Latest News

ഓസ്‌ട്രേലിയന്‍ മലയാളിയുടെ നാട്ടിലെ വീട്ടില്‍ കൊള്ള! വിലപിടിപ്പുള്ള സാധനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ നഷ്ടം ഒഴിവായി, വീട്ടുമുറ്റത്തിട്ട കാര്‍ താക്കോല്‍ കിട്ടിയിട്ടും മോഷ്ടാക്കള്‍ ഉപേക്ഷിച്ചതിന് കാരണം

2018-04-11 03:12:51am |

തൃശൂര്‍ എടമുട്ടം ബീച്ച് റോഡിനു സമീപം ഒരു വീട്ടില്‍ കള്ളന്‍ കയറി. വിവരം അറിഞ്ഞ ഉടനെ പൊലീസ് പാഞ്ഞെത്തി. വീട്ടുലുള്ളവര്‍ ഓസ്ട്രേലിയയിലാണ്. ഒരു ദിവസം മുന്‍പാണ് പോയത്. പണവും സ്വര്‍ണവുമൊന്നും വീട്ടില്‍ സൂക്ഷിച്ചിട്ടില്ലെന്ന് വീട്ടുടമ ഫോണിലൂടെ പറഞ്ഞപ്പോള്‍ പൊലീസിന് സമാധാനമായി. മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്തിട്ടുണ്ട്. ഇരുനില വീടിന്റെ ഉള്‍വശത്തെ മൂന്നു വാതിലുകളുടെ പൂട്ടുകളും തകര്‍ത്തു. അലമാരയിലെ സാധന സാമഗ്രികള്‍ വാരവലിച്ചിട്ടിരിക്കുന്നു. വിലപിടിപ്പുള്ളതൊന്നും വീട്ടില്‍ കാണാനില്ല.

വീടിന്റെ ഔട്ട് ഹൗസിലും സാധനങ്ങള്‍ വാരിവലിച്ചിട്ട് തപ്പിയിട്ടുണ്ട്. വീട്ടമുറ്റത്തെ പോര്‍ച്ചില്‍ നിന്ന് ഇല്ക്ട്രിക് സ്കൂട്ടര്‍ കടത്തിക്കൊണ്ടുപോയി. പിന്നെ, പോര്‍ച്ചില്‍ കണ്ടത് മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറാണ്. കാര്‍ പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി. ദേ ഇരിയ്ക്കുന്നു കാറിനുള്ളില്‍ താക്കോല്‍. ഡോറുകളെല്ലാം തുറന്നിട്ട നിലയിലുമാണ്. ഡാഷ് ബോര്‍ഡിലെ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. ഇല്ക്ട്രിക് സ്കൂട്ടര്‍ ഓടിച്ചു പോയ കള്ളന്‍മാര്‍ എന്താണ് കാര്‍ കൊണ്ടുപോകാതിരുന്നത്?

പൊലീസിന് ആകെ കണ്‍ഫ്യൂഷനായി. കാര്‍ താക്കോലിട്ട് തുറന്ന രീതിയും മറ്റും കാണുമ്പോള്‍ ഡ്രൈവിങ് അറിയുന്നവരാണ്. പിന്നെ, എന്താണ് താക്കോലുണ്ടായിട്ടും ഇവര്‍ കാര്‍ കൊണ്ടുപോകാതിരുന്നത് എന്നായി പൊലീസ് ഉദ്യോഗസ്ഥരുടെ മനസിലുള്ള ചോദ്യം. പത്തു ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാര്‍ അങ്ങനെ കൊണ്ടുപോകാതിരിക്കണമെങ്കില്‍ എന്തെങ്കിലും കാരണം കാണും. പിന്നെയാണ്, പൊലീസിന് ഒരു കാര്യം മനസിലായത്. കാര്‍ ഫുള്‍ ഓട്ടോമാറ്റിക് ആണ്...!

താക്കോലിട്ട് ഓണ്‍ ചെയ്താല്‍ പിന്നെ, ഡ്രൈവിങ് മോഡില്‍ ഇടണം. എന്നാല്‍, മാത്രമേ കാര്‍ മുന്നോട്ടു പോകൂ. ഡ്രൈവിങ്, റിവേഴ്സ്, പാര്‍ക്കിങ് ഓപ്ഷനുകള്‍ പ്രത്യേകം െസലക്ട് ചെയ്യണം. ഇവിടെ, വന്ന കള്ളന്മാര്‍ ഒരുപക്ഷേ ഓട്ടോമാറ്റിക് കാര്‍ ഓടിച്ചിരിക്കാന്‍ സാധ്യതയില്ല. ഗിയറുള്ള വണ്ടികള്‍ മാത്രം ഓടിച്ച ഒരാള്‍, ആദ്യമായി ഓട്ടോമാറ്റിക് കാറില്‍ കയറിയാല്‍ ഓടിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ ഒറ്റക്കാരണം കൊണ്ട് കാര്‍ നഷ്ടപ്പെട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. എന്തായാലും പൊലീസും നാട്ടുകാരും ഇക്കാര്യം അറിഞ്ഞ ഉടനെ മനസില്‍ പറഞ്ഞ കാര്യം ഇതാണ് ‘‘കള്ളന്‍മാര്‍ ആണെത്രെ ഇവര്‍ കള്ളന്‍മാര്‍. മറ്റു കള്ളന്‍മാരെ നാണംകെടുത്താന്‍ വന്നവര്‍..!!’’.