Latest News

മരണത്തിന്‍ മേലുള്ള അത്യന്തികമായ വിജയം! ഉയര്‍പ്പ് പെരുന്നാളിന് യുകെ വാര്‍ത്ത വായനക്കാര്‍ക്ക് സന്ദേശം നല്‍കി ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത

2017-04-16 04:18:19am | ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത

വീണ്ടും ഒരിക്കല്‍ കൂടി  പുനരുത്ഥാനപ്പെരുന്നാള്‍ സമാഗതമാവുകയാണ്. മരണത്തിന്‍ മേലുള്ള അത്യന്തികമായ വിജയമാണ് ഉയിര്‍പ്പ് പെരുന്നാള്‍. ഞാന്‍ മരണത്തെ ജയിച്ചിരിക്കുന്നു' എന്ന പ്രഖ്യാപനം മനുഷ്യരാശിക്ക് പ്രതീക്ഷ പകരുന്നു. നിരാശയുടെ- മരണത്തിന്റെ പടുകുഴിക്കപ്പുറത്ത് പ്രത്യാശയുടെയും ജീവന്റെയും രജതരേഖകള്‍ ഉണ്ടെന്ന് നമ്മുക്ക് ഈ പെരുന്നാള്‍ ഉറപ്പു നല്‍കുന്നു. മരണം ആത്യന്തികമായ അവസാനം അല്ല, പിന്നെയോ സ്ഥലകാല പരിമിതികള്‍ക്കപ്പുറത്തേക്കുള്ള പ്രവേശനമാണ്. യുദ്ധത്തിന്റെയും മരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും അന്ധകാരത്തിനപ്പുറത്ത് സ്‌നേഹത്തിന്റെ ജീവന്‍ നിലനില്‍ക്കുന്നുവെന്നുള്ള പ്രത്യാശ ഈ പെരുന്നാള്‍ നമുക്ക് പകര്‍ന്നു നല്‍കുന്നു.

കഠിന വ്രതത്തിന്‍െയും ആത്മാനുഷ്ഠാനങ്ങളുടെയും അന്ത്യത്തിലാണ് ഈ പെരുന്നാള്‍ വന്നുചേരുന്നത്. ഇതു ഒരു വലിയ ആത്മീയ തീര്‍ഥാടനമാണ്. തീര്‍ഥം എന്ന വാക്കിന്റെ അര്‍ഥം 'കൂടെയുണ്ട് എന്ന് ഉറപ്പുള്ളത്' എന്നാണ്. അതുകൊണ്ടാണ് സദാകൂടെയുള്ള കൂട്ടുകാരനെ സതീര്‍ഥ്യന്‍ എന്നു വിളിക്കുന്നത്. 'കണ്ടാലും ലോകാവസാനത്തോളം ഞാന്‍ നിങ്ങളോടു കൂടെയുണ്ട് (ഇമ്മാനുവേല്‍)' (വി. മത്തായി: 28:20) എന്നുള്ള തീര്‍ഥമാണ് ഈ തീര്‍ഥാടനത്തിന്റെ അന്ത്യത്തില്‍ നമുക്ക് ലഭിക്കുന്നത്.

ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ഒരു കാര്യം മാത്രമാണ് നമ്മോട് ആവശ്യപ്പെടുന്നത്: 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും അന്യേനം സ്‌നേഹിക്കണം.' (വി. യോഹന്നാന്‍. 15.12). വിദ്വേഷത്തിന്റെ മരണത്തില്‍ നിന്ന് സ്‌നേഹത്തിന്റെ ജീവനിലേക്കുള്ള അമൃതവാണിയാണ് ഉയിര്‍പ്പ് പെരുന്നാള്‍.

ക്രിസ്തുവിന്റെ കാലത്തിലേതെന്നതു പോലെ അന്ധകാര ശക്തികളുടെ നഗ്നതാണ്ഡവം ഇന്നും നമുക്കു ചുറ്റും നടക്കുന്നു. വംശീയവും വര്‍ഗീയവും ദേശീയവുമായ കലഹങ്ങളില്‍പ്പെട്ട് നിരവധി നിരപരാധികള്‍ ഇന്നും ക്രൂശിക്കപ്പെടുന്നു. അവരുടെ രോദനത്തിന്റെ ശബ്ദം ഇന്നു ലോകം മുഴുവനും പ്രകമ്പനം കൊള്ളുന്നു. ഇവിടെയാണ് സ്‌നേഹത്തിലൂടെ ലോകത്തെ കീഴടക്കിയ യേശുക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ സന്ദേശം പ്രസക്തമാകുന്നത്.

പ്രവാസികളായ എല്ലാ നല്ല മനുഷ്യര്‍ക്കും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ഉയിര്‍പ്പ് പെരുന്നാളിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട്.

ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത