Latest News

മല്യയെ ബ്രിട്ടണില്‍ അറസ്റ്റ് ചെയ്തത് ഇന്ത്യയില്‍ എത്തിക്കുന്നതിന്റെ ആദ്യ പടി! കോടീശ്വരനെ കുടുക്കിയത് ഇങ്ങനെ

2017-04-19 03:08:12am |

ലണ്ടന്‍: വന്‍ വായ്പാത്തട്ടിപ്പു നടത്തി മുങ്ങിയ മദ്യരാജാവും മുന്‍ രാജ്യസഭാംഗവുമായ വിജയ മല്യയെ പിടികൂടിയത് സ്‌കോട്ട്‌ലന്‍ഡ് യാഡ്. മല്യയെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുള്ള ആദ്യപടിയാണ് അറസ്‌റ്റെന്നു വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തി. മല്യക്കെതിരേയുള്ള കേസില്‍ നേടിയ ആദ്യവിജയമാണിതെന്നും ഇന്ത്യയിലുള്ള കേസുകള്‍ നേരിടാന്‍ വിട്ടുതരുന്ന കാര്യത്തില്‍ ഇനി കോടതി തീരുമാനമെടുക്കുമെന്നും ഉന്നത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യു.ബി. ഗ്രൂപ്പ് ചെയര്‍മാനായ ഇദ്ദേഹത്തെ വിട്ടുകിട്ടണമെന്നും ഒട്ടേറെ കേസുകളില്‍ വാറന്റുണ്ടെന്നും ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു. ഇന്റര്‍പോള്‍ മുഖേന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് വാറന്റും നല്‍കിയിരുന്നു. ബ്രിട്ടീഷ് നിയമപ്രകാരം ജാമ്യം കിട്ടാവുന്ന വകുപ്പനുസരിച്ചാണു ലോകവ്യാപകമായി 40 കമ്പനികളില്‍ പങ്കാളിത്തമുള്ള വ്യവസായിയുടെ പേരില്‍ കേസെടുത്തത്. മല്യയുടെ കിങ്ഫിഷര്‍ എയര്‍െലെനായി വിവിധ ബാങ്കുകളില്‍നിന്ന് 9,000 കോടി രൂപയാണു വായ്പയെടുത്തത്. ഈ തുക വീണ്ടെടുക്കാനുള്ള ബാങ്കുകളുടെ നിയമനടപടി പാതിവഴിയിലാണ്. തനിക്കെതിരേ നിയമക്കുരുക്കു മുറുകുമെന്നു മനസിലാക്കിയ മല്യ കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിനു ലണ്ടനില്‍ അഭയം തേടി.

കഴിഞ്ഞ ജനുവരിയില്‍ മല്യയുടെ വന്‍ വായ്പാക്കുടിശിക ഈടാക്കുന്നതിന് സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു കോടതി അനുമതി നല്‍കിയിരുന്നു. ഇദ്ദേഹം നാടുവിടുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോഴേയ്ക്കും മുങ്ങി. കുറ്റവാളികളെ െകെമാറുന്നതിനുള്ള ഉടമ്പടിപ്രകാരം വിജയ് മല്യയെ വിട്ടുതരണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യ കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രിട്ടന് ഔദ്യോഗികമായി കത്തു നല്‍കിയിരുന്നു. കഴിഞ്ഞമാസം കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കത്ത് ബിട്ടീഷ് സര്‍ക്കാര്‍ ജില്ലാകോടതിയുടെ പരിഗണനയ്ക്കായി െകെമാറി.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതുള്‍പ്പെടെ നിരവധി നടപടിക്കു ശേഷമേ ജഡ്ജി ഇന്ത്യയുടെ ആവശ്യത്തില്‍ തീരുമാനമെടുക്കൂ. കുറ്റവാളിയെ െകെമാറുന്നതിനുള്ള വിചാരണ നടത്തി അന്തിമതീരുമാനം സ്‌റ്റേറ്റ് സെക്രട്ടറി തീരുമാനിക്കും. തീരുമാനത്തിനെതിരേ സുപ്രീം കോടതിയില്‍ വരെ അപ്പീല്‍ നല്‍കാനുള്ള അവസരം മല്യക്കു ലഭിക്കും. 50 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി ജി.എം.ആര്‍. െഹെദരബാദ് എയര്‍പോര്‍ട്ട് ലിമിറ്റഡിനെ വഞ്ചിച്ച കേസില്‍ െഹെദരാബാദ് കോടതിയും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

പ്രാദേശിക സമയം രാവിലെ എട്ടു മണിയോടെയാണ് മല്യയെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി മണിക്കൂറുകള്‍ക്കകം മല്യയ്ക്ക് ജാമ്യം അനുവദിച്ചു. വിദേശനാണ്യ വിനിമയച്ചട്ട ലംഘനക്കേസില്‍ മല്യക്കെതിരേ ഡല്‍ഹി കോടതിയും ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വാറന്റ് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതിനെ തുടര്‍ന്നാണിത്. 1996, 97, 98 വര്‍ഷങ്ങളില്‍ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ കിങ് ഫിഷറിന്റെ ലോഗോ പ്രദര്‍ശിപ്പിക്കാന്‍ ബ്രിട്ടീഷ് കമ്പനിക്ക് രണ്ടു ലക്ഷം ഡോളര്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യക്ക് നോട്ടീസ് അയച്ചത്. ആര്‍.ബി.ഐയില്‍നിന്നു മുന്‍കൂര്‍ അനുമതി വാങ്ങാതെ പണം നല്‍കിയെന്നായിരുന്നു കേസ്.