആശുപത്രികളില്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നു ആനി പറയുന്നു. 

എന്‍എച്ച്എസ് ആശുപത്രികള്‍ ബ്രിട്ടന്റെ പൊതുസ്വത്താണ്. ഇത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും ആനി ആവശ്യപ്പെടുന്നു. ആവശ്യത്തിനു ജീവനകാര്‍ ഇല്ലാത്തതും അവസ്ഥ മോശമാക്കുന്നുണ്ട്. അതിശൈത്യവും ഇത്തരത്തില്‍ ആംബുലന്‍സുകള്‍ കാത്തുകിടക്കാന്‍ കാരണമാകുന്നുണ്ട്. 

ആംബുലന്‍സില്‍  കൊണ്ടു വരുന്ന രോഗികളെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാന്‍ പോലും ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയാണ് പല എന്‍എച്ച്എസ് ആശുപത്രികളിലും. കഴിഞ്ഞ ക്രിസ്മസ് ന്യൂ ഇയര്‍ സമയങ്ങളില്‍ നൂറുകണക്കിനു രോഗികളാണ് ഇത്തരത്തില്‍ ദുരിതമനുഭവിച്ചത്.  തണുപ്പ് അധികമായത്തോടെ ഈ അവസ്ഥ തീര്‍ത്തും പ്രയാസകരമായിരിക്കുകയാണ്. 

സുഖമില്ലാത്ത രോഗികൾ സ്വയം വാഹനമോടിച്ച് വരേണ്ട അവസ്ഥയാണുള്ളത്. ആശുപത്രികിടക്കകള്‍ ഇല്ല എന്ന കാരണത്താല്‍ പ്രായമായ രോഗികളെ  വീടുകളില്‍ തന്നെ പരിചരിക്കാന്‍ ആവശ്യപ്പെടുന്ന അവസ്ഥ വരെ ഉണ്ടായി.  എന്തായാലും ആനിയുടെ കുറിപ്പ് വൈറലായിരിക്കുകയാണ്. തന്റെ ഈ ശ്രമത്തിനു  അധികാരികളുടെശ്രദ്ധ ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ആനിയുടെ വിഡിയോയും കുറിപ്പും സമൂഹമാധ്യമങ്ങള്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.