Latest News

ചരിത്രമെഴുതിയ സാ​ന്റോസയില്‍ മണക്കുന്നത് കൊന്നുതള്ളപ്പെട്ട ചൈനാക്കാരുടെ ചോര; പുലാവ് ബ്ളാകാംഗ് മാട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കൊറിയന്‍ യുവതികളുടെ നിലവിളി കേട്ട മണ്ണ്

2018-06-13 01:41:25am |

സിംഗപ്പൂരിന്റെ ദക്ഷിണ തീരത്ത് സ്ഥിതി ചെയ്യുന്ന സന്റോസ റിസോര്‍ട്ട് ഐലന്റാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. അമേരിക്കന്‍ - വടക്കന്‍ കൊറിയന്‍ ഭരണാധികാരികളുടെ കൂടിക്കാഴ്ച കൊണ്ട് ലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന പ്രകൃതി രമണീയമായ പ്രദേശം. ഒരിക്കല്‍ മരണത്തിന്റെയും പ്രേതങ്ങളുടെയും താഴ്‌വാരമെന്ന് വിശേഷണം കിട്ടിയ പ്രദേശത്താണ് ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ രാജ്യതലവനും അപകടകാരിയായ രാജ്യതലവനും തമ്മില്‍ മുഖാമുഖം ഇരിക്കാന്‍ വേദിയായത്.

സന്റോസ ഇപ്പോള്‍ പ്രശസ്ത അവധിക്കാല കേന്ദ്രമാണ്. ഗോള്‍ഫ് കോഴ്‌സ്, തീം പാര്‍ക്കുകള്‍, ആഡംബര റിസോര്‍ട്ട് ഹോട്ടലുകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. 1940 കളില്‍ ജയിലും യുദ്ധത്തടവുകാരരെ പാര്‍പ്പിച്ചിരുന്നതുമായ ഒരു മത്സ്യബന്ധന ഗ്രാമത്തില്‍ നിന്നുമാണ് സെന്റോസയിലേക്ക് ദ്വീപ് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. യുദ്ധത്തടവുകാരെ പാര്‍പ്പിച്ചിരുന്നതും തടവുകാരെ കൂട്ടക്കുരുതി നടത്തുകയും ചെയ്തിരുന്ന ഇവിടം രോഗങ്ങളും ദുരന്തങ്ങളും കൊണ്ടാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്.

'സന്റോസ' എന്ന വാക്കിന് മലയാ ഭാഷയില്‍ പ്രശാന്തത എന്നാണ് അര്‍ത്ഥം. ഏഷ്യയിലെ ഏറ്റവും സുരക്ഷിത കേന്ദ്രമായ സിംഗപ്പുരിലെ 63 ദ്വീപുകളിലൊന്നാണു സെന്റോസ. ഏകദേശം 500 ഹെക്ടര്‍ വിസ്തീര്‍ണം. സിംഗപ്പുരിന്റെ തെക്കന്‍ തീരത്തുനിന്ന് അരക്കിലോമീറ്റര്‍ അകലെയാണു സെന്റോസ. 1970 ല്‍ പേരു മാറും വരെ സിംഗപ്പൂര്‍ സ്വാതന്ത്ര്യസമരകാലത്ത് മരണക്കെണി എന്നര്‍ത്ഥം വരുന്ന പുലാവു ബ്‌ളാകാംഗ് മാട്ടി എന്നായിരുന്നു ഇതിന്റെ പേര്. ദ്വീപുമായി ബന്ധപ്പെട്ട് അനേകം കഥകള്‍ കേട്ടിരുന്നു. മരണങ്ങളും പ്രേതങ്ങളും അപശകുനങ്ങളും ആവാസം ചെയ്യുന്ന സ്ഥലം എന്നതായിരുന്നു ഖ്യാതി. ചുറ്റും സൈനികരുടെ പ്രേതങ്ങള്‍ വിഹരിക്കുന്നെന്നായിരുന്നു വിശ്വാസം.

