Latest News

യുകെയിലെ മലയാറ്റൂരില്‍ തിരുന്നാളിന് ജൂൺ 25 ന് കൊടിയേറും;പ്രധാന തിരുന്നാൾ ജൂലൈ ഒന്നിന്;മാർ.ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ; കലാസന്ധ്യയിൽ ജി.വേണുഗോപാലും,ഡോ.വാണിയും നയിക്കുന്ന ഗാനമേളയും

2017-04-17 03:02:58am |
യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ.തോമാശ്ളീഹായുടെയും ,ഭാരതത്തിൻറെ പ്രഥമ വിശുദ്ധ അൽഫോൻസയുടെയും സംയുക്ത തിരുന്നാളിന് ജൂൺ 25 ന് കൊടിയേറും.പ്രധാന തിരുന്നാൾ ജൂലൈ മാസം ഒന്നാം തിയതി ശനിയാഴ്ച നടക്കും.കോടിയേറ്റത്തെ തുടർന്ന് ദിവസവും വൈകുന്നേരം 5 ന് ദിവ്യബലിയും മധ്യസ്ഥാപ്രാര്ഥനകളും നടക്കും.പ്രധാന തിരുന്നാൾ ദിനമായ ജൂലൈ മാസം ഒന്നാം തിയതിയിലെ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ ആകും.മാഞ്ചെസ്റ്ററിന്റെ ഹൃദയ ഭാഗത്തു രാജകീയ പ്രൗഢിയോടെ നിൽക്കുന്ന വിഥിൻഷോ സെൻറ് ആൻറണീസ് ദേവാലയത്തിൽ ആണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുക.
 
മലയാളത്തിൻറെ പ്രശസ്‌ത പിന്നണി ഗായകൻ ജി.വേണുഗോപാൽ നയിക്കുന്ന ഗാനമേളയാണ് ഇ വർഷത്തെ മുഖ്യ ആകർഷണം.വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാർ സിങ്ങർ ഡോ.വാണിജയറാമും അണിനിരക്കുമ്പോൾ ഗാനമേള ഏവർക്കും മികച്ച വിരുന്നാകും.തിരുന്നാൾ തിരുക്കർമങ്ങളെ തുടർന്ന് വിഥിൻഷോ ഫോറം സെന്ററിലാണ്‌ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള ഗാനമേള നടക്കുക.യുകെയിലെ പ്രമുഖ ബാൻഡായ റെയിൻബോ രാഗസ് ആണ് ലൈവ് ഓർക്കസ്ട്ര ഒരുക്കുന്നത്.
 
 2015 ൽ കെജി മാർക്കോസും ,2016 ൽ ബിജു നാരായണനും  മാഞ്ചസ്റ്റർ തിരുനാളിൽ സംഗീത വിരുന്നൊരുക്കിയപ്പോൾ ഇക്കുറി മലയാളത്തിൻറെ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാലിൻറെ മാസ്മരിക വിരുന്നിനായി  യുകെ മലയാളികൾ കാത്തിരിക്കുകയാണ്.
 
ജൂൺ മാസം 25 തിയതി ഞാറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് കൊടിയേറുക.പിനീട്‌ ഒരാഴ്ചക്കാലം മാഞ്ചസ്റ്റർ തിരുന്നാൾ ലഹരിയിൽ ആണ്.നാടിൻറെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റർ തിരുന്നാൾ.
ജൂൺ മാസം 25 ന് വൈകേന്നേരം 5 ന് ഇടവക വികാരി റെവ.ഡോ.ലോനപ്പൻ അരങ്ങാശേരി യാണ് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടത്തുക.തുടർന്ന് പ്രസിദേന്തി വാഴ്ചയും,മധ്യസ്‌ഥ പ്രാർത്ഥനയും,വിശുദ്ധ കുർബാനയും നടക്കും.ഇതേ തുടർന്ന് ഉത്പന്ന ലേലവും ഉണ്ടായിരിക്കും.
 
26 തീയതിയിലെ തിരുക്കർമങ്ങളിൽ ഫാ.തോമസ് തൈക്കൂട്ടത്തിലും,27 ന് ഫാ.നിക്കോളാസ് കേണ് ,28 ന് ഫാ.സജി മലയിൽപുത്തെൻപുര,29 ന് ഫാ.ജിനോ അരീക്കാട്ട്,30 ന് റെവ.ഡോ തോമസ് പറയടിയിൽ എന്നിവരും കാർമ്മികരാകും.
 
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ഒന്നാംതീയതി രാവിലെ 10 ന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും.തിരുന്നാളിൽ മുഖ്യ കാർമ്മികനാകുവാൻ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിനെയും,വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സെൻറ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂർവ്വമായ പൊന്തിഫിക്കൽ കുർബാനക്ക് തുടക്കമാകും.യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ വൈദീകർ ദിവ്യബലിയിൽ സഹ കാർമ്മികരാകും.
 
ദിവ്യബലിയെ തുടർന്ന് ഭക്തി നിർഭരമായ തിരുന്നാൾ പ്രദക്ഷിണം നടക്കും .പൊൻ -വെള്ളി കുരിശുകളുടെയും,മുത്തുക്കുടകളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാസ്ലീഹായുടെയും,വിശുദ്ധ അൽഫോൻസയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മാഞ്ചെസ്റ്ററിന്റെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസ സമൂഹത്തിനു ആത്മ നിർവൃതിയാണ്.
പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം സമാപന ആശീർവാദവും,പാച്ചോർ നേർച്ച വിതരണവും,സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
 
ഇതേ തുടർന്ന് ഫോറം സെന്ററിൽ മലയാളത്തിൻറെ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാലും,ഐഡിയ സ്റ്റാർ സിങ്ങർ ഡോ.വാണിജയറാമും ചേർന്ന് നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും.യുകെയിലെ പ്രമുഖ മ്യൂസിക് ബാൻഡായ  റെയിൻബോ രാഗസ് ആണ് പത്തിലേറെ ഉപകരണങ്ങളുമായി ലൈവ് ഓർക്കസ്ട്ര ഒരുക്കുന്നത്.
മൂന്ന് മണിക്കൂറിൽ ഏറെ നീണ്ടുനിൽക്കുന്ന സഗീതവിരുന്ന് കാണികൾക്ക് നല്ലൊരു വിരുന്നായിത്തീരും എന്നതിൽ സംശയം ഇല്ല.
 
എല്ലാ വർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ തിരുന്നാൾ നടക്കുന്നത്.യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററിൽ ആയിരുന്നു.അന്ന് മുതൽ രാജ്യത്തിൻറെ പല  ഭാഗങ്ങളിൽ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങൾ ഒത്തുചേരുന്ന യുകെമലയാളികളുടെ ആത്മീയ ഉത്സവമായി മാഞ്ചസ്റ്റർ തിരുന്നാൾ മാറി കഴിഞ്ഞു.
ഇടവ വികാരി റെവ.ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും റെവ.ഡോ.ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.