Latest News

മാർത്തോമ്മാ സംഗമം ശനിയാഴ്ച ബർമിങ്ങാമിൽ; ഒത്തുകൂടുന്നത്‌ ആയിരക്കണക്കിന് വിശ്വാസികൾ, ബ്രിട്ടനിലെ വിവിധ സഭാ മേലധ്യക്ഷന്മാർ സംബന്ധിക്കും

2018-06-06 02:50:45am |

ലണ്ടൻ: ബ്രിട്ടനിലെയും യൂറോപ്പിലെ മറ്റു രാജ്യങ്ങളിലെയും ആയിരക്കണക്കിന് മാർത്തോമ്മാ വിശ്വാസികൾ ഒത്തുകൂടുന്ന മാർത്തോമ്മാ സംഗമം ശനിയാഴ്ച ബർമിങ്ങാമിൽ നടക്കും. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലെയും മാർത്തോമ്മാ പള്ളികളെയും കുർബാന കേന്ദ്രങ്ങളെയും യോജിപ്പിച്ചുള്ള യുകെ-യൂറോപ്പ് സോണിന്റെ ഉദ്ഘാടനവും സമ്മേളനത്തിൽ നടത്തും. നിലവിൽ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലാണ് യൂറോപ്പിലെ എല്ലാ പള്ളികളും. ബ്രിട്ടൻ ആസ്ഥാനമാക്കി യൂറോപ്പിൽ പുതിയ ഭദ്രാസനം ആരംഭിക്കുന്നതിന്റെ തുടക്കം കൂടിയാണ് സോൺ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ബർമിങ്ങാമിലെ ടാംവർത്തിൽ (B79 9AA) കോംബർഫോർഡ് റോഡിലുള്ള കോട്ടൺ ഗ്രീൻ ചർച്ചിൽ ശനിയാഴ്ച രാവിലെ 10.30 മുതൽ 4.30 വരെയാണ് പരിപാടികൾ. റവ. ഡോ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത സംഗമത്തിന്റെയും സോണിന്റെയും ഉദ്ഘാടനം നിർവഹിക്കും. റവ. ഡോ. ഐസക് മാർ ഫീലക്സീനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഫീലക്സീനോസ് മെത്രാപ്പോലീത്തയുടെ എപ്പിസ്കോപ്പൽ രജതജൂബിലിയും സമ്മേളനത്തിൽ ആഘോഷിക്കും. 

സഭാവിശ്വാസികളായ വനിതകളുടെ കൂട്ടായ്മയായ സുവിശേഷ സേവികാ സംഘത്തിന്റെ നൂറാം വാർഷികവും സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. ബ്രിട്ടനിലെ വിവിധ സഭാ മേലധ്യക്ഷന്മാർ സമ്മേളനത്തിൽ ആശംസാ പ്രസംഗം നടത്തും.