Latest News

യുകെയില്‍ നിന്നടക്കമുള്ള ബുക്കിങ് വര്‍ധിക്കുന്നു, നിപ്പ തളര്‍ത്തിയ ടൂറിസം സീസണ്‍ മണ്‍സൂണില്‍ പിച്ച വയ്ക്കുന്നു

2018-06-08 01:57:00am |

കായല്‍ ടൂറിസം മേഖലയ്‌ക്ക് ഇനി പ്രതീക്ഷ മണ്‍സൂണില്‍. ഏറ്റവും തിരക്കേറിയ അവധിക്കാല സീസണില്‍ സമരവും നിപ ഭീഷണിയും മേഖലയെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഈ പ്രതിസന്ധി മണ്‍സൂണ്‍ ടൂറിസത്തിലൂടെ മറികടക്കാനാണ്‌ ശ്രമം. മഴയുടെ സൗന്ദര്യത്തിനൊപ്പം കായല്‍ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട്‌ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വിവിധ പാക്കേജുകള്‍ക്ക്‌ രൂപം നല്‍കുകയാണ്‌. കഴിഞ്ഞ മണ്‍സൂണ്‍ സീസണില്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 8.5 ശതമാനവും ആഭ്യന്തര സഞ്ചാരികളുടേയും എണ്ണത്തില്‍ 13.5 ശതമാനവും വര്‍ധന ഉണ്ടായിരുന്നു.

ഇത്തവണ ആഭ്യന്തര ടൂറിസ്‌റ്റുകളുടെ എണ്ണത്തിലാണ്‌ വര്‍ധന പ്രതീക്ഷിക്കുന്നത്‌. ആന്ധ്രാപ്രദേശ്‌, മഹാരാഷ്ര്‌ട, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ബുക്കിങ്‌ കഴിഞ്ഞ വര്‍ഷം വര്‍ധിച്ചിരുന്നു. വിദേശ സഞ്ചാരികളില്‍ സ്‌പെയിന്‍, യു.കെ, സൗദി അറേബ്യ, ദുബായ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ബുക്കിങ്ങിലും വര്‍ധനയുണ്ടായി. ജൂലൈ മാസത്തില്‍ ഗള്‍ഫ്‌ നാടുകളില്‍ ചൂട്‌ കൂടുമ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികളുണ്ട്‌. ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ അടയ്‌ക്കുന്ന സമയം ആയതിനാല്‍ പ്രവാസി മലയാളികള്‍ കായല്‍ യാത്രയ്‌ക്കും സുഖചികത്സയ്‌ക്കും എത്താറുണ്ട്‌. സൗദി സഞ്ചാരികളില്‍ കൂടുതല്‍ പേരും ആയൂര്‍വേദ ചികിത്സയ്‌ക്ക് കൂടിയാണ്‌ വരുന്നത്‌.

ടൂറിസം വകുപ്പും സ്വകാര്യ ഹൗസ്‌ബോട്ട്‌ ഉടമകളും മണ്‍സൂണ്‍ സീസണ്‍ പ്രമാണിച്ച്‌ പ്രത്യേക പാക്കേജുകളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഹൗസ്‌ ബോട്ട്‌ ഉടമകള്‍ 30 ശതമാനം വരെ കിഴിവ്‌ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. ആയൂര്‍വേദ റിസോര്‍ട്ടുകളും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഓഫറുകള്‍ പ്രഖ്യാപിക്കുന്നുണ്ട്‌. വേമ്പനാട്‌ കായലിന്റെ മഴചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ വെബ്‌സൈറ്റുകളിലൂടെയാണ്‌ പലരും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌. ആയിരത്തോളം ഹൗസ്‌ബോട്ടുകളും നൂറിലധികം ശിക്കാരി വള്ളങ്ങളും ആലപ്പുഴയില്‍ ടൂറിസം രംഗത്തുണ്ട്‌. വള്ളംകളി സീസണാകുന്നതോടെ രംഗം സജീവമായേക്കും.