Latest News

ദാവൂദ് ഇബ്രാഹിമിന് ബ്രിട്ടണും ഇന്ത്യയും ഒട്ടേറെ രാജ്യങ്ങളിൽ എണ്ണമറ്റ സ്വത്തുവകകളെന്നു ബ്രിട്ടിഷ് പത്രം! യുകെയിലെ സ്വത്തുക്കള്‍ സൗത്ത് ഇംഗ്ലണ്ടില്‍

2018-02-05 02:35:11am |

 ലണ്ടൻ: ഇന്ത്യ തേടുന്ന അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളിൽ എണ്ണമറ്റ സ്വത്തുവകകളെന്നു റിപ്പോർട്ട്. ബ്രിട്ടൻ, യുഎഇ, സ്പെയിൻ, മൊറോക്കോ, ഓസ്ട്രേലിയ, സൈപ്രസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ ദാവൂദിനു ഭൂമിയും കെട്ടിടങ്ങളും മറ്റു വസ്തുവകകളുമുണ്ടെന്നാണു ബ്രിട്ടനിലെ ‘ടൈംസ്’ ദിനപ്പത്രം റിപ്പോർട്ട് ചെയ്തത്. 1993 ലെ മുംബൈ സ്ഫോടനപരമ്പരക്കേസുകളിലടക്കം പ്രതിയാണു ദാവൂദ്.

ദാവൂദിനെക്കുറിച്ച് ഇന്ത്യൻ അധികൃതർ തയാറാക്കിയ രേഖയും ബ്രിട്ടനിലെ ഭൂമി റജിസ്ട്രേഷൻ രേഖകളും കമ്പനി ഹൗസ് രേഖകളും പാനമ രേഖകളും തമ്മിൽ ഒത്തുനോക്കിയാണു ടൈംസ് റിപ്പോർട്ട്. ദക്ഷിണ ബ്രിട്ടിഷ് കൗണ്ടികളിൽ ദാവൂദിനു ഭൂമിയുണ്ടെന്നു റിപ്പോർട്ടിൽ എടുത്തു പറയുന്നു. ദാവൂദിന്റെ ആഗോള ഭീകര–കള്ളപ്പണ ശൃംഖല ആധാരമാക്കി ബിബിസി ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന ‘മക്മാഫിയ’ എന്ന പരമ്പരയിൽ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ‘ദില്ലി മഹ്മൂദ്’ എന്നാണു പരമ്പരയിൽ ദാവൂദിനു തുല്യമായ കഥാപാത്രത്തിന്റെ പേര്. ആഗോള ക്രിമിനൽ സംഘങ്ങൾ തങ്ങളുടെ പണം നിക്ഷേപിക്കാൻ ബ്രിട്ടനെ എങ്ങനെ ദുരുപയോഗം ചെയ്തു എന്നു പറയുന്നതാണു പരമ്പര.