Latest News

ലോക മലയാളികൾക്ക് ഈസ്റ്റർ- വിഷു ആശംസകൾ നേർന്നുകൊണ്ട് "ജ്വാല" ഏപ്രിൽ ലക്കം പുറത്തിറങ്ങി

2017-04-18 01:19:40am | വർഗ്ഗീസ്‌ ദാനിയേൽ - യുക്മ പി ആർ ഒ
"ജ്വാല"  മാഗസിൻ ഏപ്രിൽ ലക്കം പുതുമകളോടെ പുറത്തിറങ്ങി. എല്ലാവർക്കും വിഷുവിന്റെയും ഈസ്റ്ററിന്റെയും ആശംസകൾ നേർന്നുകൊണ്ട്‌ കേരളത്തിന്റെ നയാഗ്രാ എന്നറിയപ്പെടുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനം കവരുന്ന ഭംഗി കവർ ചിത്രമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ഉയരുന്ന ജനരോഷത്തെ കാണാതെ പോകുവാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിന്റെ കപടമുഖങ്ങളെ  "ആതിരപ്പിള്ളിയുടെ ആകുലതകൾ" എന്ന കവർ സ്റ്റോറിയിലൂടെ ശ്രീ ടി ടി പ്രസാദ്‌ പിച്ചിച്ചീന്തുന്നു. 
 
 
വായനക്കാരിൽ നല്ല കൃതികൾ എത്തിക്കുക എന്ന  ഉദ്ദേശ്യത്തോടെ ജ്വാല ചെയ്യുന്ന ചെറിയ ശ്രമങ്ങളെ എടുത്തുക്കാട്ടികൊണ്ട്‌ ശ്രീ റെജി നന്തിക്കാട്ടിന്റെ എഡിറ്റോറിയലിൽ,  പുതു തലമുറയെ വായനയിലേക്കും കലയിലേക്കും തിരികെകൊണ്ടുവരുവാൻ ആഹ്വാനം ചെയ്യുന്നു. 
 
 
ബഹുമുഖ പ്രതിഭയായ ഹാസ്യ സാഹിത്യകാരൻ, ചെറുകഥാകൃത്ത്‌, ഉപന്യാസ കർത്താവു, നാടക രചയിതാവ്‌ മുതലായ നിലയിൽ അറിയപ്പെട്ടിരുന്ന,  തന്റെ കഥാപാത്രങ്ങൾക്ക്‌ അവരുടെ തൊഴിലിനോട്‌ ചേർന്ന ഭാഷ സൃഷ്ടിച്ച കേരളത്തിന്റെ നല്ല എഴിത്തുകാരിൽ ഓരാളായ ഇ വി കൃഷ്ണപിള്ളയെ അനുസ്മരിച്ചുകൊണ്ടു നൈന മണ്ണഞ്ചേരി യുടെ "അനശ്വരനായ ഇ വി" വായനക്കാർക്ക്‌ ഓർമ്മയുടെ ചെപ്പിൽ എന്നും സൂക്ഷിക്കുവാൻ പാകത്തിൽ ഇ വി യെപറ്റി നല്ല അറിവുകൾ പകരുന്നു. 
 
 
ശിവപ്രസാദ്‌ പാലോടിന്റെ "മഴ നന", ജോർജ്ജ്‌ അറങ്ങാശ്ശേരിയുടെ കഥ "വിലാപങ്ങളുറങ്ങുന്ന മുന്തിരിതോപ്പുകൾ", ശബ്‌നം സിദ്ധിഖിന്റെ കവിത "മെലിഞ്ഞ പുഴ", ബഷീർ വള്ളിക്കുന്നിന്റെ ഓർമ്മകുറിപ്പ്‌ "കാത്തയെകണ്ട ഓർമ്മയിൽ", ചന്തിരൂർ ദിവാകരന്റെ കവിത "സുനാമി", ആർഷ അഭിലാഷിന്റെ കഥ "കാത്തിരിക്കുന്നവർക്കായി", സാബു കോലയിലിന്റെ കവിത "ഉൽപത്തിയുടെ തുടിപ്പുകൾ", എം എ ധവാൻ എഴിതിയ ആനുകാലിക പ്രസക്തമായ കഥ "ഉദരാർത്ഥി" എന്നിവയാണു മറ്റു വിഭവങ്ങൾ. 

ഈസ്റ്റർ, വിഷു എന്നിവപ്രമാണിച്ച്‌ എഡിറ്റിംഗ്‌ ജോലികൾ നേരത്തേ പൂർത്തിയാക്കിയതിനാൽ താമസിച്ചു ലഭിച്ച ചില രചനകൾ ഉൾപ്പെടുത്തുവാൻ സാധിച്ചിട്ടില്ല.  അടുത്തലക്കത്തിൽ അവ ഉൾപ്പെടുത്തുന്നതായിരിക്കും. "ജ്വാല" ഏപ്രിൽ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക