Latest News

ബിആര്‍ ഷെട്ടി സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് പണം നല്‍കി, കേന്ദ്ര സര്‍ക്കാരും സുഷമാ സ്വരാജും നിലപാട് ശക്തമാക്കി! അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി തൃശൂരേക്ക്‌

2018-06-10 03:11:44am |

അറ്റ്‌ലസ്‌ ജുവലറി ഗ്രൂപ്പ്‌ ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ദുബായില്‍ ജയില്‍മോചിതനായി. വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയതോടെ വിവിധ ബാങ്കുകള്‍ നിയമനടപടി തുടങ്ങിയതോടെ 2015 ഓഗസ്‌റ്റിലാണു ജയിലിലായത്‌. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്‌ഥാനത്തിലാണു മോചനം സാധ്യമായതെന്നാണു വിവരം.

മൂന്നു വര്‍ഷത്തോളം നീണ്ട ജയില്‍വാസം മൂലം ആരോഗ്യനില തീര്‍ത്തും മോശമായ രാമചന്ദ്രന്‍ ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തൃശൂരിലെ കുടുംബവീട്ടിലേക്കു വരുമെന്നു കുടുംബസുഹൃത്ത്‌ രാജശേഖരന്‍ പറഞ്ഞു.സ്വര്‍ണം, സിനിമ, ആശുപത്രി, റിയല്‍ എസ്‌റ്റേറ്റ്‌ തുടങ്ങി വിവിധ മേഖലകളില്‍ സംരംഭങ്ങളുണ്ടായിരുന്ന രാമചന്ദ്രന്‍ ജീവിതാവസാനം വരെ ദുബായ്‌ ജയിലില്‍ കഴിയേണ്ടിവരുമെന്ന ആശങ്കകള്‍ക്കു വിരാമമിട്ടാണ്‌ മോചനമുണ്ടായത്‌. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ബി.ജെ.പി. ദേശീയ നേതൃത്വവും ശക്‌തമായ ഇടപെട്ടതോടെയാണു മോചനത്തിനു വഴിതെളിഞ്ഞത്‌.

ഒത്തുതീര്‍പ്പിനു ബാങ്കുകളും വായ്‌പ നല്‍കിയിരുന്ന വ്യക്‌തികളും തയാറായി. അറ്റ്‌ലസിന്റെ ഒമാനിലെ ആശുപത്രികള്‍ ഏറ്റെടുത്ത്‌ പ്രമുഖ വ്യവസായി ബി.ആര്‍. ഷെട്ടി നല്‍കിയ തുകയും തുണയായി.ബിസിനസ്‌ ആവശ്യങ്ങള്‍ക്കായി വായ്‌പയെടുത്ത 55.5 കോടി ദിര്‍ഹ (1000 കോടിയോളം രൂപ)ത്തിന്റെ തിരിച്ചടവ്‌ മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്‌തതോടെ വിവിധ ബാങ്കുകള്‍ ചേര്‍ന്ന്‌ ദുബായ്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയെന്നു ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ പരാതിയില്‍ മൂന്നു വര്‍ഷം തടവാണു കോടതി വിധിച്ചത്‌.

സമാനമായ കേസില്‍ രാമചന്ദ്രന്റെ മകള്‍ മഞ്‌ജുവും മരുമകന്‍ ഡോ. അരുണും 2015 ഓഗസ്‌റ്റ്‌ ഏഴിന്‌ അറസ്‌റ്റിലായിരുന്നു. ഓഗസ്‌റ്റ്‌ 23നാണ്‌ രാമചന്ദ്രന്‍ അറസ്‌റ്റിലായത്‌. മഞ്‌ജുവിന്‌ പിന്നീടു ജാമ്യം ലഭിച്ചു. അറസ്‌റ്റ്‌ ഭയന്ന്‌ മകന്‍ കാനഡയിലേക്കു പോയി. ജുവലറികളിലുണ്ടായിരുന്ന ആഭരണങ്ങളും ചില സ്‌ഥാപനങ്ങളും വിറ്റ്‌ വായ്‌പയില്‍ ഒരു ഭാഗം തിരിച്ചടച്ചു.

വലിയ കടബാധ്യത ബാക്കിനില്‍ക്കുകയാണ്‌. രാമചന്ദ്രന്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയാല്‍ കൂടുതല്‍ സ്‌ഥാപനങ്ങള്‍ വിറ്റാണെങ്കിലും ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയുമെന്ന്‌ ഉറപ്പാണു കുടുംബം നല്‍കിയിരുന്നത്‌. ഇന്ദിരയാണു രാമചന്ദ്രന്റെ ഭാര്യ. ഭര്‍ത്താവും മകളും മരുമകനും ജയിലിലാകുകയും മകന്‍ രാജ്യം വിടുകയും ചെയ്‌തതോടെ ഒറ്റപ്പെട്ടുപോയ ഇന്ദിരയുടെ കണ്ണീരിലാണു പ്രവാസി, രാഷ്‌ട്രീയ സംഘടനകളുടെയും സര്‍ക്കാരുകളുടെയും ഇടപെടലുണ്ടായത്‌.