ജപ്പാന്‍ അധിനിവേശത്തിലേക്ക് സിംഗപ്പൂര്‍ വീണുപോയ രണ്ടാം ലോകയുദ്ധകാലത്താണു സെന്റോസയില്‍ ചോരയൊഴുകിയത്. 1942 ഫെബ്രുവരിയില്‍ സിംഗപ്പൂര്‍ ജപ്പാന്‍ പിടിച്ചെടുത്തതോടെ ഇവിടം നരകമായി. അക്കാലത്ത് കടല്‍ത്തീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടിയുന്നതു പതിവായിരുന്നു. ജപ്പാന്റെ അധിനിവേശ കാലത്ത് യുദ്ധത്തടവുകാരെ ഇവിടെ പാര്‍പ്പിച്ചിരുന്നു. ജപ്പാന്‍ െസെന്യത്തിനു മുന്നില്‍ കീഴടങ്ങിയ ബ്രിട്ടീഷ്, ഓസ്‌ട്രേലിയന്‍ തടവുകാരെയാണ് ഇവിടെ പാര്‍പ്പിച്ചത്. ചാരവൃത്തി ആരോപിക്കപ്പെട്ട് െചെനക്കാരടക്കം നിരവധിപേര്‍ ഈ ദ്വീപിലെത്തി. അവരെ കാത്തിരുന്നതു കൊടുംക്രൂരതയും.1945 ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നത് വരെ നരബലി തുടര്‍ന്നു.

ദ്വീപുമായി ബന്ധപ്പെട്ട് കൊലപാതകങ്ങളുടെ അനേകം കഥകള്‍ കേള്‍ക്കാനാകും. പിടിച്ചുകെട്ടിക്കൊണ്ടുവരുന്ന ചൈനീസ് പടയാളികളെ ജപ്പാന്‍ സൈന്യം കൂട്ടക്കൊല നടത്തിയിരുന്ന സ്ഥലമായിരുന്നു പുലാവു ബ്‌ളാകാംഗ് മാട്ടി. സിംഗപ്പൂരില്‍ ചൈനാക്കാരുടെ സ്വാധീനം കുറയ്ക്കുന്നതിനായി ജപ്പാന്‍ തയ്യാറാക്കിയ പ്രത്യേക പരിപാടികളുടെ ഭാഗമായി ക്രൂരത നടത്തിയിരുന്നത് ഈ ദ്വീപിലായിരുന്നു. ദ്വീപിന്റെ മറ്റിടങ്ങള്‍ യുദ്ധത്തടവുകാരെ പാര്‍പ്പിച്ചിരുന്ന ഇടവും ജപ്പാന്‍ വ്യോമസേനയുടെ താവളവും ആയിരുന്നു.

ബാക്കിയുള്ളിടം ജപ്പാന്റെ സൈനീക വേശ്യാലയവും ആയിരുന്നു. കൊറിയയില്‍ നിന്നും പിടിച്ചു കൊണ്ടു വന്ന ലൈംഗികാടിമകളെ ജപ്പാന്‍ പാര്‍പ്പിച്ചിരുന്നതും ഇവിടെയായിരുന്നു. പിന്നീട് ജപ്പാന്‍ ഈ ലൈംഗികാടിമകളാക്കി ഉപയോഗിച്ചവരോട് മാപ്പു പറയുകയും അവര്‍ക്ക് 8.3 ദശലക്ഷം ഡോളര്‍ സഹായം നല്‍കുകയും ചെയ്തു. കൊളോണിയല്‍ കാലത്ത് സാംക്രമിക രോഗങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. 60 പേരുണ്ടായിരുന്ന ദ്വീപിലെ മുഴുവന്‍ ജീവജാലങ്ങളെയും മലേറിയ കൊന്നൊടുക്കി. 1848 ല്‍ പടര്‍ന്നു പിടിച്ച രോഗത്തില്‍ നിന്നും ആകെ രക്ഷപ്പെട്ടത് രണ്ടു പേര്‍ മാത്രമാണ്. 1969 ല്‍ സിംഗപ്പൂര്‍ സ്വാതന്ത്ര്യത്തിന് ശേഷം നാലു വര്‍ഷം കഴിഞ്ഞാണ് ഇത് 'സെന്റോസ' യിലേക്കുള്ള പരിണാമ പ്രവര്‍ത്തനം ആരംഭിച്ചത്.

ആദ്യം പേരുമാറ്റി. തടവറകളുടെ സ്ഥാനത്ത് ആഡംബര ഹോട്ടലുകള്‍, സ്വകാര്യകടലോരങ്ങള്‍, ഗോള്‍ഫ് ക്ലബുകള്‍, അത്യാഡംബര വസതികള്‍, ചൂതാട്ട കേന്ദ്രങ്ങള്‍ എന്നിവ നിറഞ്ഞു. പക്ഷേ, പഴമയുടെ അടയാളങ്ങള്‍ നിലനിര്‍ത്തിയായിരുന്നു മാറ്റം. ബ്രിട്ടിഷ് കോളനിവാഴ്ചക്കാലത്തെ കെട്ടിടങ്ങള്‍ പലതും നിലനിര്‍ത്തി.

