Latest News

അമേരിക്കന്‍ മോഡല്‍ യുകെയിലും? തോക്കിനു പകരം കത്തി സംസ്‌കാരം, ക്രോയിഡോണിലും ബര്‍മിങ്ഹാമിലും സംഭവിച്ചത്

2018-06-14 02:26:27am |

അമേരിക്കയിലെ തോക്ക് ആക്രമണങ്ങളുടെ കഥകള്‍ വായിച്ചു മൂക്കത്തു വിരല്‍ വയ്ക്കുന്ന യുകെയിലെ മലയാളി സമൂഹം അറിയാന്‍, നിങ്ങളും ഒട്ടും സുരക്ഷിതരല്ല! ലണ്ടനിലും മലയാളികള്‍ ഏറെയുള്ള ബിര്‍മിങ്ഹാമിലുമെല്ലാം കത്തികൊണ്ടും വടിവാള്‍ കൊണ്ടുമുള്ള അതിക്രമങ്ങള്‍  പെരുകുന്നതായാണ് റിപ്പോര്‍ട്ട്.

ക്രോയ്ഡണിലെ സെയിന്‍സ്ബറീസിന് മുന്നില്‍ ഇരുപതുകളില്‍ പ്രായമുള്ള യുവാവിനാണ് പട്ടാപ്പകല്‍ കുത്തേറ്റത്. പരുക്കേറ്റ ഇയാളെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഓഫീസര്‍മാരും, ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസും സ്ഥലത്തെത്തി കുത്തേറ്റ വ്യക്തിക്ക് പ്രാഥമിക ചികിത്സ നല്‍കി. ഇതിന് ശേഷം കൂടുതല്‍ ചികിത്സകള്‍ക്കായി സൗത്ത് ലണ്ടന്‍ ആശുപത്രിയിലേക്ക് എത്തിച്ചു.

അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശത്ത് വന്‍ പോലീസ് സംഘം എത്തിയതോടെ പല ഷോപ്പുകളും അടച്ചു. മക്‌ഡൊണാള്‍ഡ്‌സിനും, ബാര്‍ക്ലെയിസ് ബാങ്കിനും സമീപമുള്ള നടപ്പാത സീല്‍ ചെയ്തിരിക്കുകയാണ്. കുത്തേറ്റ മനുഷ്യനെ ആരോ ഓടിച്ചിടുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഇയാള്‍ പ്രദേശത്തെ ചിലരോട് രാവിലെ പണം ചോദിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തോടെ പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയപ്പെടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ബര്‍മിങ്ഹാമില്‍ നിന്നും സമാനമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കൈയില്‍ കരുതിയിരുന്ന വലിയ വടിവാള്‍ ഉപയോഗിച്ച് വഴിയാത്രക്കാരനെ അക്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ ലഭിച്ചതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും ബെഞ്ചുകള്‍ക്ക് സമീപം നില്‍ക്കുന്ന ആള്‍ക്ക് നേരെയാണ് പിന്നില്‍ നിന്നിരുന്ന വ്യക്തി വടിവാള്‍
എടുത്ത് വെട്ടുന്നത്. ഇര ഇവിടെ നിന്നും മാറാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ വടിവാള്‍ ഉയര്‍ത്തിപ്പിടിച്ച് പിന്നാലെ പോകുന്നതാണ് സിസിടിവി കാഴ്ച.

വെള്ളിയാഴ്ച വൈകുന്നേരം 4.20ന് ഡെയില്‍ എന്‍ഡിന് സമീപമുള്ള സ്‌ക്വയര്‍ ഷോപ്പിംഗ് പരിസരത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ആദ്യത്തെ വെട്ടിന് ശേഷം ഇരയും അക്രമിയും ഫ്രെയിമില്‍ നിന്നും നീങ്ങുന്നതാണ് ദൃശ്യങ്ങള്‍. പിന്നീട് എന്ത് സംഭവിച്ചെന്ന് പോലീസിന് പോലും അറിയില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായാണ് ഇവര്‍ നല്‍കുന്ന വിവരം. സിറ്റി സെന്ററിലെ ഡെയില്‍ എന്‍ഡ് സെക്ഷനില്‍ ഈ വര്‍ഷം നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. യുവാക്കളുടെ ഗ്യാംഗുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും, തലവേദനയും ഇതിന് പുറമെയാണ്.