Latest News

മരണത്തെ ഭയമായിരുന്നു എന്റെ കുഞ്ഞിന്, ഞാൻ കുളിക്കുമ്പോൾ കുളിമുറിക്ക് പുറത്ത് അവൻ ചുരുണ്ടുകിടക്കും! പിഞ്ചു മകനെ കാൻസർ തട്ടിയെടുത്ത കഥ പറഞ്ഞ് അമ്മയുടെ കരളലിയിക്കുന്ന കുറിപ്പ്

2018-02-09 02:46:02am |

ചെറിയൊരു മൂക്കടപ്പായിരുന്നു ആദ്യം. അതു പിന്നീട് ജലദോഷവും ശ്വാസതടസ്സവുമായി മാറി. അപ്പോഴും യുഎസിലെ മേരിലാൻഡ് സ്വദേശികളായ റൂത്തും ഭർത്താവ് ജൊനാഥൻ സ്കള്ളിയും അറിഞ്ഞില്ല, കുഞ്ഞു നെലാന്റെ ജീവനെടുക്കുന്ന കാൻസറായി അതു മാറുമെന്ന്. രണ്ടു മാസത്തിനപ്പുറം അവർ അറിഞ്ഞു, മകൻ മരണത്തോടു മല്ലടിക്കുകയാണ്. അവന് എല്ലുകളെയും ടിഷ്യൂവിനെയും ബാധിക്കുന്ന അപകടകാരിയായ കാൻസറാണെന്ന്. ചികിത്സകൊണ്ട് ഫലമില്ലെന്ന വിധിയെഴുത്തു കൂടി ആയതോടെ രോഗത്തിന്റെ ഭീകരത ആ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നെ അവർ അവനെ സന്തോഷത്തോടെ യാത്ര അയയ്ക്കാനായി ശ്രമം.

മരണം അടുത്തെത്തിയതായി നെലാന് തോന്നിത്തുടങ്ങിയിരിക്കണം. അവന് ഏകാന്തത ഭയമായി. അമ്മ അടുത്തില്ലെങ്കിൽ മരണം തന്നെ തട്ടിയെടുക്കുമോ എന്ന് ആ കുഞ്ഞ് മനസ് ഭയന്നു. മകനൊപ്പം നിഴൽ പോലെ റൂത്ത് നിന്നു. ഒടുവിൽ ആ ദിവസം വന്നെത്തി. അമ്മയുടെ കരങ്ങളിൽ ഉറങ്ങുകയായിരുന്ന നെലാനെ മരണം മെല്ലെ വിളിച്ചു കൊണ്ടുപോയി. സ്വർഗത്തിലേക്കാണ് യാത്രയെന്നു പറഞ്ഞപ്പോൾ അവന് സന്തോഷത്തോടെ കൂടെപ്പോയിരിക്കണം. കുളിക്കുമ്പോൾ പോലും അമ്മയുടെ സാമീപ്യം െകാതിച്ചിരുന്ന നെലാൻ കുളിമുറിക്കു പുറത്ത് കയറ്റുപായയിൽ ചുരുണ്ടു കിടക്കുന്നതിന്റെ ചിത്രത്തിനൊപ്പമാണ് ആ അമ്മ കുറിപ്പ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു നെലാൻ സ്വർഗത്തിലേക്കു പോയത്. രണ്ടു മാസം കഴിഞ്ഞ് അമ്മ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ലോകം ഏറ്റെടുത്തിരിക്കുന്നത്.

nolan2

നെലാന്റെ അവസാന നാളുകൾ റൂത്ത് ഫെയ്സ്ബുക്കിൽ കുറിച്ചപ്പോൾ ആയിരങ്ങളാണ് ആ അമ്മയുടെ വേദനയ്ക്കൊപ്പം നിന്നത്. റൂത്തിന്റെ പോസ്റ്റ് ഇങ്ങനെ;

അങ്ങനെ, ആ അവസാന ദിനവും വന്നെത്തി. ഞാന്‍ അവന്റെ സമീപം ഇരുന്നു. അവന്റെ മുഖത്തേക്കു നോക്കി ഞാന്‍ ചോദിച്ചു, നിനക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ? കുഴപ്പമില്ലെന്ന് നെലാന്റെ മറുപടി.

നിനക്ക് വല്ലാതെ വേദനിക്കുന്നു അല്ലേ, ഇത് കാന്‍സറാണ് നിനക്ക് കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. – ഞാൻ അവനോടു പറഞ്ഞു. മറുപടി ഇങ്ങനെയായിരുന്നു.
ആരു പറഞ്ഞു? മമ്മിക്കു വേണ്ടി ഞാനത് ചെയ്യും. എനിക്കത് സാധിക്കും.

