Latest News

ബെന്നിച്ചേട്ടന്റെ മിനി ബസ് അപകടത്തിന് കാരണക്കാരന്‍ പോളിഷ് ഡ്രൈവര്‍ തന്നെ; റൈസാര്‍ഡ് മസെയിറാക് കുറ്റക്കാരനെന്നു കോടതി, ശിക്ഷ പിന്നീട് വിധിക്കും, രണ്ടാമന്റെ വിചാരണ തുടരുന്നു

2018-03-07 02:51:19am |

റെഡിങ്: നോട്ടിങ്ഹാം മലയാളിയായ ബെന്നി അടക്കം എം1 മോട്ടോര്‍വേയില്‍ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ അപടകത്തില്‍ പോളണ്ടുകാരനായ ട്രക് ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കോടതി. ഏതാനും ആഴ്ചകളായി തുടരുന്ന വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഡ്രൈവിങ് ലെയിനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ ഡ്രൈവറായ 31 വയസ്സുകാരന്‍ റൈസാര്‍ഡ് മസെയിറാക് അനുവദനീയമായ പരിധിയുടെ രണ്ടിരട്ടി മദ്യപിച്ചിരുന്നതായി കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

ന്യൂപോര്‍ട്് പാഗ്നെലിന് സമീപത്തുവച്ച് നടുറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബെന്നി ഓടിച്ചിരുന്ന മിനിബസ് ഇടിച്ചു കയറുകയായിരുന്നു. എട്ടു കൗണ്ടുകളാണ് മസെയിറാകിനെതിരേ ചുമത്തിയിരിക്കുന്നത്. രണ്ടാമത്തെ ലോറിയുടെ ഡ്രൈവര്‍ ഡേവിഡ് വാഗ്‌സ്റ്റാഫിന്റെ വിചാരണ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. റെഡിങ് ക്രൗണ്‍ കോര്‍ട്ടില്‍ ഇതിന്റെ വാദം നടക്കുകയാണ്. മസെയിറാകില്‍ ചുമത്തിയ കുറ്റങ്ങള്‍ സ്റ്റോക് ഓണ്‍ ട്രെന്‍ഡ് സ്വദേശിയായ വാഗ്സ്റ്റാഫ് (54) നിഷേധിച്ചിട്ടുണ്ട്.

അപകടം നടക്കുന്നതിന് മുന്‍പ് 12 മിനിറ്റോളം മസായിറെകിന്റെ ട്ര്ക് ലെയിന്‍ നിര്‍ത്തിയിട്ടിരുന്നതായി കോടതി കണ്ടെത്തി. അതീവ അപകടകരമായ ഈ പ്രവര്‍ത്തിയാണ് എട്ടു ജീവനുകള്‍ പൊലിയുന്ന ആക്‌സിഡന്റിനു കാരണമായതെന്നും കോടതി നിരീക്ഷിച്ചു. ഡിസ്‌നിലാന്‍ഡ് കാണാന്‍ പാരീസിലേക്ക് 11 ഇന്ത്യക്കാരുമായി പോവുകയായിരുന്നു ബെന്നി ഓടിച്ചിരുന്ന മിനിബസ്. റിഷി രാജീവ് കുമാര്‍ സിറിയക് ജോസഫ്, പനീര്‍ശെല്‍വം അണ്ണാമലൈ, വിവേക് ഭാസ്‌കരന്‍, ലാവണ്യലക്ഷ്മി സീതാരാമന്‍, കാര്‍ത്തികേയന്‍ രാമസുബ്രഹ്മണ്യന്‍, സുബ്രഹ്മണ്യന്‍ അരസെല്‍വന്‍, തമിഴ്മണി അരസെല്‍വന്‍ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍. നാലു വയസുള്ള പെണ്‍കുട്ടി അടക്കമുള്ളവര്‍ക്ക് പുലര്‍ച്ചെ മൂന്നു മണിയോടെ നടന്ന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.