1970 ലും 80 ലു ഇത് തുടര്‍ന്നു. പുതിയ കെട്ടിട സമുച്ചയങ്ങളും പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിള്‍ കാര്‍, മോണോറെയില്‍ സംവിധാനങ്ങളും അവതരിപ്പിച്ചു. എന്നിരുന്നാലും 1983 ല്‍ വീണ്ടും ഇവിടെ ദുരന്തം സംഭവിച്ചു. എണ്ണക്കപ്പല്‍ കേബിള്‍ വേയില്‍ ഇടിച്ചതിനെ തുടര്‍ന്ന് കേബിള്‍ കാര്‍ സംവിധാനത്തില്‍ വെച്ച് ഏഴു പേര്‍ മരിക്കാനിടയായി് അതിന് ശേഷം 1990 വരെ ഇവിടേയ്ക്ക് സഞ്ചാരികള്‍ കുറഞ്ഞെങ്കിലും 2002 ല്‍ 2.2 ബില്യണ്‍ ഡോളര്‍ മുടക്കി സെന്റോസ സിംഗപ്പൂര്‍ സര്‍ക്കാര്‍ നവീകരിച്ചു വീണ്ടും ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റി. 2010 ല്‍ ദ്വീപില്‍ കാസിനോയും തീംപാര്‍ക്കും രൂപപ്പെടുത്തി. കാപ്പെല്ലാ ഹോട്ടല്‍ പക്ഷേ സ്വകാര്യ വസ്തുവില്‍ തനിച്ചു കിടക്കുകയാണ്.

ട്രംപ്- കിം കൂടിക്കാഴ്ച നടക്കുന്ന അത്യാഡംബര കാപെല്ല ഹോട്ടലിനും പഴമയുടെ കഥപറയാനുണ്ട്. ബ്രിട്ടിഷ് ആര്‍ക്കിടെക്ട് നോര്‍മന്‍ ഫോസ്റ്ററാണു രൂപകല്‍പന. ഇന്തൊനീഷ്യന്‍ ഡിെസെനര്‍ ജയ ഇബ്രാഹിമാണു കെട്ടിടത്തിന്റെ ഒരുഭാഗം നിര്‍മിച്ചത്. കാപെല്ല ഹോട്ടല്‍ വളപ്പില്‍ മയിലുകളും നിത്യക്കാഴ്ചയാണ്.ദ്വീപിലെ പ്രധാന ആകര്‍ഷണമാണ് 30 ഏക്കറില്‍ പരന്നു കിടക്കുന്ന കാപെല്ല. മുറികളും വില്ലകളുമായി താമസത്തിന് 112 ഇടങ്ങളുണ്ട്. ഒരു രാത്രി താമസത്തിനുള്ള വാടക 33,000 മുതല്‍ അഞ്ചുലക്ഷം രൂപ വരെയാണ്.

രണ്ടു പ്രസിഡന്‍ഷ്യല്‍ സ്വീറ്റുകളും ഹോട്ടലിലുണ്ട്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണിപ്പോള്‍ സെന്റോസ. ഇന്നു ധനികരുടെ പ്രിയ കേന്ദ്രവും സെന്റോസ തന്നെ. പോപ് നായികമാരായ മഡോണയും ലേഡി ഗാഗയുമാണ് ഇതുവരെ കാപെല്ലയില്‍ താമസിച്ചിരുന്നവരില്‍ ഏറ്റവും പ്രശസ്തര്‍. ഇനി കിം- ട്രംപ് ഉച്ചകോടിയുടെ പേരില്‍ ദ്വീപ് അറിയപ്പെടും. ഇപ്പോള്‍ പ്രതിവര്‍ഷം രണ്ടുകോടി വിനോദ സഞ്ചാരികളാണു ദ്വീപിലെത്തുന്നത്. ഉച്ചകോടിക്കായി 100 കോടി രൂപയോളമാണു സിംഗപ്പുര്‍ ചെലവിട്ടിട്ടുള്ളത്. അതു വിനോദസഞ്ചാര മേഖലയില്‍നിന്നു തന്നെ തിരിച്ചെത്തുമെന്നാണ് അവരുടെ പ്രതീക്ഷ.