ജർമനിയിൽ അനിശ്ചിതത്വത്തിന് താൽക്കാലിക പരിഹാരം; നാലാം തവണയും അംഗല മെർകൽ ചാൻസലറാകും, ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയനും സോഷ്യൽ ഡെമോക്രാറ്റുകളും തമ്മിൽ കരാറായി

ബർലിൻ: നാലുമാസത്തിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന് താൽക്കാലിക പരിഹാരം. ജർമനിയിൽ തുടർച്ചയായ നാലാം തവണയും അംഗല മെർകൽ ചാൻസലറാകും. ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയനും സോഷ്യൽ ഡെമോക്രാറ്റുകളും തമ്മിൽ മന്ത്രിസഭകൾ പങ്കിടുന്നതു സംബന്ധിച്ച് കരാറായി. 24 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ബുധനാഴ്ച രാത്രിയോടെ വിവാദ വിഷയങ്ങളിലും മന്ത്രിസഭ വിഭജനത്തിലും തീരുമാനമായത്.
സഖ്യകക്ഷിയായ സോഷ്യൽ െഡമോക്രാറ്റുകളുടെ അംഗങ്ങൾക്കിടയിൽ നടക്കുന്ന വോെട്ടടുപ്പിൽ കരാറിന് പിന്തുണ ലഭിച്ചാൽ ഏറെ വൈകാതെ അംഗല മെർകൽ വീണ്ടും ചുമതലയേൽക്കും. ധനം, വിദേശകാര്യം ഉൾപ്പെടെ തന്ത്രപ്രധാനമായ ആറു വകുപ്പുകൾ വിട്ടുനൽകിയും ആരോഗ്യ സുരക്ഷ, തൊഴിൽവിസ ഉൾപ്പെടെ തർക്ക വിഷയങ്ങളിൽ വിട്ടുവീഴ്ചക്ക് വഴങ്ങിയുമാണ് മെർകൽ ധാരണയിലെത്തിയത്. സോഷ്യൽ ഡെമോക്രാറ്റ് നേതാവ് ഷുൾസ് വിദേശകാര്യ ചുമതലയേൽക്കുമെന്നാണ് സൂചന.
മന്ത്രിസഭയിൽ ചേരാൻ സോഷ്യൽ ഡെമോക്രാറ്റുകൾ തീരുമാനമെടുക്കാൻ വൈകിയതാണ് ഇത്തവണ മന്ത്രിസഭ രൂപവത്കരണം മാസങ്ങൾ വൈകാനിടയാക്കിയത്. 709 അംഗ ജർമൻ പാർലമെൻറിൽ സി.ഡി.യു^സി.എസ്.യു സഖ്യത്തിന് 246ഉം എസ്.പി.ഡിക്ക് 153ഉം സീറ്റാണുള്ളത്.