Latest News

ബെന്നിച്ചേട്ടന്‍ അടക്കം എട്ടു പേരുടെ മരണത്തിന് കാരണക്കാരനായ രണ്ടാമത്തെ ഡ്രൈവറെ കുറ്റവിമുക്തനാക്കി കോടതി വിധി; അര്‍ഹിച്ച നീതി കിട്ടിയില്ലെന്ന് വാദിഭാഗം

2018-03-08 03:44:30am |

റെഡിങ്: നോട്ടിങ്ഹാം മലയാളിയായ ബെന്നി അടക്കം എം1 മോട്ടോര്‍വേയില്‍ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ അപടകത്തില്‍ പ്രതിയായ രണ്ടാമനെ നരഹത്യയടക്കമുള്ള ഗുരുതരമായ ചാര്‍ജുകളില്‍ നിന്ന് കോടതി കുറ്റവിമുക്തനാക്കി. അലക്ഷ്യമായ ഡ്രൈവിങിലൂടെ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ മുഖ്യപ്രതി പോളിഷ് ഡ്രൈവറെ കുറ്റക്കാരനായി വിധിച്ചതിനു തൊട്ടടുത്ത ദിവസമാണ് ഇംഗ്ലീഷുകാരനായ ലോറി ഡ്രൈവര്‍ ഡേവിഡ് വാഗ്‌സ്റ്റാഫിനെ ചാര്‍ജുകളില്‍ നിന്ന് ഒഴിവാക്കിയത്. അപകടം നടന്ന സമയം ഒരു മണിക്കൂറോളം ഇയാള്‍ ഹാന്‍ഡ്‌സ് ഫ്രീ സംവിധാനം വഴി ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നു കണ്ടെത്തിയിട്ടും കോടതി കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

വിധി നിരാശാജനകമെന്ന് ബെന്നിയുടെ കുടുംബത്തിന്റെ വക്താവ് മാത്യു ജോണ്‍  പ്രതികരിച്ചു. ഇത്തരം ലോറികളില്‍ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയാല്‍ ഒരുപക്ഷേ ഭാവിയില്‍ അപകടം ഉണ്ടാകുമ്പോള്‍ കൂടുതല്‍ വ്യക്തമായ കാഴ്ചപ്പാട് ലഭിച്ചേക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അശ്രദ്ധമായി ഡ്രൈവ് ചെയ്തതടക്കം കുറഞ്ഞ ശിക്ഷയുടെ എട്ടു കൗണ്ടുകള്‍ മുന്‍പ് 54 വയസ്സുകാരനായ ഡേവിഡ് അംഗീകരിച്ചിരുന്നു. മാര്‍ച്ച് 23ന് ഇരു ഡ്രൈവര്‍മാര്‍ക്കുമുള്ള ശിക്ഷ എയില്‍സ്ബറി കോടതി വിധിക്കും.

തന്റെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായെന്ന് ഫെഡ് എക്‌സ് ഡ്രൈവര്‍ വാഗ്സ്റ്റാഫ് കോടതിയില്‍ സമ്മതിച്ചിരുന്നു. സുഹൃത്തായ മറ്റൊരു ഡ്രൈവറുമായി വെറുതേ ഫോണില്‍ സംസാരിക്കുകയായിരുന്നു. എവര്‍ട്ടണും അമേരിക്കന്‍  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമൊക്കെയായിരുന്നു വിഷയമെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഈ അപകടത്തിനു മുന്‍പ് വരെ 12 വര്‍ഷത്തെ ജോലിക്കിടെ ഒരു അപകടം പോലും ഇല്ലാതിരുന്നതും വാഗ്‌സ്റ്റാഫിന് തുണയായി.

മദ്യപിച്ചിരുന്നെങ്കിലും അപകടം ഉണ്ടാകാന്‍ അതല്ല കാരണമെന്നാണ് പോളിഷ് ഡ്രൈവറായ മസെയിറാക് പറയുന്നത്. അമിതമായി വിയര്‍ക്കുകയും ക്ഷീണം അനുഭവപ്പെടുകയും തലവേദന കലശലാവുകയും ചെയ്തതിനാല്‍ ട്രക് ഹാര്‍ഡ് ഷോള്‍ഡറിലേക്ക് നീക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ അറിയാതെ കോമാ അവസ്ഥയിലേക്ക് വഴുതി വീണു. ഉണര്‍ന്നപ്പോള്‍ അപകടം സംഭവിച്ചിരുന്നതായും ഇയാള്‍ വാദിച്ചിരുന്നു.

രണ്ടു ഡ്രൈവര്‍മാരുടെയും അശ്രദ്ധ അഞ്ചു കുടുംബങ്ങള്‍ക്ക് സമ്മാനിച്ചത് തീരാവേദനയാണെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസില്‍ ലൂയീസ് അട്രില്‍ വിലയിരുത്തി. കഴിഞ്ഞ ഓഗസ്റ്റ് 26നാണ് 11 ഇന്ത്യക്കാരുമായി ഡിസ്‌നിലാന്‍ഡിലേക്ക് പോവുകയായിരുന്ന ബെന്നിച്ചേട്ടന്റെ മിനിബസ് എം1ല്‍ അപകടത്തില്‍പ്പെട്ടത്. ന്യൂപോര്‍ട്് പാഗ്നെലിന് സമീപത്തുവച്ച് നടുറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബെന്നി ഓടിച്ചിരുന്ന മിനിബസ് ഇടിച്ചു കയറുകയായിരുന്നു. എട്ടു കൗണ്ടുകളാണ് മസെയിറാകിനെതിരേ ചുമത്തിയിരിക്കുന്നത്.

