Latest News

മഞ്ഞില്‍ കുടുങ്ങിയവര്‍ക്ക് സര്‍ക്കര്‍ ഒപ്പമുണ്ട്! 25 ലക്ഷം പേര്‍ക്ക് 25 പൗണ്ട് വീതം നഷ്ടപരിഹാരം; സര്‍ക്കാര്‍ ചെലവിടുന്നത് അമ്പതു മില്യന്‍ പൗണ്ട്‌

2018-03-09 02:49:19am |

ലണ്ടൻ: മഞ്ഞില്‍ ജീവിതം തണുത്തുറഞ്ഞു പോയവര്‍ വിഷമിക്കേണ്ട. തെരേസാ മേയ് സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ബ്രിട്ടനില്‍ കനത്ത മഞ്ഞിലും തണുപ്പിലും കുടുങ്ങി കഴിഞ്ഞയാഴ്ച പുറത്തിറങ്ങാന്‍ കഴിയാതെ കഴിച്ചുകൂട്ടിയവര്‍ക്ക് സര്‍ക്കാര്‍ വക നഷ്ടപരിഹാരം. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇരുപത് ലക്ഷത്തോളം പേര്‍ക്കാണ് ഇരുപത്തഞ്ച് പൗണ്ട് വീതം നഷ്ടപരിഹാരം ലഭിക്കുന്നത്. ഇതിനായി അമ്പത് മില്യണ്‍ പൗണ്ടാണ് സര്‍ക്കാര്‍ ചെലവിടുന്നത്. 

ഏഴുദിവസവും തുടര്‍ച്ചയായി താപനില പൂജ്യം ഡിഗ്രിയിലും താഴെയായിരുന്ന പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. പെന്‍ഷന്‍ ക്രെഡിറ്റ്, ഇന്‍കം സപ്പോര്‍ട്ട്, ജോബ് സീക്കേഴ്സ് അലവന്‍സ്, എംപ്ലോയ്മെന്റ് സപ്പോര്‍ട്ട് അലവന്‍സ്, യൂണിവേഴ്സല്‍ ക്രഡിറ്റ് എന്നിവയിലേതെങ്കിലും ലഭിക്കുന്നവര്‍ക്ക് ഈ സ്പെഷ്യല്‍ വിന്റര്‍ അലവന്‍സ് ക്ലെയിം ചെയ്യാം. 

സ്കോട്ട്ലന്‍ഡിനു പുറമെ വെസ്റ്റ് മിഡ്ലാന്‍സ്, യോര്‍ക്ക്ഷെയര്‍, ഹംബര്‍ഷെയര്‍ എന്നിവടങ്ങളിലുള്ളവര്‍ക്കെല്ലാം ഇതിന്റെ ആനുകൂല്യം ലഭിക്കും. നിലവില്‍ വിന്റര്‍ അലവന്‍സ് ലഭിക്കുന്നവര്‍ക്കെല്ലാം രണ്ടാഴ്ചയ്ക്കുള്ളില്‍ തുക അക്കൗണ്ടില്‍ ലഭിക്കും.