Latest News

ബിബിസിയുടെ പേരില്‍ തെരഞ്ഞെടുപ്പ് സര്‍വേ റിപ്പോര്‍ട്ട് പ്രചരിക്കുന്നു! വ്യാജമാണെന്ന് വ്യക്തമാക്കി ചാനല്‍; നാണക്കേടായി ഒരു ഇലക്ഷന്‍

2018-05-09 03:15:10am |

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ജയം പ്രവചിച്ച പ്രീ-പോള്‍ സര്‍വേ റിപ്പോര്‍ട്ട് വ്യാജം. 135 സീറ്റുകള്‍ നേടി ബി.ജെ.പി. വിജയിക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സര്‍വേയുമായി ബന്ധമില്ലെന്നും ചാനലിന്റെ പേരില്‍ നുണപ്രചരണമാണു നടക്കുന്നതെന്നും ബി.ബി.സി. വ്യക്തമാക്കി

''ജനത കീ ബാത് സര്‍വേ'' ബി.ജെ.പിക്കു മികച്ച വിജയം പ്രവചിക്കുന്നെന്ന തലക്കെട്ടോടെയാണ് ബി.ബി.സിയുടെ പേരിലുള്‍പ്പെടെ വ്യാജസന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 45 സീറ്റ് നേടി ജനതാദള്‍(എസ്) രണ്ടാം സ്ഥാനത്തെത്തും 35 സീറ്റുകളുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നും മറ്റുള്ളവര്‍ 19 സീറ്റ് നേടുമെന്നുമാണു സര്‍വേയില്‍ പറയുന്നത്.

10.20 ലക്ഷം ആളുകളില്‍നിന്നു വിവരം ശേഖരിച്ചു ബി.ബി.സി. നടത്തിയ സര്‍വേ എന്ന തരത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് ബി.ജെ.പി. െസെബര്‍ ക്യാമ്പ് ഈ റിപ്പോര്‍ട്ട് പ്രചരിപ്പിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബി.ബി.സി. ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ജന്‍ കി ബാത്തിന്റെ യഥാര്‍ഥ സര്‍വേഫലം കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ബി.ജെ.പിക്കു 102-108 സീറ്റും കോണ്‍ഗ്രസിന് 72-74 സീറ്റും ജെ.ഡി.എസിന് 42-44 സീറ്റും ലഭിക്കുമെന്നാണു യഥാര്‍ഥ സര്‍വേ റിപ്പോര്‍ട്ട്. സര്‍വേ നടത്തിയിട്ടില്ലെന്നും നുണപ്രചരണമാണു നടക്കുന്നതെന്നും ബി.ബി.സി. ട്വീറ്റ് ചെയ്തു.