ഓഗസ്റ്റില്‍ നടന്ന അപകടം യുകെ ിലെ മലയാളി കളുടെ കുടിയേറ്റ ചരിത്രത്തിലും ,ബ്രിട്ടനിലെ മോട്ടോര്‍ വാഹന അപകട ചരിത്രത്തിലും കരിനിഴല്‍ വീഴ്ത്തിയ സംഭവമാണ്. വിചാരണ നടക്കുന്ന റെഡിങ്  ക്രൗണ്‍ കോര്‍ട്ടില്‍  രണ്ടു ട്രക്ക് ഡ്രൈവര്‍മാരും നിരുത്തരവാദിത്വപരമായാണ് വാഹനമോടിച്ചതു എന്ന നിലയിലാണ് കാര്യങ്ങള്‍ പുരോഗമിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിധി അപ്രതീക്ഷിതമല്ല. ഒന്നാമത്തെ ലൈനില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മധ്യപിച്ച ശേഷം ഒന്നാമത്തെ ലൈനില്‍  ട്രക്ക് നിര്‍ത്തിയിട്ടിരുന്ന പോളീഷ്  ഡ്രൈവര്‍  ആണ് അപകടത്തിന് കാരണക്കാരന്‍ എന്ന നിലയില്‍ ആണ് വാര്‍ത്തകള്‍ വന്നിരുന്നത് .ഈ വാഹനം തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് ബെന്നി കണ്ടതെന്നും തുടര്‍ന്ന് രണ്ടാമത്തെ ലൈനിലേക്ക് മിനിബസ് മാറ്റുകയും ചെയ്തപ്പോള്‍ പുറകെ വന്ന ട്രക്ക് ഇടിക്കുകയും ചെയ്തു എന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്.

എന്നാല്‍ രണ്ടാമത്തെ ട്രക്ക് ഡ്രൈവര്‍ തികഞ്ഞ അലസതയുടെ ആണ് ട്രക്ക് ഓടിച്ചിരുന്നത് എന്നും ഹാന്‍ഡ്‌സ് ഫ്രീ ഫോണില്‍ ദീര്‍ഘമായി സംസാരിച്ചു വന്ന ഇയാള്‍ ക്രൂയിസ് കണ്‍ട്രോള്‍ മോഡില്‍ ആയിരുന്നു വാഹനം ഓടിച്ചു വന്നതെന്നും മുന്നില്‍ കണ്ട അപകടം ഒഴിവാക്കാനായി ഒന്നും ചെയ്യാന്‍ ഇയാള്‍  ശ്രമിക്കാതിരിക്കുകയോ കഴിയാതെ വരികയോ ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍  കോടതിയില്‍  വാദിച്ചത്. അപകടത്തിന്  തൊട്ടു മുന്‍പ്  ഒന്നാമത്തെ ലൈനില്‍ വാഹനം നിര്‍ത്തിയിട്ടിരുന്ന കണ്ട ബെന്നി പുറകെ വന്ന രണ്ടാമത്തെ ട്രക്കിനു  കടന്നു പോകാനായി ഹസാഡ് ലൈറ്റ് സിഗ്‌നല്‍ നല്‍കിയെങ്കിലും അതിനോട് പ്രതികരിക്കാനും രണ്ടാമത്തെ ട്രക്ക് ഡ്രൈവര്‍ക്കു കഴിഞ്ഞില്ല എന്നാണ് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിട്ടുള്ളത്.

അപകടത്തെ തുടര്‍ന്ന് ആദ്യ ഡ്രൈവര്‍ക്കു ജാമ്യം നിഷേധിച്ച കോടതി രണ്ടാമത്തെ ഡ്രൈവര്‍ക്കു  ജാമ്യം നല്‍കിയിരുന്നു , എന്നാല്‍ വിചാരണ വേളയില്‍ മറിച്ചുള്ള കാര്യങ്ങള്‍ ആണ് വെളിയില്‍ വരുന്നത്. ഇതോടെ രണ്ടുപേരും അപകടത്തിന് കാരണമായി എന്ന രീതിയില്‍ ആണ് വിചാരണ പുരോഗമിക്കുന്നത്.