Latest News

നാലുമാസത്തിനുള്ളില്‍ ബിഎംഡബ്ല്യു ബൈക്ക് പണിമുടക്കി; പരാതിയുമായി മലയാളി റൈഡര്‍

2018-06-06 02:44:47am |

ബിഎംഡബ്ല്യുന്റെ ആഡംബര ബൈക്ക് പണിമുടക്കിയതായി പരാതി. റൈഡര്‍ സാം കുര്യന്‍ കളരിക്കലാണ് തന്റെ ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ ഇക്കാര്യം വ്യക്തമാക്കി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് വാഹനപ്രേമികള്‍ എല്ലാവരും തന്നെ ഏറ്റെടുത്തുകഴിഞ്ഞു.

ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് സ്വന്തമാക്കിയിട്ട് നാലുമാസം മാത്രമേ ആയിട്ടുള്ളു. ഏകദേശം 2500 കിലോമീറ്റര്‍ മാത്രമാണ് വാഹനം റൈഡ് ചെയ്തിരിക്കുന്നത്. അവസാന ആഴ്ച ബംഗളൂരുവിലേക്കുള്ള യാത്രയിലാണ് വാഹനത്തിന്റെ എഞ്ചിന്‍ പണിമുടക്കുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

അടുത്ത ദിവസം തന്നെ ഡീലര്‍ എത്തി തന്റെ മുന്നില്‍വെച്ച് വാഹനം പരിശോധിച്ചിരുന്നു. ഡീലറെ താന്‍ കുറ്റം പറയുന്നില്ലെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ കമ്പനിലെ സമീപിച്ചിട്ട് ഒരു പ്രതികരണവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ച കഴിഞ്ഞിട്ടും കമ്പനിയുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഇല്ലെന്നും ഇത് തന്നെ വിഷമിപ്പിച്ചെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈനില്‍ പരാതി നല്‍കാനായി തീരൂമാനിച്ചെങ്കിലും കമ്പനിയുടെ സെര്‍വര്‍ പ്രവര്‍ത്തനരഹിതമെന്നാണ് കാണിക്കുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ കമ്പനിയില്‍ നിന്നും തന്നെ ആരും വിളിച്ചില്ലെന്നും ഇത്രയും തുക മുടക്കി വാഹനം വാങ്ങുന്ന ഉയോക്താവിനോട് ബിഎംഡബ്ല്യു പോലൊരു കമ്പനി ഇങ്ങനെ പെരുമാറുന്നത് സങ്കടകരമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞവര്‍ഷമാണ് വാഹനം വിപണിയില്‍ എത്തിയത്. 1170 സിസി എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.7 സെക്കന്റുകള്‍ മാത്രം മതി. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ ലഭിക്കുന്ന വാഹനത്തിന്റെ വില 15 ലക്ഷം രൂപ മുകളിലേക്കാണ്.