രൂക്ഷ വിമര്‍ശനവുമായി ഇറാന്; വിയോജിപ്പോടെ ബ്രിട്ടനിലെ പ്രതിപക്ഷം! യു.എസ്-റഷ്യ നേര്‍ക്കുനേര്‍ വന്നതോടെ ലോകം യുദ്ധഭീതിയില്‍

ലണ്ടന്‍: അമേരിക്കയും സഖ്യകക്ഷികളും സിറിയയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇറാന്.ആക്രമണത്തിലൂടെ അമേരിക്ക നേട്ടമെന്നും കൊയ്യില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമെനെയ് വ്യക്തമാക്കി. സിറിയയെ ആക്രമിച്ചത് കുറ്റവാളികളാണ്. ഡോണള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവര്‍ കുറ്റവാളികളാണ്. - ഇറാനിയന്‍ ടിവിയിലൂടെ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യാന്തര ബന്ധങ്ങളെ തകിടം മറിക്കുന്ന നീക്കമാണ് വ്യോമാക്രമണത്തിലൂട െ യു.എസ്. നടത്തിയതെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പ്രതികരിച്ചു.
സിറിയന്‍ ആക്രമണത്തെ ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ജെറമി കോര്ബിന് അപലപിച്ചു. "ബോംബുകള്‍ ജീവന് രക്ഷിക്കുകയില്ല, ഒരിക്കല്‍ സമാധാനം കൊണ്ടുവരികയുമില്ല"- അദ്ദേഹം പറഞ്ഞു.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനു കീഴിലുള്ള സൈന്യത്തിനു റഷ്യയും ഇറാനും പിന്തുണ പ്രഖ്യാപിച്ചു. റഷ്യയും ഇറാനും സിറിയയും ലബനനിലെ ഹിസ്ബുള്ള വിഭാഗവും ഒരുപക്ഷത്തു നില്ക്കുമ്പോള് യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്, തുര്‍ക്കി, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളാണു മറുപക്ഷത്ത്. ഈ രാജ്യങ്ങളെല്ലാം സിറിയന്‍ ആക്രമണത്തില്‍ പരസ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതുമാണ്. യൂറോപ്യന്‍ യൂണിയനും സിറിയ വിരുദ്ധപക്ഷത്താണ്.
ആക്രമണത്തെക്കുറിച്ചു റഷ്യക്കു സൂചന നല്‍കിയിരുന്നതായി ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. എസ്300 മിസൈല്‍ പ്രതിരോധ സംവിധാനം സഖ്യകക്ഷികള്‍ക്കു നല്‍കുമെന്ന റഷ്യന്‍ നിലപാട് പാശ്ചാത്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ആക്രമണത്തെ ചൈനയും അപലപിച്ചു. മുന്‍ ചാരനുനേരെ റഷ്യ വിഷപ്രയോഗം നടത്തിയെന്നാരോപിച്ചു ബ്രിട്ടനും അമേരിക്കയും രംഗത്തെത്തിയതിന്റെ പേരില്‍ വഷളായ ബന്ധമാണു സിറിയയില്‍ തട്ടി കൂടുതല്‍ സങ്കീര്‍ണമായത്.
