Latest News

അഞ്ചു പൗണ്ടിന്റെ പുതിയ നോട്ടുകള്‍ക്ക് വ്യാജന്‍ ഇറങ്ങിയതില്‍ വിറളി പൂണ്ട് ബ്രിട്ടീഷ് അധികൃതര്‍! ക്രയവിക്രയം കരുതലോടെ വേണം

2017-04-15 02:39:00am |

ലണ്ടന്‍: അങ്ങനെ അതും പാളി! ഏറെ സുരക്ഷാ മുന്‍കരുതലോടെ പുറത്തിറക്കിയ പുതിയ അഞ്ചുപൗണ്ടിന്റെ പോളിമര്‍ നോട്ടുകള്‍ക്കും വ്യാജനിറങ്ങി. ഇറങ്ങി മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ വ്യാജനോട്ടുകള്‍ വിപണിയില്‍ കണ്ടതോടെ ഇടപാടുകാര്‍ നോട്ടുകള്‍ ശ്രദ്ധയോടെ ക്രയവിക്രയം നടത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. കോണ്‍വാളിലെ വെയ്ഡ് ബ്രിഡ്ജിലാണു കഴിഞ്ഞദിവസം വ്യാജനോട്ടുകള്‍ കണ്ടെത്തിയത്.

ഫെബ്രുവരിയില്‍ ഡോര്‍സെറ്റ് പൊലീസ് ഇത്തരത്തിലുള്ള വ്യാജനോട്ടുകള്‍ കണ്ടതായി സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും വ്യാജനോട്ടുകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയത്. വ്യാജനോട്ടുകള്‍ കൈവശമെത്തിയാല്‍ ഉടന്‍ അടുത്തുള്ള ബാങ്ക് ശാഖയില്‍ ഏല്‍പിക്കുകയോ 101 എന്ന നമ്പരില്‍ വിളിച്ചു പൊലീസില്‍ വിവരം അറിയിക്കുകയോ ചെയ്യണമെന്നാണു നിര്‍ദേശം.

വ്യാജനോട്ടു നിര്‍മാണം എളുപ്പമല്ലാത്ത തരത്തിലുള്ള സുരക്ഷാസംവിധാനങ്ങളോടെയാണു പുതിയ പോളിമര്‍ നോട്ടുകളുടെ രൂപകല്‍പന എന്നായിരുന്നു റോയല്‍ മിന്റിന്റെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും അവകാശവാദം. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പഴയ അഞ്ചുപൗണ്ട് നോട്ടുകള്‍ക്കുപകരം പുതിയ പോളിമര്‍ നോട്ടുകള്‍ വിപണിയില്‍ ഇറക്കിയത്. മേയ് മാസം അഞ്ചുവരെ പഴയ നോട്ടുകളും വിനിമയത്തിനായി ഉപയോഗിക്കാമെങ്കിലും ഏറെക്കുറെ ഇവയെല്ലാം വിപണിയില്‍നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു. ഇതിനിടെയാണു പുത്തന്‍ നോട്ടുകളില്‍ വ്യാജന്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

രാജ്ഞിയുടെ മുഖചിത്രത്തോടൊപ്പം മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചിത്രവും ആലേഖനം ചെയ്ത അഞ്ചുപൗണ്ട് നോട്ടുകള്‍ തുടക്കത്തിലെ വിവാദം സൃഷ്ടിച്ചിരുന്നു. നോട്ടില്‍ മൃഗക്കൊഴുപ്പിന്റെ അംശമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു സസ്യാഹാരികളും ഹിന്ദു, സിഖ് മതവിശ്വാസികളും നോട്ടു പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു രംഗത്തെത്തുകയായിരുന്നു. പാര്‍ലമെന്റില്‍ വരെ ചര്‍ച്ചാവിഷയമായ ഈ പരാതിയില്‍ പിന്നീടു നടപടികളൊന്നും ഉണ്ടാകാതായതോടെ വിവാദം മെല്ലെ കെട്ടടങ്ങി. വളരെ നേരിയതോതിലേ മൃഗകൊഴുപ്പിന്റെ അംശം നോട്ടുകളില്‍ അടങ്ങിയിട്ടുള്ളൂ എന്നായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിശദീകരണം.

വ്യാജകറന്‍സികള്‍ വ്യാപകമായ ബ്രിട്ടനില്‍ നിലവിലുണ്ടായിരുന്ന ഒരുപൗണ്ട് നാണയത്തില്‍ മുപ്പതില്‍ ഒരെണ്ണം വീതം വ്യാജനാണെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണ്ടെത്തിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ പുതിയ പൗണ്ട് നാണയങ്ങളും കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ആറുമാസംകൊണ്ട് പഴയ നാണയങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു വ്യാജനാണയങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനാണു സര്‍ക്കാര്‍ നീക്കം.