നിന്റെ മമ്മിയുടെ ജോലി എന്താണ്, ഞാൻ ചോദിച്ചു. എന്നെ നന്നായി നോക്കുക– അവന്റെ മറുപടി. തേങ്ങലടക്കാൻ കഴിഞ്ഞില്ല എനിക്ക്. ഇനി എനിക്കതിന് സാധിക്കുമെന്ന് തോന്നുന്നില്ല. നിന്നെ ഞാന്‍ സ്വര്‍ഗത്തില്‍ വച്ച് നന്നായി നോക്കിക്കൊള്ളാം.

ഞാൻ സ്വര്‍ഗത്തില്‍ മമ്മിക്കായി കാത്തിരിക്കും. അതുവരെ ഞാന്‍ അവിടെ കളിച്ചു നടക്കും. മമ്മി വരില്ലേ?

തീര്‍ച്ചയായും, നിനക്ക് മമ്മിയെ പെട്ടെന്ന് വിട്ടുപോകാന്‍ സാധിക്കുമോ?

nolan3

ഇതിന് മറുപടി നല്‍കും മുന്‍പ് നെലാന്‍ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. രോഗം അവനെ അത്രമാത്രം തളർത്തിക്കളഞ്ഞിരുന്നു. ആശുപത്രി വിട്ട് ഒരു ദിവസമെങ്കിലും സ്വന്തം വീട്ടില്‍ ഒരുമിച്ച് താമസിക്കാമെന്നു അമ്മയും അച്ഛനും തീരുമാനിച്ചു. എന്നാല്‍, വീട്ടിലേയ്ക്കുള്ള തയ്യാറെടുപ്പിനിടെ നൊലാന്‍ അമ്മയുടെ കൈ പിടിച്ചു പറഞ്ഞു. ആശുപത്രിയില്‍ തന്നെ നില്‍ക്കാം.

ദിവസങ്ങൾ കഴിഞ്ഞു. ഞാൻ അവനൊപ്പം തന്നെ നിന്നു. ഒടുവിൽ ആ ദിവസം വന്നു. ഒന്നു കുളിക്കാൻ വേണ്ടിയാണ് ഞാൻ അവന്റെ അടുക്കൽ നിന്നു മാറിയത്. ഞാൻ കുളിക്കാൻ കയറുമ്പോൾ ബാത്ത്‌റൂമിനു വെളിയിലുള്ള കയറ്റുപായയിൽ അവൻ ചുരുണ്ടു കിടക്കും. അങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചാണ് ഞാൻ പോയത്. ഒരു ബന്ധുവിനെ അടുക്കൽ ഇരുത്തുകയും ചെയ്തു.

ഇറങ്ങിയപ്പോൾ അവന് ചുറ്റും ഡോക്ടർമാർ അടക്കമുള്ളവർ. എല്ലാ കണ്ണുകളിലും ആശങ്ക കാണാമായിരുന്നു. ആരോ പറഞ്ഞു, നമ്മുടെ നെലാൻ കോമാ അവസ്ഥയിലേക്ക് വീണു കഴിഞ്ഞു. അവന് ഒന്നും അറിയാത്ത അവസ്ഥയിലായിക്കഴിഞ്ഞു. അലറിക്കരഞ്ഞു പോയി ഞാൻ. ഒരു നിമിഷം. കിടക്കയിലേക്ക് ചാടിക്കയറി അവനൊപ്പം ചേർന്നുകിടന്നു ഞാൻ. കൈകളിൽ അവന്റെ മുഖം ഞാൻ കോരിയെടുത്തു. പെട്ടെന്നാണ് ആ അത്ഭുതം സംഭവിച്ചത്.

ഉറക്കത്തിൽ നിന്ന് അവൻ ഉണർന്നു, അവന്‍ ഒരു ശ്വാസമെടുത്തു. കണ്ണുകള്‍ പതുക്കെ തുറന്നു. പുഞ്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു, 'ഐ ലവ് യു മമ്മി..' അപ്പോൾ സമയം രാത്രി 11.54. പൊട്ടിക്കരഞ്ഞു ഞാൻ. അവന്‍ വീണ്ടും കണ്ണുകൾ അടച്ചിരുന്നു. അവന്റെ കാതുകളില്‍ ഞാൻ പാടി ‘യു ആര്‍ മൈ സണ്‍ഷൈന്‍’... അവൻ കണ്ണുകൾ അടച്ചിരുന്നു. ആ കുഞ്ഞു ഹൃദയത്തിന്റെ തുടിപ്പ് നിലച്ചിരുന്നു...

nolan4