Latest News

പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചന നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്: മോര്‍ട്ട്‌ഗേജ് ഭാരം ഇനിയും ഉയര്‍ന്നേക്കും

2018-02-11 04:10:48am |

ലണ്ടൻ: വീണ്ടുമൊരു പലിശനിരക്ക് വര്‍ധനവിന്റെ സൂചന നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. തൽക്കാലത്തേക്ക് നിലവിലുള്ള 0.5 ശതമാനം പലിശനിരക്ക് തുടരാൻ കഴിഞ്ഞദിവസം ചേർന്ന ബാങ്കിന്റെ നയരൂപീകരണ സമിതി തീരുമാനിച്ചിരുന്നു. എന്നാൽ താമസമില്ലാതെ പലിശനിരക്ക് കൂട്ടേണ്ടിവരുമെന്നാണ് ബാങ്ക് അധികൃതർ വിലയിരുത്തിയത്.

കഴിഞ്ഞ നവംബറിലായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലുണ്ടായിരുന്ന 0.25 ശതമാനം പലിശ 0.5 ആയി വർധിപ്പിച്ചത്. ആറു മാസത്തിനുള്ളിൽ വീണ്ടും പലിശനിരക്ക് ഉയർത്തേണ്ടി വന്നേക്കുമെന്ന് അന്നു ഗവർണർ മാർക് കാർണി മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ആറുമാസത്തിനു മുമ്പുതന്നെ പലിശനിരക്ക് ഉയർത്തേണ്ടിവരുമെന്നാണ് കഴിഞ്ഞദിവസത്തെ യോഗം വിലയിരുത്തിയത്. ഇത് അപ്രതീക്ഷിത തോതിലുള്ള വർധനയായേക്കുമെന്നും സൂചനയുണ്ട്.

മേയ് മാസത്തിനു മുൻപേ അടുത്ത നിരക്കുവർധന ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പലിശനിരക്ക് ഉയർത്തുമെന്ന വ്യക്തമായ സൂചന പുറത്തുവന്നതോടെ ഡോളറുമായും യൂറോയുമായുമുള്ള പൗണ്ടിന്റെ വിനിമയനിരക്കിൽ ഒരു ശതമാനത്തോളം വർധനയുണ്ടായി.

പലിശനിരക്കിൽ ഉണ്ടാകുന്ന വർധന രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പ്രത്യേകിച്ച്, വീടുവിപണിയെ പ്രതികൂലമായി ബാധിക്കും. നിലവിൽ രാജ്യത്ത് 80 ലക്ഷത്തിലേറെ ആളുകൾക്ക് ഭവനവായ്പയുണ്ട്. ഇതിൽ പകുതിയിലേറെ ആളുകളും സ്റ്റാന്റേർഡ് വേരിയബിൾ റേറ്റിലോ ട്രാക്കർ റേറ്റിലോ പലിശ നൽകുന്നവരാണ്. ഇവരുടെയെല്ലാം മാസംതോറുമുള്ള തിരിച്ചടവിൽ ഗണ്യമായ വർധനയുണ്ടാകാൻ പലിശനിരക്ക് വർധന കാരണമാകും. നവംബറിലെ കാൽശതമാനം വർധനതന്നെ ഇവർക്കെല്ലാം പ്രതിമാസം പത്തു മുതൽ 100 പൗണ്ടിന്റെ വരെ വർധനയുണ്ടാക്കിയിരുന്നു.