Latest News

യേശുദാസിന്റെ ആരാധകൻ, മനോരമ ഉൾപ്പെടെ പത്രങ്ങളുടെ ഉപദേഷ്ടാവ്! ലോകപത്രങ്ങൾക്കു വഴികാട്ടിയ ബ്രയൻ നിക്കൾസ് എന്ന ബ്രിട്ടീഷുകാരന്‍ മലയാളിക്ക് പ്രിയങ്കരനായത് ഇങ്ങനെ

2018-05-09 03:11:12am |

ലണ്ടൻ∙ പ്രശസ്ത പത്രപ്രവർത്തകനും ലോകമെമ്പാടുമുള്ള വിവിധ പത്രമാസികകളുടെ ഉപദേഷ്ടാവുമായിരുന്ന ബ്രയൻ നിക്കൾസ് (80) വിടവാങ്ങി. ബ്രിട്ടനിലും വിദേശത്തുമായി ആറു പതിറ്റാണ്ടുകാലം ശ്രദ്ധേയസാന്നിധ്യമായിരുന്ന നിക്കൾസ്, ഹാരൾഡ് എവൻസ് പോലെയുള്ള പത്രപ്രവർത്തക കുലപതികൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

യാസർ അറഫാത്തും ടോണി ബെനറ്റും സോഫിയ ലോറെനും ഉൾപ്പെടെ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്. 1965ൽ കോമൺവെൽത്ത് പ്രസ് യൂണിയന്റെ സന്ദർശന പരിപാടിയുടെ ഭാഗമായി, ഹാരൾഡ് എവൻസിന്റെ പ്രോൽസാഹനത്തോടെ ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ കേരളത്തിലുമെത്തിയ നിക്കൾസ്, മലയാള പത്രങ്ങളുടെ ഉള്ളടക്ക രൂപകൽപനയിൽ മാർഗദർശിയായി പ്രവർത്തിച്ചു.

1953ൽ ഗ്ലാസ്ഗോയിലെ ‘ഈവനിങ് ന്യൂസി’ലൂടെയാണു പതിനഞ്ചാം വയസ്സിൽ പത്രപ്രവർത്തകനായി നിക്കൾസിന്റെ തുടക്കം. സ്പോർട്സായിരുന്നു ഇഷ്ടമേഖല. തുടർന്നു ഡെയ്‌ലി റെക്കോഡ്, ദ് ജേണൽ, സൺഡേ സൺ, ഡെയ്‌ലി എക്സ്പ്രസ്, ഈവനിങ് ഡിസ്പാച്ച്, നോർത്തേൺ എക്കോ, ഡെയ്‌ലി ഹെറൾഡ് (ഇപ്പോഴത്തെ ദ് സൺ) തുടങ്ങിയവയിൽ പ്രവർത്തിച്ചു.

ഖത്തറിലെ ആദ്യ ഇംഗ്ലിഷ് ദിനപത്രമായ ഗൾഫ് ടൈംസിന്റെ സ്ഥാപക പത്രാധിപർ നിക്കൾസായിരുന്നു. 1978ൽ, ആവശ്യത്തിനു ജീവനക്കാരോ പ്രിന്റിങ് പ്രസ് പോലുമോ ഇല്ലാതെ, ഭാര്യ ഡൊറത്തിയുമൊത്താണു പത്രം തുടങ്ങിയത്. ഒന്നാമത്തെ ലക്കത്തിന്റെ 10,000 കോപ്പികൾ കൈകൊണ്ടു മടക്കി തയാറാക്കേണ്ടിവന്നു. 2003ൽ വിരമിച്ചെങ്കിലും നിക്കൾസ് ബിക്യൂ മാഗസിൻ എഡിറ്ററായും മറ്റും എഴുത്തും പത്രപ്രവർത്തനവും തുടർന്നു. ഹൈദരാബാദ് സർവകലാശാലയിലുൾപ്പെടെ ജേണലിസത്തിൽ വിസിറ്റിങ് ലക്ചറർ ആയിരുന്നു.

ആൻഡ്രിയ, ജൂലിയൻ എന്നിവർ മക്കൾ.

 

1965ൽ മലയോള മനോരമയുടെ ഉപദേഷ്ടാവായി കോട്ടയം ഓഫിസിലുള്ള ദിവസങ്ങളിലൊന്നിൽ, സമീപത്തുള്ള കെ.സി.മാമ്മൻ മാപ്പിള ഹാളിലെ യേശുദാസിന്റെ സംഗീതക്കച്ചേരി കേട്ടു മതിമറന്ന് അവിടെപ്പോയിരുന്ന നിക്കൾസ് തുടർന്ന് ഇംഗ്ലിഷിൽ ലേഖനമെഴുതി. രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും വിദേശങ്ങളിൽ അയയ്ക്കുന്നതിനു പകരം കലാകാരന്മാരെ അയയ്ക്കുന്നതാകും ഇന്ത്യയ്ക്കു പ്രയോജനപ്പെടുകയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ നിക്കൾസ് എഴുതിയ ‘ഫീച്ചേഴ്സ് വിത്ത് ഫ്ലെയർ’ എന്ന പുസ്തകം പത്രപ്രവർത്തന വിദ്യാർഥികൾക്കു വഴികാട്ടിയാണ്.