അപകടം നടക്കുന്നതിന് മുന്‍പ് 12 മിനിറ്റോളം മസായിറെകിന്റെ ട്ര്ക് ലെയിന്‍ നിര്‍ത്തിയിട്ടിരുന്നതായി കോടതി കണ്ടെത്തി. അതീവ അപകടകരമായ ഈ പ്രവര്‍ത്തിയാണ് എട്ടു ജീവനുകള്‍ പൊലിയുന്ന ആക്‌സിഡന്റിനു കാരണമായതെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഡിസ്‌നിലാന്‍ഡ് കാണാന്‍ പാരീസിലേക്ക് 11 ഇന്ത്യക്കാരുമായി പോവുകയായിരുന്നു ബെന്നി ഓടിച്ചിരുന്ന മിനിബസ്. റിഷി രാജീവ് കുമാര്‍ സിറിയക് ജോസഫ്, പനീര്‍ശെല്‍വം അണ്ണാമലൈ, വിവേക് ഭാസ്‌കരന്‍, ലാവണ്യലക്ഷ്മി സീതാരാമന്‍, കാര്‍ത്തികേയന്‍ രാമസുബ്രഹ്മണ്യന്‍, സുബ്രഹ്മണ്യന്‍ അരസെല്‍വന്‍, തമിഴ്മണി അരസെല്‍വന്‍ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍. നാലു വയസുള്ള പെണ്‍കുട്ടി അടക്കമുള്ളവര്‍ക്ക് പുലര്‍ച്ചെ മൂന്നു മണിയോടെ നടന്ന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.

ഓഗസ്റ്റില്‍ നടന്ന അപകടം യുകെ ിലെ മലയാളി കളുടെ കുടിയേറ്റ ചരിത്രത്തിലും ,ബ്രിട്ടനിലെ മോട്ടോര്‍ വാഹന അപകട ചരിത്രത്തിലും കരിനിഴല്‍ വീഴ്ത്തിയ സംഭവമാണ്. വിചാരണ നടക്കുന്ന റെഡിങ്  ക്രൗണ്‍ കോര്‍ട്ടില്‍  രണ്ടു ട്രക്ക് ഡ്രൈവര്‍മാരും നിരുത്തരവാദിത്വപരമായാണ് വാഹനമോടിച്ചതു എന്ന നിലയിലാണ് കാര്യങ്ങള്‍ പുരോഗമിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിധി അപ്രതീക്ഷിതമല്ല. ഒന്നാമത്തെ ലൈനില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മധ്യപിച്ച ശേഷം ഒന്നാമത്തെ ലൈനില്‍  ട്രക്ക് നിര്‍ത്തിയിട്ടിരുന്ന പോളീഷ്  ഡ്രൈവര്‍  ആണ് അപകടത്തിന് കാരണക്കാരന്‍ എന്ന നിലയില്‍ ആണ് വാര്‍ത്തകള്‍ വന്നിരുന്നത് .ഈ വാഹനം തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് ബെന്നി കണ്ടതെന്നും തുടര്‍ന്ന് രണ്ടാമത്തെ ലൈനിലേക്ക് മിനിബസ് മാറ്റുകയും ചെയ്തപ്പോള്‍ പുറകെ വന്ന ട്രക്ക് ഇടിക്കുകയും ചെയ്തു എന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്.

എന്നാല്‍ രണ്ടാമത്തെ ട്രക്ക് ഡ്രൈവര്‍ തികഞ്ഞ അലസതയുടെ ആണ് ട്രക്ക് ഓടിച്ചിരുന്നത് എന്നും ഹാന്‍ഡ്‌സ് ഫ്രീ ഫോണില്‍ ദീര്‍ഘമായി സംസാരിച്ചു വന്ന ഇയാള്‍ ക്രൂയിസ് കണ്‍ട്രോള്‍ മോഡില്‍ ആയിരുന്നു വാഹനം ഓടിച്ചു വന്നതെന്നും മുന്നില്‍ കണ്ട അപകടം ഒഴിവാക്കാനായി ഒന്നും ചെയ്യാന്‍ ഇയാള്‍  ശ്രമിക്കാതിരിക്കുകയോ കഴിയാതെ വരികയോ ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍  കോടതിയില്‍  വാദിച്ചത്. അപകടത്തിന്  തൊട്ടു മുന്‍പ്  ഒന്നാമത്തെ ലൈനില്‍ വാഹനം നിര്‍ത്തിയിട്ടിരുന്ന കണ്ട ബെന്നി പുറകെ വന്ന രണ്ടാമത്തെ ട്രക്കിനു  കടന്നു പോകാനായി ഹസാഡ് ലൈറ്റ് സിഗ്‌നല്‍ നല്‍കിയെങ്കിലും അതിനോട് പ്രതികരിക്കാനും രണ്ടാമത്തെ ട്രക്ക് ഡ്രൈവര്‍ക്കു കഴിഞ്ഞില്ല എന്നാണ് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിട്ടുള്ളത്.

അപകടത്തെ തുടര്‍ന്ന് ആദ്യ ഡ്രൈവര്‍ക്കു ജാമ്യം നിഷേധിച്ച കോടതി രണ്ടാമത്തെ ഡ്രൈവര്‍ക്കു  ജാമ്യം നല്‍കിയിരുന്നു , എന്നാല്‍ വിചാരണ വേളയില്‍ മറിച്ചുള്ള കാര്യങ്ങള്‍ ആണ് വെളിയില്‍ വരുന്നത്. ഇതോടെ രണ്ടുപേരും അപകടത്തിന് കാരണമായി എന്ന രീതിയില്‍ ആണ് വിചാരണ പുരോഗമിക്കുന്നത്.