ലോകത്തെ ആശങ്കയിലാക്കി, യു.എസ്-റഷ്യ ശീതസമരം സിറിയയുടെ പേരില്‍ തുറന്ന യുദ്ധത്തിലേക്ക്. സിറിയന്‍ മണ്ണില്‍ നൂറോളം മിസൈലുകളും മിറാഷ്, ടൊര്‍ണാഡോ, റാഫേല്‍ യുദ്ധവിമാനങ്ങളില്‍നിന്നു ബോംബുകളും വര്‍ഷിച്ച് അമേരിക്കയും സഖ്യകക്ഷികളും പശ്ചിമേഷ്യയില്‍ പുതിയ പോര്‍മുഖം തുറന്നു. ആക്രമണം ചെറുക്കാന്‍ തയാറെന്നു റഷ്യയും പ്രതികരിച്ചതോടെ ലോകം മുള്‍മുനയില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവര്‍ യുദ്ധക്കുറ്റവാളികളാണെന്ന് ഇറാനും പ്രഖ്യാപിച്ചു. യു.എന്‍. രക്ഷാസമിതി അടിയന്തരയോഗം ചേരണമെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. ആവശ്യക്കാരായ മറ്റു രാജ്യങ്ങള്‍ക്കും എസ് 300 മിസൈല്‍ പ്രതിരോധസംവിധാനം നല്കാന് തയാറാണെന്നു റഷ്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഏഴിനു സിറിയന്‍ ഭരണകൂടം സ്വന്തം പൗരന്മാര്ക്കുനേരേ നടത്തിയ രാസായുധപ്രയോഗത്തിനു മറുപടിയായാണു ബോംബാക്രമണമെന്നു ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. സാധാരണക്കാരെ രാസായുധത്തിന് ഇരയാക്കുന്നതു പൈശാചികമാണെന്ന പ്രഖ്യാപനത്തോടെയാണു ട്രംപ് സിറിയയില്‍ വ്യോമാക്രമണത്തിന് ഉത്തരവിട്ടത്. ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ രാസാക്രമണത്തില്‍ 75 സിറിയക്കാര്‍ മരിച്ചെന്നാണ് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആരോപണം.
സിറിയയുടെ രാസായുധശേഷി തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം വിജയമെന്നു ട്രംപ് അവകാശപ്പെട്ടു. സിറിയയില്‍ അമേരിക്ക സ്ഥിരം സൈനികസാന്നിധ്യം ആഗ്രഹിക്കുന്നില്ല. തെമ്മാടിരാഷ്ട്രങ്ങളെയും ക്രൂരന്മാരായ ഏകാധിപതികളെയും ആര്‍ക്കും ദീര്‍ഘകാലം സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികസമയം ശനിയാഴ്ച രാവിലെയാണ് അമേരിക്കയും സഖ്യകക്ഷികളും മിസൈല്‍-ബോംബാക്രമണം നടത്തിയത്. മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട പടക്കപ്പലുകളില്നിന്നാണു മിസൈലുകള്‍ വിക്ഷേപിച്ചത്. ടൊര്‍ണാഡോ യുദ്ധവിമാനങ്ങള്‍ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തില്‍നിന്നു പറന്നുയര്‍ന്നു. ഡമാസ്കസിനു സമീപമുള്ള സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനു നേരേയായിരുന്നു ആദ്യആക്രമണം. തൊട്ടുപിന്നാലെ ഹോംസിലെ ആയുധശാലയിലും കമാന്‍ഡ് പോസ്റ്റിലും ആക്രമണമുണ്ടായി. ആക്രമണം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കിയെങ്കിലും അതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് വി ലെ ഡ്രിയാന്‍ അറിയിച്ചു. ആക്രമണത്തിനെതിരേ ബ്രിട്ടനിലെ പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും രംഗത്തെത്തി.
റഷ്യന്‍ സഹായത്തോടെ മിസൈലുകള്‍ തടഞ്ഞ സിറിയ, അമേരിക്കയ്ക്കു തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്നു പ്രതികരിച്ചു. സഖ്യസേന തൊടുത്ത 103 ക്രൂസ് മിസൈലുകളെ ചെറുത്തതായി റഷ്യയും സിറിയയും അവകാശപ്പെട്ടു. ഇവയില്‍ അമേരിക്കയുടെ 73 ടെമാഹോക് മിസൈലുകളും ഉള്‍പ്പെടുന്നതായി റഷ്യന്‍ സൈനികവക്താവ് ലഫ്. ജനറല്‍ സെര്‍ജി റുഡ്സ്കോയ് അറിയിച്ചു. റഷ്യന്‍ നിര്‍മിത എസ്-125, എസ്-200, 2കെ12 മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം തടഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. അല്‍ ദുമെയ്ര് വിമാനത്താവളം ലക്ഷ്യമിട്ട 12 മിസൈലുകള്‍ തകര്‍ത്തു. അവകാശപ്പെട്ടു. നാലു ടോര്‍ണാഡോ ജി.ആര്-4 യുദ്ധവിമാനങ്ങള്‍ ദൗത്യത്തില്‍ പങ്കെടുത്തതായി ബ്രിട്ടനും മിറാഷ്, റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചെന്നു ഫ്രാന്‍സും അറിയിച്ചു.