Latest News

ബിബിസിയിലൂടെ അറിഞ്ഞ പുളിയിട്ട മീന്‍ കറിയുടെ രുചി നുണയാന്‍ സായിപ്പ് ഇനി കൊല്ലത്തു വരണം! മാസറ്റര്‍ ഷെഫ് സുരേഷ് പിള്ളയെ രവി പിള്ള റാഞ്ചിയതിങ്ങനെ

2018-02-09 03:23:34am |

ലണ്ടൻ:

ലണ്ടനിലെ പ്രമുഖ ഇന്ത്യന്‍ റസ്റ്റൊറന്റായ വീരാസ്വാമിയുടെ പ്രതിനിധികള്‍ ഒരിക്കല്‍ കുമരകം ലേക്ക് റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കാനെത്തി. മടങ്ങാന്‍ നേരം അവര്‍ റിസോര്‍ട്ടിലെ ഷെഫ് ആയ സുരേഷ് പിള്ളയുടെ അടുക്കലെത്തി ചോദിച്ചു, പോരുന്നോ ഞങ്ങളുടെ ഒപ്പം. ആദ്യത്തെ ട്വിസ്റ്റ് അവിടെ ആയിരുന്നു. ബിബിസിയുടെ മാസ്റ്റര്‍ ഷെഫ് ആയിരുന്നു അടുത്ത ട്വിസ്റ്റ്. പുളിയിട്ട മീന്‍കറി കേരളത്തില്‍ നിന്നു ലോകത്തിലേക്ക് നാവില്‍ കപ്പലോടിച്ചു കയറിയപ്പോള്‍ സുരേഷ് പിള്ളയ്ക്ക് അടുത്ത വിളിയെത്തി. നാട്ടില്‍ നിന്ന്.

ബിബിസിയുടെ ‘’മാസ്റ്റർ ഷെഫ്’’ പാചക പരിപാടിയിലൂടെ കേരളത്തിന്റെ സ്വന്തം പുളിയിട്ട മീൻ കറിയുടെ രുചിയും പെരുമയും ലോകത്തിനു പരിചയപ്പെടുത്തിയ സുരേഷ് പിള്ളയുടെ കൈപുണ്യം നുകരാനുള്ള ഭാഗ്യം ഇനി കൊല്ലം രാവീസിലെ അതിഥികൾക്ക്. ലണ്ടനിലെ പ്രശസ്തമായ ഹൂപ്പേഴ്സ് റസ്റ്ററന്റ് ശൃംഖലയിലെ ഹെഡ് ഷെഫായ സുരേഷ് പിള്ളയുടെ കഴിവും പ്രശസ്തിയും തിരികെ നാട്ടിലെത്തിച്ച്  അതിഥികൾക്ക് വിരുന്നൊരുക്കാൻ രവി പിള്ളയുടെ ആർപി ഗ്രൂപ്പ് തീരുമാനിച്ചുകഴിഞ്ഞു.

മാസ്റ്റർ ഷെഫിലെ മീൻകറി സ്പെഷലിസ്റ്റായി ലോകം അറിഞ്ഞ സുരേഷ് ഏപ്രിലിൽ കൊല്ലം രാവീസിലെ എക്സിക്യൂട്ടീവ് ഷെഫായി ചുമതലയേൽക്കും.  ഒപ്പം ആർപി ഗ്രൂപ്പിന്റെ കോഴിക്കോട് രാവീസിന്റെയും കടവ് റസ്റ്റൊറന്റിന്റെയും കോവളം ലീല പാലസിന്റെയും ഹെഡ് ഷെഫായും പ്രവർത്തിക്കും.  

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാചക മൽസരമായി കണക്കാക്കപ്പെടുന്ന ബ്രിട്ടണിലെ ബിബിസി മാസ്റ്റർ ഷെഫിൽ മൽസരിക്കാൻ അവസരം ലഭിച്ച ആദ്യ മലയാളിയാണ് ഈ നാൽപതുകാരൻ. ലോകത്തെ പ്രശസ്തരായ പ്രഫഷണൽ ഷെഫുമാർ മാത്രം പങ്കെടുക്കുന്ന മാസ്റ്റർ ഷെഫ് മൽസരത്തിൽ ആയിരത്തോളം മൽസരാർഥികളിൽനിന്ന് അവസാന റൌണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 48 പേരിൽ ഒരാളായിരുന്നു സുരേഷ് പിള്ള. തേങ്ങാപ്പാൽ ചേർത്ത പുളിമാങ്ങയിട്ട  മീൻ കറിയായിരുന്നു കേരളത്തിന്റെ തനതു രുചിയായി സുരേഷ് ബി.ബി.സിയിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയത്. ബിബിസിയിൽ പറഞ്ഞത് ‘’പാൻ ഫ്രൈഡ് ഹേക്ക് വിത്ത് ഗ്രീൻ മാങ്ഗോ ആൻഡ് കോക്കനട്ട് സോസ്’’ എന്നാണെന്നു മാത്രം. 

