Latest News

ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടീഷ് ജനത ഒരുമിച്ചു! ഈസ്റ്റര്‍ സന്ദേശത്തില്‍ തെരേസാ മേയ് പറഞ്ഞത്

2017-04-17 02:47:40am |

ലണ്ടന്‍: ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടീഷ് ജനത ഒരുമിച്ചുവെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ പ്രധാന മന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റിനു ശേഷം അവസരങ്ങള്‍ ബ്രിട്ടനെ തേടിവരുമെന്നും തെന്റ ആദ്യ ഈസ്റ്റര്‍ സന്ദേശത്തില്‍ അവര്‍ പറഞ്ഞു. ക്രിസ്തുമത വിഭാഗങ്ങള്‍ സമൂഹത്തിനുനല്‍കിയ സംഭാവനകള്‍ ആത്മവിശ്വാസം തോന്നിപ്പിക്കുന്നതാണെന്നും അവര്‍ സൂചിപ്പിച്ചു.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും പുകള്‍െപറ്റ നാടാണ് ബ്രിട്ടന്‍. മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ രഹസ്യമായാണ് തങ്ങളുടെ മതവിശ്വാസങ്ങളനുസരിച്ച് ജീവിക്കുന്നതെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബ്രെക്‌സിറ്റിന് ശേഷം  ബ്രിട്ടണ്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുന്നതായി ആരോപണം ശക്തമാകുന്നു. ഉത്തര കൊറിയന്‍ വിഷയത്തില്‍ ബ്രിട്ടന്റെ പ്രതികരണം ഇതിന്റെ സൂചനയാണെന്നും അന്താരാഷ്ട്ര രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മിസൈല്‍ പരീക്ഷണം ഉള്‍പ്പെടെയുള്ള ഉത്തരകൊറിയയുടെ നടപടികള്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബ്രിട്ടന്‍ പ്രതികരച്ചതാണ് രാജ്യാന്തര സമൂഹത്തെ ഞെട്ടിച്ചത്. അണവപരീക്ഷണങ്ങളുടെ കാര്യത്തില്‍ ഉത്തരകൊറിയ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെ മാനിച്ചുവേണം മുന്നോട്ടുപോകാനെന്നും വിദേശകാര്യസെക്രട്ടറി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

ആവശ്യമെങ്കില്‍ കൊറിയയുമായി യുദ്ധത്തിനു തന്നെ തയാറെടുത്തുള്ള അമേരിക്കയുടെ നീക്കങ്ങളോടുള്ള ബ്രിട്ടന്റെ തണുത്ത പ്രതികരണമായാണ് വിദേശകാര്യസെക്രട്ടറിയുടെ  ഈ പ്രസ്താവനയെ നിരീക്ഷകര്‍ കാണുന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ലിബിയയിലും അമേരിക്കയൊടൊപ്പം സൈനിക നടപടിക്കു കൂട്ടുനിന്ന ബ്രിട്ടണ്‍ കൊറിയയുമായി യുദ്ധമുണ്ടായാല്‍ കാഴ്ചക്കാരന്റെ റോളിലാകും നിലകൊള്ളുക എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ബ്രക്‌സിറ്റിന്റെ തിരക്കിലായ ബ്രിട്ടന് ഇപ്പോള്‍ സ്വന്തം നിലനില്‍പ്പ് ഭദ്രമാക്കുകയാണ് പ്രധാന ലക്ഷ്യം. യൂറോപ്പില്‍പോലും ഒറ്റപ്പെടല്‍ ഭീഷണി നേരിടുന്ന ബ്രിട്ടന്‍ പുതിയൊരു വിഷയത്തില്‍ അനാവശ്യ താല്‍പര്യമെടുത്ത് കെണിയിലാകാന്‍ ഉദ്ദേശിക്കുന്നില്ല. അമേരിക്കയോടൊപ്പം നില്‍ക്കുമ്പോഴും ചൈനയുമായുള്ള വാണിജ്യവ്യാപാര ഉടമ്പടികളില്‍ ബ്രിട്ടന് താല്‍പര്യങ്ങള്‍ ഏറെയാണ്. കൊറിയന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് ചൈനയുടെ ശത്രുവാകുന്നതുകൊണ്ട് ബ്രിട്ടന് നേട്ടം ഒന്നുംതന്നെയില്ല.