Latest News

ലണ്ടന്‍ പൊലീസ് ഈസ് എ വണ്ടര്‍ഫുള്‍ പൊലീസ്! നഗരം കത്തിയെരിയുമ്പോഴും ഇപ്പൊ ശരിയാക്കാം എന്ന മട്ടില്‍ അധികൃതര്‍

2018-04-09 01:58:03am |

ലണ്ടൻ: ലണ്ടന്‍ നഗരം അശാന്തിയുടെ കൂടാരം അകുമ്പോഴും നിസ്സംഗതയോടെ പൊലീസ്. ഒരാഴ്ചയ്ക്കുള്ളിൽ കുത്തേറ്റും വെടിയേറ്റും തെരുവോരങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടിട്ടും പൊലീസിന് നഗരത്തിന്റെ നിയന്ത്രണം നഷ്ടമായിട്ടില്ലെന്ന വിചിത്രവാദവുമായി പൊലീസ് മേധാവി. ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് മേധാവി ക്രെസീദ ഡിക്കാണ് പൊലീസിനെ ന്യായീകരിച്ച് ഇന്നലെ രംഗത്തെത്തിയത്. അക്രമം ഒഴിവാക്കാൻ പൊലീസിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ ഇക്കാര്യത്തിൽ വിജയം നേടാനാകുമെന്നുമാണ് പൊലീസ് മേധാവിയുടെ വിശദീകരണം.  

പ്രശ്നബാധിത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വാരാന്ത്യങ്ങളിൽ മുന്നൂറോളം പൊലീസുകാരെ സ്പെഷൽ ഡ്യൂട്ടിക്കായി നിയോഗിക്കുമെന്നും അവർ വ്യക്തമാക്കി. മൂന്നു മാസത്തിനുള്ളിൽ അൻപതു പേർ നഗരത്തിൽ കുത്തേറ്റും വെടിയേറ്റും മരിച്ചത് ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു. ലണ്ടൻ നഗരത്തിൽ ന്യൂയോർക്കിനേക്കാൾ കൊലപാതകങ്ങൾ കൂടിയെന്ന റിപ്പോർട്ടു കൂടിയായതോടെ നഗരം നാണക്കേടിലായി. 

ഇതിനിടെ പൊലീസിന്റെ നടപടികൾ ഫലപ്രദമല്ലെന്ന് വ്യക്തമാക്കുംവിധം വ്യാഴാഴ്ച രാത്രി നഗരത്തിൽ നടന്നത് ഒൻപതു കത്തിക്കുത്തുകളാണ്. ഇതിൽ ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാമിൽ കുത്തേറ്റ 13 വയസുള്ള ബാലന്റെ നില ഗുരുതരമാണ്. മൈൽ എൻഡിൽ പതിനഞ്ചും പതിനാറും വയസുള്ള രണ്ട് യുവാക്കൾക്കും പോപ്ലാറിൽ 15 വയസുള്ള ബാലനുമാണ് വ്യാഴാഴ്ച വ്യത്യസ്ത സംഭവങ്ങളിൽ കുത്തേറ്റത്. സൗത്ത് ഈസ്റ്റ് ലണ്ടനിൽ 40 വയസുള്ള മറ്റൊരാൾക്കും കുത്തേറ്റു. വാക്സ്ഹാളിനു സമീപം വ്യാഴാഴ്ച പുലർച്ചെയായിരുന്നു മറ്റു രണ്ട് സംഭവങ്ങൾ.