കൊല്ലം ചവറ തെക്കുംഭാഗം തെന്നിക്കൊപ്പിടിയിൽ വീട്ടിൽ ശശിധരൻ പിള്ളയുടെയും രാധമ്മയുടെയും മകനായ സുരേഷ് പിള്ള അമ്മയിൽനിന്നാണ് പാചകത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. പിന്നീട് കൊല്ലം ചിന്നക്കടയിലെ ഷെഫ് കിംങ് റസ്റ്റൊറന്റിൽ തുടങ്ങിയ പാചക കലയിലെ കരിയർ കേരളത്തിന്റെ രുചിക്കൂട്ടുകൾ കൂട്ടുപിടിച്ച് വളർത്തി. ബംഗലുരുവിലെ കോക്കനട്ട് ഗ്രോവ് റസ്റ്ററന്റ്, ലീലാ പാലസ്, കുമരകം ലേക്ക് റിസോർട്ട്, ലണ്ടനിലെ വീരസ്വാമി റസ്റ്റൊറന്റ് എന്നിങ്ങനെ പ്രശസ്തമായ പല ഹോട്ടലുകളിലും ജോലിചെയ്ത പരിചയമാണ് ബിബിസിയുടെ മാസ്റ്റർ ഷോയിലേക്ക് എൻട്രി തേടാൻ സുരേഷിന് അവസരമൊരുക്കിയതും മനസുറപ്പു നൽകിയതും. 

ഒരിക്കൽ കുമരകം ലേക്ക് റിസോർട്ടിൽ അതിഥികളായെത്തിയ ലണ്ടനിലെ വീരസ്വാമി റസ്റ്റൊറന്റിലെ  പ്രതിനിധികൾക്ക് സുരേഷ് വച്ചുവിളമ്പിയ മീൻകറി ചേർത്തുള്ള ഊണാണ് ജീവിതത്തിൽ വഴിത്തിരിവായത്. പച്ചമാങ്ങ ചേർത്ത കൊഞ്ചുകറിയും താറാവ് ഫ്രൈയും വാഴക്കൂമ്പ് തോരനും കോവയ്ക്ക മെഴിക്കുപുരട്ടിയും എല്ലാം ചേർത്ത് മനസ് നിറച്ചു കഴിച്ച  സംഘം അന്ന് ഇവ തയാറാക്കി നൽകിയ പാചകക്കാരനെയും കൊണ്ടാണ് ലണ്ടനിലേക്ക് പറന്നത്. പത്തുവർഷത്തിലേറെയായി  ലണ്ടനിലെ ഹൺ സ്ലോയിൽ താമസിച്ച് ജോലി ചെയ്യുന്ന സുരേഷിന് ഇപ്പോൾ മാസ്റ്റർ ഷെഫിലെ മീൻകറി വീണ്ടും ജന്മനാട്ടിലേക്ക് മടങ്ങിപോകാൻ വഴിയൊരുക്കി. ബി.ബി.സി ഷോയിലൂടെ ലഭിച്ച പ്രശസ്തി തന്നെയാണ് ആർപി ഗ്രൂപ്പിന് സുരേഷിൽ പ്രത്യേകം താൽപര്യമുണ്ടാകാൻ കാരണം.  

മാസ്റ്റർ ഷെഫിലെ സാന്നിധ്യം പാചക കരിയറിൽ മറ്റൊരു അംഗീകാരവും സുരേഷിന് നേടിക്കൊടുത്തു. അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ ബഹമാസിലെ ബഹമാസ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിംങ് ഷെഫായെത്തി കേറ്ററിംങ് വിദ്യാർഥികൾക്ക് ഇന്ത്യൻ ഭക്ഷണങ്ങൾ പരിചയപ്പെടുത്താനുള്ള അവസരമാണിത്. ഒരാഴ്ച യൂണിവേഴ്സിറ്റിയിൽ തങ്ങി സ്വന്തം മാസ്റ്റർപീസ് ഐറ്റമായ പുളിയിട്ട മീൻകറിയും നാടൻ കോഴിക്കറിയും ഉൾപ്പെടെയുള്ള കേരളീയ വിഭവങ്ങളും മറ്റ് ഇന്ത്യൻ വിഭവങ്ങളും ഉണ്ടാക്കുന്ന വിധം സുരേഷ് വിദ്യാർഥികളെ പഠിപ്പിക്കും. മാർച്ച് നാലു മുതൽ 12 വരെയുള്ള ഈ ഗസ്റ്റ് ഷെഫ് പരിപാടിയുടെ അവസാനം ബഹമാസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കായി യൂണിവേഴ്സിറ്റിയിൽ ഒരുക്കുന്ന പ്രത്യേക വിരുന്നിലും സുരേഷിന്റെ രുചിക്കൂട്ടുകളാകും വിളമ്പുക. 

റോജർ ഫെഡറർ ഉൾപ്പെടയുള്ള ടെന്നീസ് താരങ്ങളും കുമാർ സംഘകാര ഉൾപ്പെടെയുള്ള നിരവധി ക്രിക്കറ്റ് താരങ്ങളും ലണ്ടനിലെ റസ്റ്റൊറന്റുകളിൽ സുരേഷിന്റെ കൈപ്പുണ്യം അറിഞ്ഞവരാണ്. രാവീസിലും അതിഥികളായെത്തുന്ന വി.ഐ.പികൾ ഇനി സുരേഷിന്റ രുചിക്കൂട്ടകൾകൊണ്ട് വയറും മനസും നിറയ്ക്കും. വയറു നിറഞ്ഞാലും കൊതി തീരാത്ത വിഭവങ്ങൾ ഒരുക്കി അതിഥികളെ സൽകരിക്കുക എന്നതാണ് സുരേഷ്  തന്റെ പ്രഫഷണിലൂടെ ലക്ഷ്യമിടുന്നത്.