Latest News

പ്രവാസിച്ചിട്ടി റിസര്‍വ് ബാങ്ക് നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കാന്‍ ഇളവു തേടി കേരളം; ദുരൂഹമെന്നു ആര്‍ബിഐ

2018-05-13 03:09:48am |

പ്രവാസിച്ചിട്ടിയെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയെടുക്കാനുള്ള കേരളത്തിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി. ഇതു സംബന്ധിച്ച കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പ്രവാസിച്ചിട്ടിയെ കേന്ദ്ര ചിട്ടി ആക്ടിലെ വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കേരളം റിസര്‍വ് ബാങ്കിനെ സമീപിച്ചത്. 1982- ലെ കേന്ദ്ര ചിട്ടി നിയമം വകുപ്പ് 73-ല്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍, കേരളത്തിന്റെ ആവശ്യം ദുരൂഹമാണെന്നാണു റിസര്‍വ് ബാങ്കിന്റെ നിലപാട്. നിക്ഷേപസുരക്ഷിതത്വത്തിനും അഴിമതി നിയന്ത്രണത്തിനും നിയമവ്യവസ്ഥകള്‍ ആവശ്യമാണെന്നും വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇക്കാര്യം ഔദ്യോഗികമായി ഉടന്‍ കേരള സര്‍ക്കാരിനെ അറിയിക്കും. പ്രവാസിച്ചിട്ടി വഴി കിഫ്ബിക്കു ധനസമാഹരണം നടത്താനുള്ള കേരളത്തിന്റെ നീക്കത്തിന് തിരിച്ചടിയാണ് റിസര്‍വ് ബാങ്ക് തീരുമാനം.

കെ.എസ്.എഫ്.ഇ. നടത്തുന്ന പ്രവാസിച്ചിട്ടി വഴി കിഫ്ബിക്കു ധനസമാഹരണം നടത്താനാണു സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. പ്രവാസികളില്‍ നിന്നും മസാല ബോണ്ടുകള്‍ സംഭരിച്ച് കെ.എസ്.എഫ്.ഇ. വഴി കിഫ്ബിയിലേക്കു പണം എത്തിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും വന്‍ പ്രചരണമാണ് കിഫ്ബിയെപ്പറ്റിയും പ്രവാസിച്ചിട്ടിയെക്കുറിച്ചും കേരള സര്‍ക്കാര്‍ നടത്തുന്നത്. ഇതിനിടെയാണ് നിയമവ്യവസ്ഥകളില്‍നിന്ന് ഇളവു തേടി കേരളം റിസര്‍വ് ബാങ്കിനെ സമീപിച്ചത്.

ചിട്ടികളുടെ നടത്തിപ്പില്‍ റിസര്‍വ് ബാങ്കിനുള്ള ഉപദേശക, പങ്കാളിത്ത അധികാരമാണ് ചിട്ടി ആക്ടിലെ 73 ലെ ഉള്ളടക്കം. ചിട്ടികള്‍ നിയമാനുസൃതമായാണോ നടക്കുന്നതെന്നു ബാങ്ക് പരിശോധിക്കുന്നത് ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. നിക്ഷേപത്തിന്റെ സുരക്ഷിതത്വം, പണം നിക്ഷേപിക്കുന്ന സ്രോതസിന്റെ സുതാര്യത എന്നിവയും ഈ വ്യവ്സ്ഥ അനുസരിച്ചാണു റിസര്‍വ് ബാങ്ക് വിലയിരുത്തുന്നത്. വീഴ്ചകളുണ്ടായാല്‍ നടപടി സ്വീകരിക്കാം. ഈ വ്യവസ്ഥയില്‍നിന്നു പ്രവാസിച്ചിട്ടിയെ ഒഴിവാക്കണമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

ക്യത്യമായ രീതിയില്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ചിട്ടിയാണെങ്കില്‍ വ്യവസ്ഥകളില്‍ ഇളവ് എന്തിനെന്ന ചോദ്യമാണ് സാമ്പത്തിക വിദഗ്ധര്‍ ഉന്നയിക്കുന്നത്. സര്‍ക്കാരിന്റെ ആവശ്യം പ്രവാസി ചിട്ടിയുടെ നിക്ഷേപ സുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ആക്ഷേപവും ശക്തമാണ്.

കിഫ്ബിയ്ക്കോ കെ.എസ്.എഫ്.ഇ വഴി ബോണ്ടായി ചിട്ടിയ്ക്ക് ഫണ്ട് സമാഹരിയ്ക്കുന്നതിനോ റിസര്‍വ് ബാങ്കിന്റെ അനുമതി െേവണ്ടന്നായിരുന്നു നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇത് നിയമപരമായി നിലനില്‍ക്കില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനം റിസര്‍വ് ബാങ്കിനെ സമീപിച്ചത്. ചിട്ട് ഫണ്ട് ആക്ട് കൂടുതല്‍ ശക്തമാക്കണമെന്നു ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സി.പി.എം സ്വീകരിച്ച നയത്തിന് കടക വിരുദ്ധമാണ് ഇപ്പോഴത്തെ സമീപനമെന്നും വിമര്‍ശനമുണ്ട്. സംസ്ഥാനത്തിന്റെ വിചിത്രമായ ആവശ്യം പ്രവാസികളെ നിക്ഷേപത്തില്‍നിന്നും മാറ്റി നിര്‍ത്തുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.